Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമസ് ചാണ്ടിക്കു പിന്നാലെ സർക്കാറിന് തലവേദനയായി നിലമ്പൂർ എംഎൽഎ; ഭൂപരിധി നിയമം ലംഘിച്ച് അധികഭൂമി കൈവശപ്പെടുത്തിയ പി വി അൻവറിനെ അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് വിവി പ്രകാശ് ഹൈക്കോടതിയിലേക്ക്; അനധികൃത പാർക്കിനെതിരെ സമരം ശക്തമാക്കാനും കോൺഗ്രസ് നീക്കം

തോമസ് ചാണ്ടിക്കു പിന്നാലെ സർക്കാറിന് തലവേദനയായി നിലമ്പൂർ എംഎൽഎ; ഭൂപരിധി നിയമം ലംഘിച്ച് അധികഭൂമി കൈവശപ്പെടുത്തിയ പി വി അൻവറിനെ അയോഗ്യനാക്കാൻ ആവശ്യപ്പെട്ട് വിവി പ്രകാശ് ഹൈക്കോടതിയിലേക്ക്; അനധികൃത പാർക്കിനെതിരെ സമരം ശക്തമാക്കാനും കോൺഗ്രസ് നീക്കം

എം പി റാഫി

മലപ്പുറം: പി.വി അൻവർ എംഎ‍ൽഎയുടെ എംഎ‍ൽഎ സ്ഥാനം തെറിക്കുമോ?... തോമസ് ചാണ്ടിക്കു പിന്നാലെ സർക്കാറിന് മറ്റൊരു തലവേദനയായിരിക്കുകയാണ് നിലമ്പൂർ എംഎ‍ൽഎ പി.വി അൻവർ. അൻവറിനെ ആയോഗ്യനാക്കണമെന്നാവാശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനൊരുങ്ങി ഡി.സി.സി പ്രസിഡന്റ് വിവി പ്രകാശ്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പാർക്കിനെതിരെയും അനധികൃത കയ്യേറ്റം, ഭൂമി കൈവശം വെയ്ക്കൽ എന്നിവയും ചൂണ്ടിക്കാട്ടി കോടതിയിൽ പോകാനാണ് മലപ്പുറം ഡിസിസിയുടെ തീരുമാനം. സത്യവാങ്മൂലത്തിൽ കാണിച്ചതിനു വിരുദ്ധമായി അൻവർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നും ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്ത സാഹചര്യമാണ് നലവിലുള്ളത്. ഹരജിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുമെന്നും വിവി പ്രകാശ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു നൽകിയ സത്യവാങ്മൂലത്തിൽ പലതും മറച്ചുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെയും ജനങ്ങളെയും സർക്കാരിനെയും പി.വി അൻവർ കബളിപ്പിക്കുകയായിരുന്നുവെന്ന് വിവി പ്രകാശ് പറഞ്ഞു. കൈവശം വെയ്ക്കാവുന്നതിലധികം ഭൂമിയുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അധികമുള്ള ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. നിയമം ലംഘിച്ച് അധികഭൂമി കൈവശം വെച്ചു സർക്കാരിനെ കബളിപ്പിച്ചതിന് എംഎ‍ൽഎക്കെതിരെ കേസെടുക്കണം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വിവാദ പാർക്ക് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരിക്കും ഡിസിസി പ്രസിഡന്റ് കോടതിനെ സമീപിക്കുക.

വാർത്താ സമ്മേളനം നടത്തിയാണ് ഡിസിസി പ്രസിഡന്റ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർച്ചയായി നിയമലംഘനം നടത്തുന്ന .അൻവർ എംഎ‍ൽഎ സ്ഥാനം രാജി വെയ്ക്കണം അല്ലെങ്കിൽ പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷഭങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നിയമപരമായി നേരിടുന്നതിനൊപ്പം ജനകീയ പ്രക്ഷോഭത്തിനും എംഎ‍ൽഎക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തിൽ 200 ഓളം ഏക്കർ ഭൂമിയുണ്ടെന്നാണ് പി വി അൻവർ നല്കിയത്. ഭൂപരിധി നിയമപ്രകാരമുള്ളതിനേക്കാളുള്ള അധികഭൂമി അൻവർ കൈവശം വെയ്ക്കുന്നതായിരിക്കും പ്രധാനമായും ഹരജിയിൽ ചൂണ്ടിക്കാട്ടുക. അൻവറിന്റെ പാർക്ക് നിലവിൽ ലൈസൻസുകളില്ലാതെയാണ് പ്രവർത്തനം തുടരുന്നത്. കോടതിയെ സമീപിക്കുന്നതോടെ ഇതും അൻവറിന് തിരിച്ചടിയായേക്കും. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന്റെ കുത്തക തകർത്തെറിഞ്ഞാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച പിവി അൻവർ സീറ്റ് ഇത്തവണ പിടിച്ചെടുത്തത്. എന്നാൽ വിവാദങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി അൻവറിനെ പിൻതുടരുന്നത് സിപിഎമ്മിനും ഇടതു മുന്നണിക്കും തലവേദനയായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP