Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണമുണ്ണാൻ സാധനം വാങ്ങാൻ നന്മ സ്‌റ്റോർ ഇല്ലെങ്കിലും ആഘോഷം അടിപൊളിയാക്കാൻ ഓൺലൈനിൽ മദ്യം വാങ്ങാം; ക്യൂ നിൽക്കാതെ ഒറ്റക്ലിക്കിൽ മദ്യം വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഓൺലൈൻ മദ്യവിൽപനയ്ക്ക് ഒരുങ്ങി കൺസ്യൂമർഫെഡ്; 59 ഇനം മദ്യം ലഭ്യമാക്കുമെന്ന് ചെയർമാൻ

ഓണമുണ്ണാൻ സാധനം വാങ്ങാൻ നന്മ സ്‌റ്റോർ ഇല്ലെങ്കിലും ആഘോഷം അടിപൊളിയാക്കാൻ ഓൺലൈനിൽ മദ്യം വാങ്ങാം; ക്യൂ നിൽക്കാതെ ഒറ്റക്ലിക്കിൽ മദ്യം വാങ്ങാൻ അവസരം ഒരുങ്ങുന്നു; ഓൺലൈൻ മദ്യവിൽപനയ്ക്ക് ഒരുങ്ങി കൺസ്യൂമർഫെഡ്; 59 ഇനം മദ്യം ലഭ്യമാക്കുമെന്ന് ചെയർമാൻ

കൊച്ചി: ഓണക്കാലം മലയാളികളെ സംബന്ധിച്ചിടത്തോളം എല്ലാ വിധത്തിലുള്ള ആഘോഷത്തിന്റെയും കാലമാണ്. എല്ലാ വിധത്തിലുള്ള സാധനങ്ങളുടെയും വിൽപ്പന തകൃതിയായി നടക്കുന്നത് ഓണക്കാലത്താണ്. മദ്യവിൽപനയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. സർക്കാർ ബീവറേജസ് കോർപ്പറേഷന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സമയമാണ് ഓണക്കാലത്തെ മദ്യവിൽപ്പന. എന്തായാലും ഇത്തവണ ക്യൂനിൽക്കാതെ മദ്യം ഓൺലൈനിൽ വാങ്ങാനുള്ള അവസരം ഒരുക്കാൻ കൺസ്യൂമർ ഫെഡ് ഒരുങ്ങുകയാണ്. 59 ഇനം മദ്യം ഓൺലൈൻ വഴി വിതരണം ചെയ്യുമെന്ന് കൺസ്യൂമർ ഫെഡ് അധികൃതർ അറിയിച്ചു. ഇത്തവണത്തെ ഓണം മുതൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് തുടക്കം കുറിക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു.

353 ബീവറേജസ് ഷോറൂമുകളിൽ മദ്യം ലഭ്യമാക്കും. മൂന്ന് ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഇ കൊമേഴ്‌സ് ഇടപാടിലൂടെ ബുക്ക് ചെയ്യുന്നവർക്ക് വീട്ടിലെത്തിച്ചു മദ്യം നൽകാനാണ് കൺസ്യൂമർ ഫെഡ് പദ്ധതിയിടുന്നത്. ക്രെഡിറ്റ് കാർഡ് മുഖേനയാണു മദ്യം വിൽക്കുന്നത്. സർക്കാരിന്റെ നിയമത്തിനു കീഴിൽനിന്നു തന്നെ ഓൺലൈൻ മദ്യവിൽപന നടത്താനാണ് കൺസ്യൂമർ ഫെഡ് തീരുമാനം.

ഒരാൾക്ക് പരമാവധി മൂന്നു ലിറ്റർ മദ്യം വരെയാണ് ഓൺലൈനിലൂടെ നൽകുക. മദ്യ വിൽപന നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു നടത്തുകയാണ് ലക്ഷ്യം. ഔട്ട്‌ലെറ്റുകളിൽ ക്യൂ നിന്നു മദ്യം വാങ്ങുന്നത് പല പ്രശ്‌നങ്ങൾക്കും വഴി വയ്ക്കുന്നതിനാലാണ് ഓൺലൈൻ മദ്യ വിൽപന നടത്താൻ ആലോചിക്കുന്നതെന്നു നേരത്തേ കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് വ്യക്തമാക്കിയിരുന്നു. 59 ഇനം മദ്യമായിരിക്കും ഓൺലൈനിൽ വിൽക്കുക. കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി മദ്യവിൽപന കൂട്ടാനും തീരുമാനമുണ്ട്. മദ്യ വിൽപന ഔട്ട്‌ലെറ്റുക!ളിൽ ക്യൂ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കണമെന്നു കഴിഞ്ഞദിവസം എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

അതേസമയം ഓണക്കാലത്ത് മദ്യം സുലഭമായി ലഭിക്കുമെങ്കിലും അവശ്യ സാധനങ്ങളുടെ വിലക്കയറ്റം വലിയ തോതിലാകുമെന്നത് ഉറപ്പാണ്. നന്മ സ്‌റ്റോറുകളും നീതി സ്‌റ്റോറുകളും നഷ്ടത്തിലായതു കൊണ്ടാണ് അടച്ചു പൂട്ടാൻ തീരുമാനിച്ചത്. സ്‌റ്റോറുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചെയർമാൻ വ്യക്തമാക്കി.

വിലക്കയറ്റം പ്രതിരോധിക്കാൻ വേണ്ടിയാണ് കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ നന്മ സ്‌റ്റോറുകൾ ആരംഭിച്ചത്. ഇങ്ങനെ തുടങ്ങിയ നന്മ സ്‌റ്റോറിൽ 569 സ്റ്റോർ ഇതിനോടകം പൂട്ടിയിട്ടുണ്ട്. കൺസ്യൂമർഫെഡ് നേരിട്ട് 869 എണ്ണവും സഹകരണസംഘങ്ങൾ മുഖേന 1311 എണ്ണവുമടക്കം 2180 നന്മ സ്റ്റോറാണ് ആരംഭിച്ചത്. ഇവയിൽ സാധനദൗർലഭ്യംമൂലം മിക്കതും പേരിനുമാത്രമാണ് പ്രവർത്തിക്കുന്നത്. 239 ത്രിവേണികളിൽ 11 എണ്ണത്തിനും താഴുവീണു. നന്മ സ്റ്റോറുകളുടെ 50 പായ്ക്കിങ് ഗോഡൗണും പൂട്ടി. ജീവനക്കാർക്ക് വേതനം കൊടുക്കാൻപോലും വ്യാപാരം നടക്കാത്ത സാഹചര്യത്തിൽ, ജില്ലകളിൽ അടിയന്തരമായി പൂട്ടേണ്ട കൺസ്യൂമർഫെഡ് സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്.

മാസങ്ങളായി കൺസ്യൂമർഫെഡിന്റെ സ്ഥാപനങ്ങളിൽ വിൽപ്പനവസ്തുക്കൾ കാലിയായി. ആഘോഷവേളകളിലെ ചന്തകളും അവസാനിപ്പിച്ചു. അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയൊന്നുമില്ല. കോസ്‌മെറ്റിക് ഇനങ്ങൾ, സ്‌കൂൾ ബാഗ്, നോട്ടുബുക്ക് എന്നിവയാണ് പല ചില്ലറ വിൽപ്പനശാലകളിലും ശേഷിക്കുന്നത്. സഹകരണവകുപ്പിന്റെ കീഴിലുള്ള കൺസ്യൂമർഫെഡ് വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. നീതി സ്റ്റോറുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 142 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറിൽ 62 എണ്ണം പ്രവർത്തനം അവസാനിപ്പിച്ചു. ഇവയ്ക്കായി വാങ്ങിയ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. ഉത്സവകാലങ്ങളിലെ സബ്‌സിഡി ഇനത്തിൽ സർക്കാർ കൺസ്യൂമർഫെഡിന് 408.80 കോടി രൂപ കുടിശ്ശിക നൽകാനുണ്ട്.

യുഡിഎഫ് സർക്കാർ കൺസ്യൂമർഫെഡ് സ്ഥാപനങ്ങളിൽ 4500 ജീവനക്കാരെ കോഴ വാങ്ങി താൽക്കാലിക നിയമനം നടത്തിയതാണ് സാമ്പത്തിക സ്ഥിതി രൂക്ഷമാക്കിയതെന്നാണ് എൽഡിഎഫ് സർക്കാറിന്റെ വാദം. നന്മ സ്റ്റോറുകളിൽ ശരാശരി രണ്ടു ജീവനക്കാരെവീതം നിയമിച്ചു. വർഷങ്ങളായി കരാറുകാർക്ക് സാധനങ്ങൾ നൽകിയ ഇനത്തിൽ 350 കോടി രൂപ കൺസ്യൂമർഫെഡിന് ബാധ്യതയുണ്ട്. പണം കിട്ടാനുള്ളവർ കോടതിയെ സമീപിച്ചതോടെ ഇനി സാധനങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതോടെയാണ് പല സ്റ്റോറുകളും പൂട്ടാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP