Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയക്കുമരുന്ന് മാഫിയ ആക്രമിച്ചെന്ന് ആരോപിച്ച് കൊച്ചിയിലെ പ്ലസ് വണ്‍ വിദ്യാർത്ഥി നൽകിയത് വ്യാജപരാതി; സ്‌കൂളിൽ താരമാകാൻ കഥ മെനഞ്ഞത് ജേർണലിസം ക്ലബ്ബിലെ ചർച്ചയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്

മയക്കുമരുന്ന് മാഫിയ ആക്രമിച്ചെന്ന് ആരോപിച്ച് കൊച്ചിയിലെ പ്ലസ് വണ്‍ വിദ്യാർത്ഥി നൽകിയത് വ്യാജപരാതി; സ്‌കൂളിൽ താരമാകാൻ കഥ മെനഞ്ഞത് ജേർണലിസം ക്ലബ്ബിലെ ചർച്ചയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്

കൊച്ചി: സ്‌കൂളിനു സമീപത്തെ കടയിലെ ലഹരി മരുന്ന് വിൽപ്പനയെക്കുറിച്ചുള്ള വിവരം നൽകിയ വിദ്യാർത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവം വ്യാജമെന്ന് പൊലീസ് കണ്ടെത്തി. മാദ്ധ്യമശ്രദ്ധ നേടാനും സ്‌കൂളിൽ താരമാകാനും വിദ്യാർത്ഥി നടത്തിയ ശ്രമമാണ് മാഫിയ ആക്രമണമെന്ന കഥമെനയാൻ പ്രേരണയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഉദയംപേരൂരിൽ വൻ വിവാദം സൃഷ്ടിച്ച മയക്കുമരുന്നു മാഫിയ ആക്രമണ കേസ് എഴുതിത്തള്ളാൻ പൊലിസ് തീരുമാനിച്ചു.

ഉദയംപേരൂർ എസ്എൻഡിപി സ്‌കൂളിലെ +1 വിദ്യാർത്ഥിയായ വൈക്കം സ്വദേശി ജിഷ്ണുവാണ് തനിക്കുനേരെ ആക്രമണം ഉണ്ടായെന്നു കാട്ടി പരാതി നൽകിയത്. സ്‌കൂളിനരികിലെ കടയിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് അദ്ധ്യാപകരെ അറിയിച്ചതിന്റെ പേരിലാണ് മർദനമെന്നും പരാതിപ്പെട്ടിരുന്നു. ഇതെത്തുടർന്ന് കടയുടമയെയും ഇയാളുടെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വരെ ഇക്കാര്യത്തിൽ നേരിട്ട് ഇടപെട്ടിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ ജി ജയിംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണം പുരോഗമിക്കവെയാണ് ആക്രമണം നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയത്.

പരിക്കേറ്റെന്ന പേരിൽ ചികിത്സയ്ക്കായി തിരുവനന്തപുരം പോത്തൻകോട്ടുള്ള ശാന്തിഗിരി ആശ്രമത്തിലാണ് ജിഷ്ണു കഴിയുന്നത്. തൃക്കാക്കര സിഐയുടെ നേതൃത്വത്തിൽ പൊലിസ് സംഘം ആശ്രമത്തിൽ എത്തി മൊഴിയെടുത്തപ്പോഴാണ് കുട്ടി തെറ്റ് സമ്മതിച്ചത്.

അദ്ധ്യാപകരോട് പരാതിപ്പെട്ടതിനെ തുടർന്ന് മയക്കുമരുന്ന് മാഫിയയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നായിരുന്നു ജിഷ്ണുവിന്റെ പരാതി. സ്‌കൂൾ വിട്ടു മടങ്ങുമ്പോൾ സ്‌കൂളിന് അമ്പത് വാര അകലെവച്ച് ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിച്ചുവെന്നാണ് ജിഷ്ണു പറഞ്ഞത്. തടിക്കഷണം ഉപയോഗിച്ച് അടിക്കുകയും നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയും ചെയ്‌തെന്നും വലതുകാലിനും നെഞ്ചിന്റെ ഭാഗത്തും പരിക്കേറ്റെന്നും കുട്ടി അദ്ധ്യാപകരോടും പൊലീസിനോടും പറഞ്ഞു.

സ്‌കൂളിനു സമീപത്തെ പെട്ടിക്കടയിൽ നിരോധിത പാൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടെന്നു താൻ അദ്ധ്യാപകരോട് പരാതിപ്പെട്ടിരുന്നു. ഇത് കേട്ടു നിന്ന ചില സഹപാഠികളാണ് വിവരം മയക്കുമരുന്നു മാഫിയയുടെ ചെവിയിലെത്തിച്ചതെന്നും കുട്ടി പറഞ്ഞു. ജിഷ്ണുവിന്റെ മൊഴി എടുത്തപ്പോൾ തന്നെ ഇതൊരു കെട്ടുകഥയാണെന്ന സംശയം പൊലിസിനുണ്ടായിരുന്നു. വിശദ അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ജിഷ്ണുവിനെ ആക്രമിച്ച സ്ഥലം ഒറ്റപ്പെട്ടതായിരുന്നില്ല. എന്നിട്ടും ബൈക്കിലെത്തി ആക്രമിക്കുന്നത് ആരും കാണാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു. കാൽ ഒടിഞ്ഞെന്നും നെഞ്ചിൽ പരിക്കേറ്റെന്നുമൊക്കെ പ്രചാരണം ഉണ്ടായിരുന്നുവെങ്കിലും ശരീരത്തിൽ ചെറിയ പരിക്ക് പോലും ഇല്ലായിരുന്നു.

പരാതിയിൽ പറയുന്ന പെട്ടിക്കട നടത്തിയിരുന്നത് അരയ്ക്ക് താഴെ തളർന്നയാളാണ്. നാട്ടുകാർ പിരിവെടുത്താണ് ഇയാൾക്ക് പെട്ടിക്കട ഉണ്ടാക്കിക്കൊടുത്തത്. ഇവിടെ ലഹരിമരുന്നു വിൽപന ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പരാതി വ്യാജമെന്ന് പൊലീസ് ഉറപ്പിച്ചത്.

അന്വേഷണം വിദ്യാർത്ഥിയിലേക്ക് തിരിച്ചപ്പോഴാണ് കഥയുടെ ഉത്ഭവത്തെപ്പറ്റി പൊലീസിന് സൂചന ലഭിച്ചത്. മാദ്ധ്യമങ്ങളിൽ വാർത്തവരുന്ന വഴികളെക്കുറിച്ച് സ്‌കൂളിലെ ജേർണലിസം ക്ലബ് അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് എളുപ്പത്തിൽ മാദ്ധ്യമ ശ്രദ്ധ നേടാനുള്ള ഉപായം കുട്ടിയുടെ ബുദ്ധിയിൽ ഉദിച്ചത്. തുടർന്ന് വിശ്വാസയോഗ്യമായ കഥമെനയുകയായിരുന്നു കുട്ടി. മയക്കുമരുന്ന് മാഫിയക്കെതിരെ ഒറ്റക്ക് പൊരുതിയ കുട്ടി നോബൽ സമ്മാനം നേടിയ മലാല യൂസഫ് സായിയോട് വരെ ഉപമിക്കപ്പെട്ടു. ജിഷ്ണുവിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിദ്യാർത്ഥികളുമെല്ലാം സമരമുഖത്ത് ഇറങ്ങുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP