Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺസ്യൂമർഫെഡിൽ അഞ്ചു കൊല്ലത്തിനിടെ കണ്ടെത്തിയത് 50 കോടിയുടെ അഴിമതിയെന്ന് ഉപസമിതി റിപ്പോർട്ട്; പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ അഴിമതിയും ധൂർത്തും; റിപ്പോർട്ട് തള്ളുന്നെന്ന് ജോയ് തോമസ്

കൺസ്യൂമർഫെഡിൽ അഞ്ചു കൊല്ലത്തിനിടെ കണ്ടെത്തിയത് 50 കോടിയുടെ അഴിമതിയെന്ന് ഉപസമിതി റിപ്പോർട്ട്; പ്രതിസന്ധിക്കു കാരണം പ്രസിഡന്റിന്റെ അഴിമതിയും ധൂർത്തും; റിപ്പോർട്ട് തള്ളുന്നെന്ന് ജോയ് തോമസ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ കൺസ്യൂമർ ഫെഡിൽ 50 കോടി രൂപയുടെ അഴിമതി നടന്നുവെന്ന ആഭ്യന്തര അന്വേഷണസമിതി റിപ്പോർട്ട് ഉപസമിതി ശരിവച്ചു. കൺസ്യൂമർ ഫെഡ് എംഡിയായിരുന്ന ടോമിൻ തച്ചങ്കരി നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയ ക്രമക്കേടുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് സതീശൻ പാച്ചേനി അധ്യക്ഷനായ ഉപസമിതി റിപ്പോർട്ട്.

കൺസ്യൂമർ ഫെഡിന്റെ പ്രതിസന്ധിക്ക് കാരണം ജോയ് തോമസ് പ്രസിഡന്റായതിന് ശേഷമുള്ള അഴിമതിയും ധൂർത്തുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്തിയ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനും യാത്രാ ചെലവിനുമായി പ്രസിഡന്റ് ജോയ് തോമസ് 30 ലക്ഷം രൂപയാണ് ചെലവിട്ടതെന്നും കുറ്റപ്പെടുത്തുന്നു.

നീതി നന്മ സ്റ്റോറുകളുടെ നിർമ്മാണത്തിൽ 9 കോടിയുടെ അഴിമതി നടന്നു. 1062 കോടി രൂപയുടെ ബാധ്യതയിലെക്ക് കൺസ്യൂമർഫെഡ് കൂപ്പുകുത്തി. ഇതിനെല്ലാം തെളിവുണ്ട്. ആര് അന്വേഷിച്ചാലും വസ്തുതകൾ ബോധ്യപ്പെടും. മുൻ എംഡി റിജി നായർ, ചീഫ് മാനേജർ ആർ ജയകുമാർ എന്നിവരുൾപ്പെടെ 14 പേർക്കെതിരെ നടപടിയും റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

അതേസമയം, മറ്റ് ഉപസമിതി അംഗങ്ങളുമായി കൂടിയാലോചിക്കാതെയാണ് സതീശൻ പാച്ചേനി റിപ്പോർട്ട് തയ്യാറാക്കിയതെന്നു പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു. ബോർഡ് യോഗം റിപ്പോർട്ട് തള്ളിയതായും പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു. ഏകപക്ഷീയമായ റിപ്പോർട്ട് ബോർഡ് യോഗം തള്ളിയെന്നും അദ്ദേഹം പറഞ്ഞു. സഹകരണവകുപ്പ് അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജോയ് തോമസ് ആവശ്യപ്പെട്ടു.

ടോമിൻ ജെ. തച്ചങ്കരിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് സതീശൻ പാച്ചേനി ഏകപക്ഷീയമായാണു റിപ്പോർട്ട് തയ്യാറാക്കിയതെന്നു പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു. ഉപസമിതിയിലെ മറ്റ് അംഗങ്ങൾ റിപ്പോർട്ട് കണ്ടിട്ടില്ല. കൺസ്യൂമർഫെഡിൽ ചില ജീവനക്കാരുടെ നേതൃത്വത്തിലുണ്ടാക്കുന്ന കോലാഹലങ്ങൾക്കു പിന്നിൽ തച്ചങ്കരിയാണ്. തന്റെ ഭരണകാലത്തെ ആരോപണങ്ങൾ സഹകരണ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്ന് ഭരണസമിതി ആവശ്യപ്പട്ടതായും ജോയ് തോമസ് പറഞ്ഞു.

പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. അതുകൊണ്ട് തന്നെ വേണ്ടത്ര തെളിവുകളും രേഖകളും ശേഖരിക്കാൻ ഉപസമിതിക്ക് കഴിഞ്ഞിട്ടില്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ അഴിമതിയെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് സമർപ്പിച്ചശേഷം സതീശൻ പാച്ചേനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP