Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൺസ്യൂമർ പ്രസിഡന്റായി തന്നെ നിയമിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ജോയ് തോമസ്; തച്ചങ്കരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് തട്ടിപ്പ്; തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന് കേരളത്തിന് അറിയാം: കസേര തെറിക്കാതിരിക്കാൻ ആഭ്യന്തര മന്ത്രിയെ കൂട്ടുപിടിച്ച് ജോയ് തോമസിന്റെ ഒരു മുഴം മുന്നെയുള്ള ഏറ്

കൺസ്യൂമർ പ്രസിഡന്റായി തന്നെ നിയമിച്ചത് രമേശ് ചെന്നിത്തലയാണെന്ന് ജോയ് തോമസ്; തച്ചങ്കരി മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് തട്ടിപ്പ്; തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന് കേരളത്തിന് അറിയാം: കസേര തെറിക്കാതിരിക്കാൻ ആഭ്യന്തര മന്ത്രിയെ കൂട്ടുപിടിച്ച് ജോയ് തോമസിന്റെ ഒരു മുഴം മുന്നെയുള്ള ഏറ്

തിരുവനന്തപുരം: ഗുരുതര അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കൺസ്യൂമർഫെഡ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റണമെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം നടക്കില്ലെന്ന് പറയാതെ പറഞ്ഞാണ് ജോയ് തോമസ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ പ്രസിഡന്റാക്കിയത് രമേശ് ചെന്നിത്തലയാണ്. സഹകരണപ്രസ്ഥാനങ്ങളിൽ തനിക്കുള്ള പരിചയം കണക്കിലെടുത്താണ് ചെന്നിത്തല ആസ്ഥാനത്തേക്ക് എന്നെ ക്ഷണിച്ചത്. സതീശൻ പാച്ചേനി കാര്യങ്ങൾ പഠിക്കാതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് 'കൺസ്യൂമർ ഫെഡ് അഴിമതിയുടെ പേരിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. എന്നെയും ഭരണസമിതിയിലെ മറ്റു അംഗങ്ങളെയും കരിവാരിതേക്കാനുള്ള തച്ചങ്കരിയുടെ ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് അഴിമതി ആരോപണങ്ങൾ നിറച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അയച്ചത്. തച്ചങ്കരിയുടെ ട്രാക്ക് റെക്കോഡ് എന്താണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ എന്നെ മാറ്റാനുള്ള ശ്രമം കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നും ജോയ് തോമസ് പറയുന്നു.

എന്നാൽ ജോയ് തോമസിന്റെ പ്രസ്താവനയ്‌ക്കെതിരെ കൺസ്യൂമർഫെഡ് ഭരണസമിതി അംഗം കൂടിയായ സതീശൻ പാച്ചേനി രംഗത്തെത്തി. ' കോടികളുടെ അഴിമതി നടത്തി പിടിക്കപ്പെടുമെന്നായപ്പോൾ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ രക്ഷപ്പെടാനാണ് ജോയ് തോമസ് ശ്രമിക്കുകയാണ്. കൺസ്യൂമർഫെഡിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മറ്റിയിലെ അംഗം കൂടിയാണ് സതീശൻ പാച്ചേനി. ഇന്റേണൽ കമ്മറ്റിയും വിജിലൻസും നടത്തിയ അന്വേഷണങ്ങളിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നുള്ളത് പരമാർഥമാണെന്നും അദ്ദേഹം പറയുന്നു'. അതേസമയം കൺസ്യൂമർഫെഡ് ചെയർമാൻ ജോയ് തോമസിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.മുരളീധരൻ എംഎ‍ൽഎ. കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിനെതിരെ ഉയർന്ന ആരോപണങ്ങളെ പറ്റി ആദ്യം അന്വേഷണം നടക്കട്ടെ. കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ മാത്രം നടപടിയെടുത്താൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ കൺസ്യൂമർഫെഡിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച തർക്കം കോൺഗ്രസ് ഗ്രൂപ്പ് കളിയായി മാറുമ്പോൾ ഫെഡിൽ നിന്നും ഒഴുകിയ കോടികൾ ചർച്ചയാവില്ലെന്ന പ്രതീക്ഷയിലാണ് പലരും.

കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്. ' കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനം കാര്യക്ഷമല്ല. അഴിമതിയും ധൂർത്തുമടക്കം പ്രസിഡന്റിനെതിരെ നിരവധി ആക്ഷേപങ്ങളുണ്ട്. ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇതേ അഭിപ്രായമാണ്്. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോൾ വിപണിയിടപെടൽ ഫലപ്രദമല്ലെന്നുവരികയും അഴിമതിക്കാരെ സംരക്ഷിച്ചെന്ന ആക്ഷേപം ഉയരുകയും ചെയ്യുമെന്ന്' സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് കൺസ്യൂമർഫെഡ് എം.ഡി സ്ഥാനത്തുനിന്ന് ടോമിൻ ജെ. തച്ചങ്കരിയെ മാറ്റിയത്. അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട തച്ചങ്കരിയെ മാറ്റുന്നതിനോട് സുധീരനും മുഖ്യമന്ത്രിക്കും താത്പര്യമില്ലായിരുന്നു. അതേസമയം, കൺസ്യൂമർഫെഡ് അഴിമതി പലതവണ കെപിസിസി യോഗങ്ങളിൽ ചർച്ചയായിട്ടുണ്ടെങ്കിലും അന്നൊന്നും വ്യക്തമായ നിലപാടെടുക്കാത്ത സുധീരന്റെ ഇപ്പോഴത്തെ ഇടപെടൽ പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് മുന്നിൽ കണ്ടാണെന്ന ആരോപണമാണ് ഐ വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്. കെപിസിസി അദ്ധ്യക്ഷ്യന്റെ ആവശ്യത്തിൽ പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൺസ്യൂമർഫെഡ് എം.ഡി നൽകിയ കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന റിപ്പോർട്ടിന്റെ ആമുഖം ഇങ്ങനെ ' അഴിമതിയുടെ കൂത്തരങ്ങുവകുയും സാമ്പത്തിക കെടുകാര്യസ്ഥതയിൽ തകർച്ചയിലാവുകയും ചെയ്ത സ്ഥാപനത്തിന് പ്രതീക്ഷിക്കാൻ ഏറെയൊന്നുമില്ല '. ഈ റിപ്പോർട്ട് വായിച്ചാൽ പിന്നെ ഒരു നിമിഷം പോലും ഫെഡ് പ്രസിഡന്റ് അഡ്വ.ജോയ് തോമസിനെയോ, റിജി ജി നായരെയോ, സനിൽ കുമാറിനെയോ കസേരയിലെന്നല്ല, കൺസ്യൂമർഫെഡിന്റെ പരിസരത്തു പോലും അടുപ്പിക്കില്ല. ഇതു വായിച്ചതു കൊണ്ടാകും കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ജോയി തോമസിനെ മാറ്റണമെന്നു രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കൺസ്യൂമർഫെഡിലെ അഴിമതിയെ കുറിച്ച് മറുനാടൻ മലയാളി നൽകിയ രേഖകളെ നൂറുശതമാനം ശരിവയ്ക്കുന്ന തരത്തിലാണ് പ്രവർത്തന റിപ്പോർട്ട്. 2011 മുതൽ കൺസ്യൂർഫെഡിൽ നടന്നു വന്ന കോടികളുടെ ധൂർത്തിനും സാമ്പത്തിക അച്ചടക്കമില്ലായ്മയ്ക്കും താൽക്കാലിക ശമനം വന്നത് കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ്.

'ചായച്ചെലവ്' എന്ന പേരിൽ കൺസ്യൂമർഫെഡിൽ നിന്നും ഉദ്യോഗസ്ഥർ തട്ടിയെടുത്തത് കോടികളാണ്. ഒരു വർഷം ഈയിനത്തിൽ മൂന്നു കോടി രൂപയാണ് വിഖ്യാത ചായച്ചെലവിന് ഉപയോഗിച്ചത്. ഇതു നിർത്തലാക്കി. പ്രസിഡന്റിനും എം.ഡിക്കും വേണ്ടി ഉപയോഗിക്കാൻ എന്ന പേരിൽ വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ളാറ്റുകളും തിരിച്ചേൽപിച്ചു. വൻതുകകൾ വാടക നൽകി നിലനിർത്തിയിരുന്ന ഫ്‌ളാറ്റുകളിൽ താമസിക്കുന്നതിനു പകരം, സ്വകാര്യ ഹോട്ടലുകളിൽ താമസിക്കാനായിരുന്നു പ്രസിഡന്റിനും എം.ഡിക്കും ഉദ്യോഗസ്ഥർക്കും താൽപര്യം. പ്രവർത്തന റിപ്പോർട്ടിലെ പ്രധാനപരാമർശങ്ങൾ ഇവയാണ്. 5000 രൂപയിലധികമുള്ള ചെലവുകൾക്ക് മുൻകൂർ അനുമതി വാങ്ങുക, ഫെഡിലേക്ക് ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങൾ സ്റ്റേഷനറി ഡിവിഷനിൽനിന്ന് വാങ്ങുക, മദ്യക്കമ്പനികൾ നൽകുന്ന ഇൻസെന്റീവുകൾ ചെക്കായി നൽകുക, പരസ്യങ്ങൾ നേരിട്ടു നൽകുക. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ, വിദേശമദ്യം, പാചകവാതക വിതരണം എന്നിവ മാത്രമാണ് കൺസ്യൂമർഫെഡിന് നിലവിൽ ലാഭമുണ്ടാക്കുന്നത്.

കൺസ്യൂമർഫെഡ് ഭരണസമിതിയും മാനേജിങ് ഡയറക്ടറും നടത്തിയ സാമ്പത്തിക തിരിമറികളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വിജിലൻസ് നടത്തിയിട്ടില്ലെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തുടർന്ന് ജി. ദിനേശ്‌ലാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെയും മാനേജിങ് ഡയറക്ടർ നേരിട്ടു നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ സാമ്പത്തിക തിരിമറി നടത്തിയ 24 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ രണ്ടു പേർ വിശദീകരണം നൽകി തിരികെ ജോലിയിൽ കയറി.

മറ്റു 22 പേരിൽ 2 പേർക്കെതിരെ ഗാർഹിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സസ്‌പെൻഷനിലുള്ള മുൻ ചീഫ് മാനേജർ ആർ.ജയകുമാർ, പത്തനംതിട്ട ബിസനസ് മാനേജർ എം. ഷാജി എന്നിവർക്കെതിരെയാണ് ഗാർഹിക അന്വേഷണം നടത്തുന്നത്. സസ്‌പെൻഷനിലായ ഇവരുൾപ്പെട്ട 22 പേരാണ് കൺസ്യൂമർഫെഡിനെ നശിപ്പിച്ച് ഈ അവസ്ഥയിലാക്കിയത്. കോടികളുടെ ധൂർത്തും അഴിമതിയുമാണ് കുറഞ്ഞ കാലയളവിനുള്ളിൽ ഇവർ നടത്തിക്കൂട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP