Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണ സമിതിയെ പിരിച്ചുവിട്ടു; ഇനി വിജിലൻസ് അന്വേഷണവും; കൺസ്യൂമർഫെഡിൽ ജയിക്കുന്നത് സുധീരന്റെ സമ്മർദ്ദം; ഹൈക്കമാണ്ടും നിലപാട് കടുപ്പിച്ചപ്പോൾ ജോയ് തോമസിനെ ഐ ഗ്രൂപ്പ് കൈവിട്ടു; തീരുമാനമെടുത്തത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന്; അനിൽകുമാറിനെതിരെ ആരോപണവുമായി ജോയ് തോമസ്

ഭരണ സമിതിയെ പിരിച്ചുവിട്ടു; ഇനി വിജിലൻസ് അന്വേഷണവും; കൺസ്യൂമർഫെഡിൽ ജയിക്കുന്നത് സുധീരന്റെ സമ്മർദ്ദം; ഹൈക്കമാണ്ടും നിലപാട് കടുപ്പിച്ചപ്പോൾ ജോയ് തോമസിനെ ഐ ഗ്രൂപ്പ് കൈവിട്ടു; തീരുമാനമെടുത്തത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന്; അനിൽകുമാറിനെതിരെ ആരോപണവുമായി ജോയ് തോമസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ ഭരണ സമിതിയെ സർക്കാർ പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച നയപരമായ തീരുമാനം സർക്കർ തലത്തിൽ കൈക്കൊണ്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സഹകരണ മന്ത്രി സിഎൻ ബാലകൃഷ്ണനും ചേർന്നാണ് തീരുമാനം എടുത്തത്. മറുനാടൻ മലയാളിയാണ് കൺസ്യൂമർ ഫെഡിലെ കോടിക്കണക്കിന് രൂപയുടെ അഴിമതി ആദ്യം പുറത്തുകൊണ്ടുവന്നത്. പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തു. കൺസ്യൂമർ ഫെഡ് എംഡി സ്ഥാനത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ മാറ്റിയതുമായി ബന്ധപ്പെട്ടാണ് വിഷയങ്ങൾ പുറത്ത് വന്നു തുടങ്ങിയത്.

സഹകരണ രജിസ്ട്രാറാണ് ഭരണസമിതി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ദിലീപിനാണ് കൺസ്യൂമർ ഫെഡിന്റെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ഭരണസമിതി സാങ്കേതികമായി പിരിച്ചുവിടാൻ കഴിയാത്തതിനാലാണ് സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇതുവരെ നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ സർക്കാരിനു ലഭിച്ചിരുന്നു. സിബിഐ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് നടപടി. ഡയറക്ടർ ബോർഡിന്റെ അനുമതിയോടെയാണ് പല അഴിമതികളും നടത്തിയതെന്ന് മുൻ എംഡിയായിരുന്ന ടോമിൻ ജെ.തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു.

തച്ചങ്കരിയുടെ അന്വേഷണ റിപ്പോർട്ട് തെറ്റാണെന്നു സഹകരണ മന്ത്രി കെ.എൻ. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. അതിനാൽ തന്നെ കശുവണ്ടി കോർപ്പറേഷനിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ ഉത്തരവ് വന്നതുപോലെ കൺസ്യൂമർ ഫെഡിലും ഇങ്ങനെ വരുന്നത് ഒഴിവാക്കാനാണ് ഈ നടപടിയെന്നു വിലയിരുത്തുന്നു. കൺസ്യൂമർഫെഡിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം സർക്കാർ നടത്തുമെന്നാണ് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ആഭ്യന്തരമന്ത്രി നടത്തും. ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടർന്ന് കൺസ്യൂമർ ഫെഡ് ഭരണസമിതി പിരിച്ചുവിട്ട സഹകരണവകുപ്പിന്റെ നടപടി ധീരമാണെന്നു മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട് അഴിമതിക്കു പാർട്ടി കൂട്ടുനിൽക്കില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു. കൺസ്യൂമർഫെഡിലെ അഴിമതികളെക്കുറിച്ച് തനിക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അതും അന്വേഷിക്കുമെന്നും ഇതിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൺസ്യൂമർഫെഡ് ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ സർക്കാരിന് കത്ത് നൽകിയിരുന്നു. കൺസ്യൂമർഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. മറിച്ച് ഐ ഗ്രൂപ്പുകാരനായ ചെയർമാൻ ജോയ് തോമസിനെതിരെ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുകയാണ് സുധീരൻ എന്നും ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തലയും കൂട്ടരും രംഗത്ത് വന്നു. കോൺഗ്രസ് ഹൈക്കമാണ്ടിലും പരാതി എത്തി. എന്നാൽ അഴിമതി വിഷയത്തിൽ ചെന്നിത്തലയുടെ വാദങ്ങളെ ഹൈക്കമാണ്ട് അംഗീകരിച്ചില്ല. ഇതോടെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായി. ആഭ്യന്തരമന്ത്രിയും സഹകരണമന്ത്രിയുമായി ആലോചിച്ച് നയപരമായ തീരുമാനവും എടുത്തു. കൺസ്യൂമർഫെഡിലെ അഴിമതിയിൽ വകുപ്പ് തല അന്വേഷണത്തിന് കഴിഞ്ഞദിവസം സഹകരണമന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ പിരിച്ചുവിടുന്നത്.

ഡയറക്ടർ ബോർഡ് അംഗമായ കോൺഗ്രസ് നേതാവ് സതീഷൻ പാച്ചേനിയാണ് അഴിമതിയിൽ കടുത്ത നിലപാട് എടുത്തത്. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് തെളിവ് സഹിതം ബോർഡിന് റിപ്പോർട്ടും നൽകി. എന്നാൽ പ്രസിഡന്റ് ജോയ് തോമസ് റിപ്പോർട്ട് തള്ളുകയായിരുന്നു. ഇതിനിടെ ഡയറക്ടർ ബോർഡ് യോഗത്തിനെത്തിയ പാച്ചേനിയെ ഒരു കൂട്ടം കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ചിരി തിരിഞ്ഞു ജീവനക്കാരുടെ വഴക്കിനിടെ പൊലീസ് ലാത്തിയും വീശി. ഇത്രയും വഷളായ വിഷയത്തിൽ നടപടി എടുത്തേ പറ്റൂവെന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് ഉറച്ച് നിന്നതോടെ ഗ്രൂപ്പ് നേതാക്കളും പ്രതിസന്ധിയിലായി. ഇതോടെയാണ് അന്വേഷണവും ഭരണ സമിതി പിരിച്ചുവിടലും വരുന്നത്. എന്നാൽ സിബിഐ തലത്തിലെ അന്വേഷണം കൺസ്യൂമർഫെഡിൽ നടക്കണമെന്ന ആവശ്യമാണ് സതീഷൻ പാച്ചേനി അടക്കമുള്ളവർ ഉന്നയിക്കുന്നത്.

കൺസ്യൂമർ ഫെഡിൽ കോടികളുടെ അഴിമതി നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു സതീശൻ പാച്ചേനിയുടെ അന്വേഷണ റിപ്പോർട്ട്. ചെയർമാൻ ജോയ് തോമസിന്റെയും മുൻ എംഡി റിജി ജി. നായരുടെയും നേതൃത്വത്തിൽ വൻ വെട്ടിപ്പു നടന്നെന്ന് സതീശൻ പാച്ചേനി ചൊവ്വാഴ്ച ഡയറക്ടർ ബോർഡിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് ടോമിൻ ജെ. തച്ചങ്കരിയുടെ തിരക്കഥ പ്രകാരം തയാറാക്കിയതാണെന്നും തള്ളിക്കളയുമെന്നും ചെയർമാൻ ജോയ് തോമസ് അന്നു തന്നെ അറിയിച്ചിരുന്നു. ജോയ് തോമസിന്റെ യാത്രകൾക്കും ആഡംബരങ്ങൾക്കുമായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഡൽഹി യാത്രയുടെ പേരിൽ ലക്ഷങ്ങളുടെ തുക മാറി എടുത്തിട്ടുണ്ട്.

എന്നാൽ വിമാന യാത്രാ ടിക്കറ്റോ ബോർഡിങ് പാസോ ഹാജരാക്കിയിട്ടില്ല. ഇതിനാൽ ചെയർമാൻ യഥാർത്ഥത്തിൽ എങ്ങോട്ട് യാത്ര ചെയ്തുവെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ എം.ഡി. റിജി ജി. നായരും സിഐടി.യു. നേതാവും ജനറൽ മാനേജരുമായ ആർ. ജയകുമാറും അടക്കം 15 ജീവനക്കാരാണ് അഴിമതിക്ക് നേതൃത്വം നൽകിയിട്ടുള്ളതെന്നാണ് ആക്ഷേപം. 201214 കാലത്ത് നടന്ന പച്ചക്കറി വിപണനത്തിന് 9.72 കോടി രൂപ ചെലവഴിച്ചതിൽ 1.20 കോടി രൂപയുടേത് വ്യാജ ബില്ലുകളാണ്. നിർമ്മാണ പ്രവൃത്തികളിലും സ്റ്റേഷനറി സാധനങ്ങൾ വാങ്ങിയതിലും രണ്ട് കോടിയോളം രൂപ ചെലവഴിച്ചതിന്റെ കണക്ക് വിശ്വസനീയമല്ല. 2013ലെ ഓണത്തിന് വാങ്ങിയ 600 ലോഡ് ജയ അരി ഗോഡൗണിൽ എത്തിയിട്ടില്ല. ഇത് മറിച്ച് വിറ്റതാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

മദ്യ വില്പനയുടെ ഇൻസന്റീവ് ഇനത്തിൽ 30 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ തുക ജനറൽ മാനേജർ ആർ. ജയകുമാറിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് വന്നിരിക്കുന്നത്. ഇത് പ്രത്യേകം അന്വേഷിക്കണം. അഴിമതിക്കാരായ 15 ഉദ്യോഗസ്ഥരെയും തിരിച്ച് എടുക്കരുതെന്നും സർക്കാറിനുണ്ടായ നഷ്ടം ഇവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. ഇതെല്ലാം തെളിവ് സഹിതം ആദ്യമായി പുറം ലോകത്ത് എത്തിയത് മറുനാടനിലൂടെയാണ്.

അഴിമതി അന്വേഷിക്കാൻ മൂന്നംഗ ഉപ സമിതിയെയാണ് ചുമതലപ്പെടുത്തിയതെന്നും അവരുമായി ചർച്ച ചെയ്യാതെ ഉപ സമിതി ചെയർമാനായ സതീശൻ പാച്ചേനി ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു എന്നുമാണ് ജോയ് തോമസ് പറയുന്നത്. വ്യക്തിഹത്യ നടത്താനുദ്ദേശിച്ചാണ് പാച്ചേനി റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇതിനു പിന്നിൽ ടോമിൻ ജെ. തച്ചങ്കരിയാണെന്നും ജോയ് തോമസ് ആരോപിച്ചു.
അതേസമയം വ്യക്തമായ രേഖകളടക്കമാണ് അഴിമതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചതെന്നും സംശയമുണ്ടെങ്കിൽ ആർക്കും പരിശോധിച്ച് ബോദ്ധ്യപ്പെടാനാവുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

അതിനിടെ കൺസ്യൂമർഫെഡ് ഭരണസമിതി പിരിച്ചുവിട്ട സഹകരണവകുപ്പിന്റെ നടപടി പ്രഹസനമാണെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൺസ്യൂമർ ഫെഡിലെ അഴിമതി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ചെയർമാനടക്കമുള്ളവരെ സംരക്ഷിക്കുന്ന നടപടിക്കു പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

കെ.പി അനിൽകുമാർ അഴിമതിക്ക് പ്രേരിപ്പിച്ചുവെന്ന് ജോയ് തോമസ്

കൺസ്യൂമർഫെഡ് അഴിമതിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ ചെയർമാൻ ജോയ് തോമസ് രംഗത്ത്. കൺസ്യൂമർഫെഡിൽ അഴിമതി നടത്തുന്നതിന് തനിക്ക് കെപിസിസി. ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ നേരിട്ട് നിർദ്ദേശം നൽകിയതായും, ഇത് എതിർത്തതാണ് തനിക്കെതിരെ രാഷ്ട്രീയ നീക്കമുണ്ടാകാൻ കാരണമെന്നും ജോയ് തോമസ് പറഞ്ഞു.

4 കോടിയുടെ ക്രമക്കേടിന് കെപിസിസി. ജനറൽ സെക്രട്ടറി പ്രേരിപ്പിച്ചതായാണ് ജോയ് തോമസിന്റെ ആരോപണം. കോഴിക്കോട്ടെ അരി വിതരണക്കാരന് ഒപ്പമാണ് കെപിസിസി. ജനറൽ സെക്രട്ടറി എത്തിയത്. 23 രൂപയുടെ 1000 ലോഡ് അരി 26 രൂപയ്ക്ക് വാങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടു. അതിന്റെ പ്രയോജനം തനിക്കും ഉണ്ടാകുമെന്ന് അനിൽ കുമാർ പറഞ്ഞിരുന്നു. എന്നാൽ താൻ ഇത് നിരാകരിച്ചു. വിവാദങ്ങൾ തുടങ്ങിയത് ഇതിന് ശേഷമെന്നും ജോയ് തോമസ് കൂട്ടിച്ചേർത്തു. ക്രമക്കേടിന് കെപിസിസി ജനറൽ സെക്രട്ടറി പ്രേരിപ്പിച്ചത് പ്രസിഡന്റ് സുധീരനെയും സഹകരണ മന്ത്രിയെയും അറിയിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. കെപിസിസി പ്രസിഡന്റ് തലത്തിലും ഗ്രൂപ്പ് തലത്തിലും ഇതോടെ തനിക്ക് സമ്മർദമുണ്ടായി.

എന്നാൽ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ പ്രതികരിച്ചു. കൺസ്യൂമർഫെഡ് നശിപ്പിച്ചയാളാണ് ജോയ് തോമസ്. താനാണ് കൺസ്യൂമർഫെഡിലെ അഴിമതിയെക്കുറിച്ച് കെപിസിസിയിൽ റിപ്പോർട്ട് ചെയ്തത്. സതീശൻ പാച്ചേരി നൽകിയ റിപ്പോർട്ടിൽ കൺസ്യൂമർഫെഡ് വലിയ വിലയ്ക്ക് അരി മേടിച്ച് കുറഞ്ഞ വിലയ്ക്ക് വിറ്റുവെന്ന് പറഞ്ഞിട്ടുണ്ട്. താൻ മോശക്കാരനാകുമെന്ന് വ്യക്തമായതോടെയാണ് ജോയ് തോമസ് ആരോപണങ്ങൾ ഉന്നയിച്ചത്. സമാന ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ആരോപണങ്ങൾ തെളിയിക്കാൻ ജോയ് തോമസിനെ വെല്ലുവിളിക്കുന്നുവെന്നും അനിൽ കുമാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP