Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശ ഭാഷ പഠിപ്പിക്കാൻ പണം കളയരുതെന്ന് പറഞ്ഞ് ജിജി തോംസൺ; മതതാൽപ്പര്യം സർക്കാർ ചെലവിൽ വേണ്ടെന്ന് കെഎം എബ്രഹാം' അറബിക് സർവ്വകലാശാലയ്ക്ക് എതിരു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ വർഗ്ഗീയ വാദികൾ എന്നാരോപിച്ച് അബ്ദുറബ്ബ്; സർക്കാരിന് നാണക്കേടുമായി മന്ത്രിസഭാ യോഗ രേഖ പുറത്ത്

വിദേശ ഭാഷ പഠിപ്പിക്കാൻ പണം കളയരുതെന്ന് പറഞ്ഞ് ജിജി തോംസൺ; മതതാൽപ്പര്യം സർക്കാർ ചെലവിൽ വേണ്ടെന്ന് കെഎം എബ്രഹാം' അറബിക് സർവ്വകലാശാലയ്ക്ക് എതിരു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥർ വർഗ്ഗീയ വാദികൾ എന്നാരോപിച്ച് അബ്ദുറബ്ബ്; സർക്കാരിന് നാണക്കേടുമായി മന്ത്രിസഭാ യോഗ രേഖ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ രാജ്യാന്തര അറബിക് സർവകലാശാല സ്ഥാപിക്കുന്നത് നടപടിക്രമം പാലിച്ചുവേണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം എന്നിവർക്കെതിരേ രൂക്ഷ വിമർശനങ്ങളുള്ള കുറിപ്പ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചു. ഈ കുറിപ്പും മറ്റ് രേഖകളുമാണ് പുറത്തുവരുന്നത്.

ഇക്കാര്യത്തിലെ കരട് മന്ത്രിസഭാ കുറിപ്പ് അംഗീകാരത്തിനായി 2016 ജനുവരി 11ന് എത്തിക്കണമെന്നു വിദ്യാഭ്യാസമന്ത്രി നിർദേശിക്കുന്നു. (ഫയൽ നം. 7786/ബി2/14/ ഉന്നത വിദ്യാഭ്യാസ വകുപ്പ്.) മലയാളം സർവകലാശാലയ്ക്കുവേണ്ടി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നുവെന്ന് ആരോപിക്കുന്ന മന്ത്രി അബ്ദുറബ് സംസ്‌കൃതം, സുറിയാനി, ലത്തീൻ, അരാമിക് എന്നിവയെ മൃതഭാഷകളായി വിശേഷിപ്പിക്കുന്നു.

കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിച്ചാൽ വിദേശത്തുനിന്ന് വൻതോതിലുള്ള ധനസഹായം ലഭിക്കുമെന്നു പറഞ്ഞ മന്ത്രി അറബിക് സർവകലാശാലയെ സൗദ്യ അറേബ്യയിലെ കിങ് അബ്ദുൾ അസീസ് സർവകലാശാലയുമായും മദീന സർവകലാശാലയുമായും താരതമ്യപ്പെടുത്തുകയും ചെയ്തു. ധനവകുപ്പ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും ലോപമില്ലാതെ പണം ചെലവഴിക്കുകയും നൂറിലധികം കുട്ടികളുള്ള സ്‌പെഷൽ സ്‌കൂളുകളെ എയ്ഡഡ് സ്‌കൂളുകളാക്കാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അറബിക് സർവകലാശാലയ്ക്കുവേണ്ടി പണം ചെലവഴിക്കാൻ കഴിയില്ലെന്നു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പറയുന്നത് ഏതു സമൂഹത്തെ സന്തോഷിപ്പിക്കാനാണെന്നു മന്ത്രി അബ്ദുറബ് ചോദിക്കുന്നു.

ഭരണഘടനയിൽ പരാമർശിക്കപ്പെടാത്ത അറബി ഭാഷയ്ക്കുവേണ്ടി സർവകലാശാല തുടങ്ങുന്നത് അബദ്ധമാകുമെന്നു മന്ത്രിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മറുപടി നൽകിയത്. ഒരു വിദേശഭാഷയ്ക്കുവേണ്ടിമാത്രം കേരളത്തിൽ സർവകലാശാല തുടങ്ങുന്നത് അഭികാമ്യമല്ല. സംസ്‌കൃതത്തിന്റെ വളർച്ചയ്ക്കുവേണ്ടി രൂപം നൽകിയ സംസ്‌കൃത സർവകലാശാല പോലും പൂർണമായും പരാജയപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് ഉൾപ്പെടെ വിവിധ വിദേശഭാഷകൾ പഠിപ്പിക്കാനായി ഒരു സർവകലാശാല തുടങ്ങുന്നതാകും അഭികാമ്യം അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാഷ, മതം, ജാതി, സംസ്‌കാരം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ധ്രുവീകരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം മന്ത്രിസഭായോഗത്തിൽ ഹാജരാക്കിയ കുറിപ്പിൽ രേഖപ്പെടുത്തിയത്. ഈ ലക്ഷ്യം മുൻനിർത്തി അറബിക് സർവകലാശാല തുടങ്ങരുതെന്നും അദ്ദേഹം പറയുന്നു. താനും ചീഫ് സെക്രട്ടറിയും സ്വീകരിച്ച നിലപാടിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താതെ ഉപരിപ്ലവമായി കാര്യങ്ങൾ പറഞ്ഞുപോകുകയാണ് മന്ത്രി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ താൽപര്യം നോക്കുകയാണെങ്കിൽ അറബിക് സർവകലാശാലയ്ക്കു പ്രസക്തിയില്ല. താൻ രേഖപ്പെടുത്തിയ അഭിപ്രായത്തിന്മേൽ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏബ്രഹാം ചൂണ്ടിക്കാണിക്കുന്നു.

ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതശീർഷരായ രണ്ടു ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തിയ അഭിപ്രായം ഖേദകരമെന്നാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് കുറിക്കുന്നത്. സംസ്ഥാനത്തെ വർഗീയ വത്കരിക്കുമെന്ന ഇവരുടെ അഭിപ്രായം മുൻവിധിയോടെ വിഷയത്തിന്റെ അന്തസത്ത ഉൾക്കൊള്ളാതെയുമാണ്. ഈ സർക്കാർ നടത്തിവരുന്ന തുടർ നടപടിയോടുള്ള കടുത്ത വിവേചനവും അവഗണനയുമാണ് അവർ വ്യക്തമാക്കുന്നത്. ഇത് അവരവർ കൈയാളുന്ന പദവിക്ക് ഒട്ടും യോജിച്ചതല്ല.

ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

കേരളത്തിൽ വർഗീയ ധ്രൂവീകരണമില്ല. നേരേമറിച്ച് രാഷ്ട്രീയ സംഘർഷങ്ങളും രാഷ്ട്രീയ ധ്രൂവീകരണങ്ങളുമാണു നടക്കാറുള്ളത്. എന്നാൽ, വർഗീയ ധ്രുവീകരണങ്ങൾ അപൂർവം ചില ഉന്നത ശീർഷരുടെ മനസുകളിൽ രൂപപ്പെടുന്നുണ്ടെങ്കിൽ അത് അപകടകരമാണ്.
ലോകത്തെ 23 രാജ്യങ്ങളിൽ മാതൃഭാഷയായി ഉപയോഗിക്കുന്ന അറബിക് ഭാഷ 220 മില്യൺ ജനങ്ങളുടെ സംസാരഭാഷയാണ്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ച ആറ് ലോക ഭാഷകളിൽ ഒന്നാണ് അറബി.

ലോകവ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ ഭാഷയെ ഏതാനും കോളജുകളിൽമാത്രം ഒതുങ്ങിനിൽക്കുന്ന സുറിയാനി, ലത്തീൻ, അരാമിക് എന്നീ മൃതഭാഷകളുമായി താരതമ്യപ്പെടുത്തിയത് അത്യന്തം വിചിത്രവും യുക്തിഹീനവുമാണ്. അറബി ഭാഷയോട് മുസ്ലിം സമൂഹത്തിന് വൈകാരികമായ ഐക്യമുണ്ട്. പ്രവാസികൾക്ക് അറബി ഭാഷ പ്രാവീണ്യമില്ലാത്തതുകാരണം നിസാര വേതനംമാത്രമാണ് ലഭിക്കുന്നത്.
പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാംതന്നെ സംസ്‌കൃത ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുസ്ലിംകളും ക്രിസ്ത്യാനികളും സംസ്‌കൃത ഭാഷ സംസാരിക്കുന്നുണ്ടോ? എങ്കിലും സംസ്‌കൃത സർവകലാശാല സ്ഥാപിച്ചപ്പോൾ ആരും അതിൽ അസഹിഷ്ണുത പുലർത്തിയില്ല. സംസ്‌കൃത സർവകലാശാലയുടെയും പിന്നീട് സ്ഥാപിതമായ മലയാളം സർവകലാശാലയുടെയും ദൈനദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നത് ലാഭ നഷ്ട കണക്കുകൾ നോക്കിയിട്ടാണോ? എന്നിട്ടും ആരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ ഒരു എതിർപ്പും ഉണ്ടായിട്ടില്ലല്ലോ.

50 കുട്ടികളുള്ള സ്‌പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകാനുള്ള നടപടി സ്വീകരിച്ചുവരുന്നു. (ധനവകുപ്പിനു ഇക്കാര്യത്തിലും എതിർപ്പില്ലാത്തത് ഏത് സമൂഹത്തെ സന്തോഷിപ്പിക്കാനാണാവോ...?) ലോകത്തിലെവിടെയും പ്രത്യേകിച്ച് അറബി നാടുകളിൽപോലും അറബിക്കിനുവേണ്ടി മാത്രം സർവകലാശാലകളില്ലെന്ന വിചിത്രവാദവും ഉന്നയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിൽ ആലിയ യൂണിവേഴ്‌സിറ്റിയുണ്ടെന്ന കാര്യം അറിവില്ലായ്മയോ സൗകര്യപൂർവം മറന്നതോ ആകാം. സുരക്ഷതത്വത്തിന്റെ പ്രശ്‌നമാണ് മറ്റൊന്ന്. തീവ്രാദികളെ സൃഷ്ടിക്കാൻ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും താലിബാൻ സ്ഥാപിച്ചിട്ടുള്ള മദ്രസകളെ പോലെയുള്ള സ്ഥാപനമല്ല അന്താരാഷ്ട്ര അറബി സർവകലാശാല കൊണ്ട് ഉദ്ദേശിക്കുന്നത് എന്നത് മുൻവിധിയോടെയല്ലാതെ കാര്യങ്ങളെ സമീപിക്കുന്നവർക്ക് മൻസിലാക്കാൻ കഴിയും.

ഒരുതരത്തിലും ഇക്കാര്യം സുരക്ഷയെ ബാധിക്കില്ല. അന്താരാഷ്ട്ര അറബിക് സർവകലാശാല സ്ഥാപിക്കുന്നതുസംബന്ധിച്ച് ഇന്റലിജൻസ് സോഴ്‌സിൽനിന്ന് ആഭ്യന്തരവകുപ്പിനോടാണ് ആരായേണ്ടിയിരുന്നത്. ധനകാര്യ വകുപ്പിനോടല്ല. സംസ്ഥാനങ്ങൾക്ക് സർവകലാശാല ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ സമ്മതം ആവശ്യമില്ല. അതുകൊണ്ട് ധനമന്ത്രിയും മുഖ്യമന്ത്രിയും സമ്മതിച്ചതുപോലെ മന്ത്രിസഭ മുമ്പാകെ ഈ വിഷയം സമർപ്പിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP