Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി തടഞ്ഞത് ബിജി മോൾ ആസ്വദിച്ചു; ജമീല കടിക്കേണ്ടി ഇരുന്നത് കരിമ്പ് ശരീരമുള്ള ബഷീറിനെ; വിവാദ പ്രസ്താവന വിനയായപ്പോൾ മാപ്പു പറഞ്ഞു തടി രക്ഷിക്കാൻ കെ സി അബുവിന്റെ ശ്രമം; അബുവിനെ തള്ളി സുധീരനും ഷിബു ബേബിജോണും; കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ(എം)

മന്ത്രി തടഞ്ഞത് ബിജി മോൾ ആസ്വദിച്ചു; ജമീല കടിക്കേണ്ടി ഇരുന്നത് കരിമ്പ് ശരീരമുള്ള ബഷീറിനെ; വിവാദ പ്രസ്താവന വിനയായപ്പോൾ മാപ്പു പറഞ്ഞു തടി രക്ഷിക്കാൻ കെ സി അബുവിന്റെ ശ്രമം; അബുവിനെ തള്ളി സുധീരനും ഷിബു ബേബിജോണും; കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ(എം)

കോഴിക്കോട്: ബജറ്റ് അവതരണ ദിനം നിയമസഭയിൽ നടന്ന സംഭവങ്ങളിൽ സ്ത്രീ പീഡന ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തെ വനിതാ എംഎൽഎമാരെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബു രംഗത്ത്. എംഎൽഎമാരായ ജമീലാ പ്രകാശത്തെയും ബിജി മോളേയും കളിയാക്കിയാണ് അബുവന്റെ പ്രതികരണം വന്നത്.

എന്നാൽ, അബുവിന്റെ പരാമർശത്തിൽ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മാപ്പു പറഞ്ഞു തടിയൂരാനാണ് കെ സി അബുവിന്റെ ശ്രമം. പരാമർശം നിരുപാധികം പിൻവലിച്ച് മാപ്പു പറയുന്നതായി കെ സി അബു പത്രക്കുറിപ്പിറക്കി.

അബുവിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. വനിതകളെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ കെ സി അബു മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു. മാപ്പു പറഞ്ഞില്ലെങ്കിൽ അബു അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വനിതകളെ അപമാനിച്ച അബുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു. വനിതാ എംഎൽഎമാരെ അബു കളിയാക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ അബുവിനെതിരെയും പ്രതിഷേധം ശക്തമാകാൻ സിപിഐ(എം) തീരുമാനിച്ചു. അബുവിന്റെ ഓഫീസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് സംഘർഷത്തിനും ഇടയാക്കി.

നിയമസഭയിൽ മന്ത്രി ഷിബു ബേബി ജോൺ തടയുമ്പോൾ അത് ബിജി മോൾ ആസ്വദിക്കുകയായിരുന്നുവെന്നാണ് അബു പറഞ്ഞത്. അതിൽ അവർ പരാതിപ്പെടാൻ ഇടയില്ല. ബിജിമോൾക്കതിൽ എതിർപ്പില്ലെന്ന് മുഖഭാവത്തിൽ നിന്നറിയാം. ബിജിമോളെ ഒതുക്കാൻ എവിടെ പിടിക്കണമെന്ന് ഷിബുവിനറിയാമെന്നും അബു പരിഹസിച്ചു. വനിത എംഎൽഎമാർക്ക് അവരവരുടെ സീറ്റിൽ ഇരുന്നാൽ മതിയായിരുന്നില്ലെ. എന്തിനാണ് മാണിയെ തടയാൻ വനിതാ എംഎൽഎമാരെ നിയോഗിച്ചതെന്നും അബു ചോദിക്കുന്നുണ്ട്.

എന്തിനാണ് ശിവദാസൻ നായരെ ജമീലാ പ്രകാശം കടിച്ചത്. ഇത്തരം സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകേണ്ട പരിഭ്രമമോ പേടിയോ ബിജിമോൾക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് പരാതികളെന്നും കെ.സി അബു പറഞ്ഞു. കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിലാണ് ബിജിമോളെ അധിഷേപിക്കുന്ന തരത്തിലുള്ള ഈ പരാമർശമുണ്ടായത്.

ജമീല പ്രകാശം ശിവദാസൻനായരെ കടിക്കുന്നതിനു പകരം കരിമ്പു ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാൽ പോരാരുന്നോ എന്നും കെ.സി അബു ചോദിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ പ്രധാനിയാണ് അബു.

അതിനിടെ അബുവിന് മറുപടിയുമായി മന്ത്രി ഷിബു ബേബിജോണും രംഗത്ത് എത്തി. ദൗർഭാഗ്യകരമായ പ്രസ്താവനയാണ് അത്. ദുഷ്ടന് ദുഷ്ടവിചാരം കള്ളന് കള്ള വിചാരമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചതിന് കെ സി അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ ലതിക എംഎൽഎ ആവശ്യപ്പെട്ടു. കെ സി അബുവിനെതിരെ സോണിയ ഗാന്ധിക്ക് പരാതി നൽകുമെന്നും ലതിക പറഞ്ഞു. കെ സി അബുവിനെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും പ്രസ്താവനയ്ക്ക് എതിരെ കേസ് കൊടുക്കുമെന്നും വി എസ് സുനിൽകുമാർ എംഎൽഎ പറഞ്ഞു.

കെ സി അബുവിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. അബുവിന്റെ പ്രസ്താവന കോൺഗ്രസിന് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളിൽ കോൺഗ്രസ് നേതാക്കൾ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വനിത എംഎൽഎമാരെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ എം എ വാഹിദ് എംഎൽഎയ്‌ക്കെതിരെയും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെയും ക്രിമിനൽ കേസെടുക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വനിത എംഎൽഎമാർക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കോടിയേരി പറഞ്ഞു.

കെ സി അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ ആവശ്യപ്പെട്ടു. അബു മ്ലേച്ഛമായ രീതിയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് സിപിഐ(എം) വിശദീകരിച്ചു. പ്രതിഷേധം ശക്തമാക്കുമെന്നും പറഞ്ഞു. അതിനിടെ ഡിസിസി ഓഫീസിലേക്ക് എഐവൈഎഫ് നടത്തിയ മാർച്ച് അക്രമാസക്തമായി. അബുവിന്റെ പ്രസ്താവന പുറത്ത് വന്ന മണിക്കൂറുകൾക്ക് അകമായിരുന്നു പ്രതിഷേധം.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി ലതിക സുഭാഷും രംഗത്തെത്തി. വനിത എംഎൽഎമാരെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ചു മാപ്പു പറയാൻ അബു തയാറാകണമെന്നു ലതിക ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് അബു നടത്തിയതെന്നും ലതിക കുറ്റപ്പെടുത്തി.

കെ സി അബുവിനെ കൂടാതെ എം എ വാഹിദ് എംഎൽഎയും വനിതാ എംഎൽഎമാരെ അധിക്ഷേപിച്ചിരുന്നു. ബിജിമോൾ ഐരാവതത്തെ പോലെ ഇരച്ചു വരികയായിരുന്നു എന്നായിരുന്നു വാഹിദിന്റെ പരാമർശം. ആ ഐരാവതത്തെ ഒതുക്കൻ വേണ്ടത് മാത്രമെ ഷിബു ചെയ്തിട്ടുള്ളൂ എന്നായിരുന്നു വാഹിദിന്റെ പ്രസംഗം.

സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന പരിഭ്രമവും പേടിയുമൊന്നും ബിജിമോൾക്ക് ഉണ്ടായിരുന്നില്ലെന്നതാണ് അബു തന്റെ പ്രസ്താവനയ്ക്ക് ന്യായീകരണമായി പറഞ്ഞത്. ഷിബുവിനെതിരെ ബിജിമോൾ നൽകിയ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അബു പറഞ്ഞിരുന്നു.

അതിനിടെ മന്ത്രി ഷിബു ബേബിജോണിനും കെസി അബുവിനുമെതിരെ ബിജിമോൾ ഡിജിപിക്ക് രേഖാമൂലം പരാതി കൈമാറി. ലൈംഗികാതിക്രമണത്തിന് ഷിബുവിനെതിരെ കേസെടുക്കണം. മന്ത്രിയുടേത് ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ളതാണെന്ന് അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായതായും പരാതിയിൽ പറയുന്നു. എം എ വാഹിദിനെതിരെയും നടപടി എടുക്കണമെന്നും ആവശ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP