Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞത്തിന്റെ പേരിൽ സിപിഎമ്മിനെ കല്ലെറിഞ്ഞ കോൺഗ്രസുകാർ ഇനിയെങ്കിലും ക്ഷമ പറയുമോ? മോദിയുടെ അടുപ്പക്കാരനായ അദാനിയുമായി ഒരു ഇടപാടും വേണ്ടെന്ന് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം; ധാരണാപത്രം ഒപ്പിടാൻ പേടിച്ച് ഉമ്മൻ ചാണ്ടി

വിഴിഞ്ഞത്തിന്റെ പേരിൽ സിപിഎമ്മിനെ കല്ലെറിഞ്ഞ കോൺഗ്രസുകാർ ഇനിയെങ്കിലും ക്ഷമ പറയുമോ? മോദിയുടെ അടുപ്പക്കാരനായ അദാനിയുമായി ഒരു ഇടപാടും വേണ്ടെന്ന് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം; ധാരണാപത്രം ഒപ്പിടാൻ പേടിച്ച് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ കോടാനുകോടി രൂപ വില വരുന്ന ഭൂമി അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരൻ ഗൗതം അദാനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ ആദ്യം പ്രതികരിച്ചത് സിപിഎമ്മിയാരുന്നു. പദ്ധതി തീർത്തും സ്വകാര്യ പദ്ധതിയായി മാറുമെന്നും സംസ്ഥാന സർക്കാറിന് നഷ്ടം മാത്രമേ ഇതുവഴി ഉണ്ടാകൂവെന്ന് സിപിഐ(എം) പറഞ്ഞപ്പോൾ അവരെ വികസന വിരോധികൾ എന്ന് വിളിക്കുകയായിരുന്നു കോൺഗ്രസുകാർ. എന്നാൽ, പദ്ധതി നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടിയും ബാബുവും അടക്കമുള്ളവർ ഏതുവിധേനയും ശ്രമിക്കുമ്പോൾ തന്നെ വി എം സുധീരൻ അടക്കമുള്ളവർ ചില ആശങ്കകൾ രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തെത്തിയതോടെ പദ്ധതിയുടെ നടത്തിപ്പ് അവതാളത്തിലായി.

വിഴഞ്ഞത്ത് അദാനി ഗ്രൂപ്പിനെ എത്തിക്കാനുള്ള നീക്കം നടത്തിയത് ഉമ്മൻ ചാണ്ടിയും തുറമുഖ മന്ത്രി കെ ബാബുവും ചേർന്നാണ്. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂർ എംപിയും പ്രത്യേക താൽപ്പര്യമെടുത്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ വിഴിഞ്ഞത്തിനെ ഉയർത്തിക്കാട്ടിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രധാന പ്രചരണം. എന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ വി എം സുധീരനും വിഴിഞ്ഞം അദാനിക്ക് കൊടുക്കുന്നതിന് എതിരായിരുന്നു. ഹൈക്കമാണ്ടിനെ ഇരുവരും നേരത്തെ തന്നെ നിലപാട് അറിയിക്കുകയും ചെയ്തു. അദാനിയോട് കോൺഗ്രസ് ഹൈക്കമാണ്ടിനുള്ള എതിർപ്പ് മനസ്സിലാക്കിയാണ് ആ ഗ്രൂപ്പ കരുക്കൾ നീക്കിയത്. അരുവിക്കര തെരഞ്ഞെടുപ്പിനിടെ തന്നെ ഇതിന്റെ സൂചനകൾ മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സമ്മത പത്രത്തിലൊപ്പിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് അനുമതി നൽകിയിരുന്നു. എന്നാൽ ഹൈക്കമാണ്ട് തടസ്സമായതോടെ അത് നീട്ടിവച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാണ്ടിനെ കാര്യങ്ങൾ ധരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലാകുന്നത്. അരുവിക്കരയിൽ വിഴിഞ്ഞം ഉയർത്തിക്കാട്ടി വോട്ട് നേടിയതു കൊണ്ട് തന്നെ പദ്ധതി നടന്നില്ലെങ്കിൽ അത് സർക്കാരിന് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയക്ക് അറിയാം. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ നഷ്ടം കോൺഗ്രസിനുണ്ടാക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിർപ്പ് മാറ്റി അദാനിയെ പദ്ധതി ഏൽപ്പിക്കാനുള്ള കരുനീക്കങ്ങൾ മുഖ്യമന്ത്രി നടത്തുന്നുണ്ട്. നവംബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു നീക്കം. അതിനാണ് പുതിയ വിവാദത്തോടെ വിരാമമാകുന്നത്.

അദാനി ഗ്രൂപ്പിന് പദ്ധതി കൈമാറുന്നതിനുള്ള സമ്മതപത്രം (മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിങ്) വൈകിയത് ഹൈക്കമാൻഡിൽ നിന്നുള്ള എതിർപ്പ് മൂലമാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തിയ തുറമുഖവകുപ്പ് മന്ത്രി കെ ബാബു പറഞ്ഞിരുന്നത് വെള്ളിയാഴ്ച സമ്മതപത്രം പുറത്തിറക്കുമെന്നായിരുന്നു. അന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഡൽഹിയിലേക്ക് പോയത്. സോണിയാ ഗാന്ധിയേയും രാഹുൽഗാന്ധിയേയും കണ്ട് സമ്മതം വാങ്ങിയ ശേഷം സമ്മതപത്രം പുറത്തിറക്കാനായിരുന്നു ഇത്. എന്നാൽ വെള്ളിയാഴ്ച രാത്രി വരെ കാത്തിരുന്നിട്ടും സോണിയയെ കാണാനായില്ല. രാഹുൽഗാന്ധിയെ കണ്ടെങ്കിലും സമ്മതിച്ചതുമില്ല. ഇതേത്തുടർന്നാണ് സമ്മതപത്രം പുറത്തിറക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

ശനിയാഴ്ചയും ധാരണാപത്രത്തിൽ ഒപ്പിടുന്നത് നടന്നില്ല. തിങ്കളാഴ്ച പുറത്തിറക്കുമെന്ന് പറഞ്ഞു കേട്ടെങ്കിലും അതും ഉണ്ടായില്ല. ഇതോടെയാണ് കോൺഗര്‌സ് ഹൈക്കമാൻഡിൽ നിന്നുള്ള എതിർപ്പാണ് കാരണമെന്ന് വ്യക്തമായത്. നരേന്ദ്ര മോദിയുടെ വലംകയ്യും ഫണ്ട് സ്രോതസും പ്രചാരകനുമായ ഗൗതം അദാനിയുടേതാണ് അദാനി ഗ്രൂപ്പ്. മോദി-ഗൗതം കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സംസ്ഥാന സർക്കാർ തന്നെ വഴിവിട്ട രീതിയിൽ അദാനിയെ സഹായിക്കുന്നതെന്തിനെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ ചോദിക്കുന്നത്.

ഒരു ടെണ്ടർ മാത്രം വരികയും ആ ടെണ്ടറിലെ വ്യവസ്ഥകൾ അപ്പടി അംഗീകരിക്കുകയും ചെയ്തത് ശരിയല്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. മാത്രമല്ല, ബിഒടി വ്യവസഥയിലുള്ള പദ്ധതിയിൽ സർക്കാർ വിഹിതത്തേക്കാൾ മൂന്നിലൊന്നിലും കുറവ് മാത്രം നിക്ഷേപം നടത്തുന്ന കമ്പനിക്ക് എന്തിന് ഇത്രയധികം ഇളവുകൾ നൽകുന്ന കാര്യം സംസ്ഥാനത്തെ ഐ ഗ്രൂപ്പ് നേതാക്കൾ തന്നെ കേന്ദ്ര നേതൃത്വത്തത്തോട് കത്തെഴുതി അറിയിച്ചിരുന്നു. വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് വന്നപ്പോൾ തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംശയം പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാൻഡിന്റെ സമ്മതം വേണമെന്നും രമേശ് ആവശ്യപ്പെട്ടു.

തുടർന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഡൽഹിയിൽ പോയി ഹൈക്കമാൻഡുമായി ആശയ വിനിമയം നടത്തിയത്. എന്നാൽ അവർ സമ്മതം അറിയിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞാണ് ഹൈക്കമാൻഡ് സമ്മതമായെന്ന വാർത്ത പ്രചരിപ്പിക്കുകയും കരാർ തത്വത്തിൽ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തതത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ആയതിനാൽ അപ്പോൾ അരും ഒന്നും മിണ്ടിയില്ല. വിഴിഞ്ഞം പ്രചാരണായുധമാക്കുകയും ചെയ്തു. ഇനിയെന്ത് എന്നതാണ് ചോദ്യം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് സമ്മതിച്ചില്ലെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും.

പരോക്ഷമായി ഒരു ഏറ്റുമുട്ടലിനുള്ള ശക്തിയും ഉപതെരഞ്ഞെടുപ്പോടെ ഉമ്മൻ ചാണ്ടി ആർജിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് അരുവിക്കരയല്ല, കേരളമെന്ന് വി എം സുധീരൻ പറഞ്ഞത്. വർഗീയ ശക്തികളുടെ വളർച്ച കാണാതിരുന്നുകൂട എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയും ഈ അർഥത്തിൽ വേണം വായിക്കാൻ. എന്തൊക്കെയായാലും വർഷങ്ങളായി മലയാളി മനസിൽ കൊണ്ടു നടക്കുന്ന വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിന് നങ്കൂരമിടുമോ എന്ന ചോദ്യം ഉയരുകയാണ്. നേരത്തെ എൽഡിഎഫ് ഭരണകാലത്ത് ഒരു കമ്പനിഏതാണ്ട് കരാറിന്റെ വക്കിലെത്തിയിരുന്നു. അന്ന് ഇന്നത്തെ ഭരണപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതോടെ അന്ന് പദ്ധതി നടപ്പിലവാകാതെ പോയി.

നാഥനില്ലാത്ത വാർത്തയെന്നു മുഖ്യമന്ത്രി

തിനിടെ, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ നാഥനില്ലാത്തതാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല. ഹൈക്കമാൻഡിന് എതിർപ്പുണ്ടെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതായി ബിജെപി നേതാവ് ഒ.രാജഗോപാലും നേരത്തെ അറിയിച്ചിരുന്നു. പദ്ധതി കക്ഷി രാഷ്ട്രീയത്തിനതീതമായി കാണണമെന്നും തടസ്സമുണ്ടായാൽ ജനകീയ സമരം നയിക്കുമെന്നും രാജഗോപാൽ പറഞ്ഞിരുന്നു. പദ്ധതിക്കായുള്ള അനുമതിപത്രം വൈകുന്നത് സാങ്കേതികം മാത്രമെന്നാണ് സർക്കാർ വിശദീകരണം. നടപടികൾ പുരോഗമിക്കുകയാണെന്ന് തുറമുഖമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP