Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേലക്കര പള്ളി യാക്കോബക്കാർക്ക് നൽകാൻ കോടതി വിധിച്ചതോടെ സഭാ തർക്കം പാരമ്യത്തിലെത്തി; കോടതി വിധി ലംഘിച്ച് പള്ളിയിൽ കയറിയ വൈദികർ ഉൾപ്പെടെയുള്ളവർ റിമാൻഡിൽ; മധുരം വിതരണം ചെയ്ത് യാക്കോബക്കാർ

ചേലക്കര പള്ളി യാക്കോബക്കാർക്ക് നൽകാൻ കോടതി വിധിച്ചതോടെ സഭാ തർക്കം പാരമ്യത്തിലെത്തി; കോടതി വിധി ലംഘിച്ച് പള്ളിയിൽ കയറിയ വൈദികർ ഉൾപ്പെടെയുള്ളവർ റിമാൻഡിൽ; മധുരം വിതരണം ചെയ്ത് യാക്കോബക്കാർ

തൃശ്ശൂർ: സഭാ തർക്കത്തെ തുടർന്ന് നാല് പതിറ്റാണ്ടായി പൂട്ടിയിട്ടിരുന്ന ചേലക്കര സെന്റ് ജോർജ്ജ് പള്ളിയിൽ സംഘർഷാവസ്ഥ. കോടതി വിധി പാത്രിയാർക്കീസ് വിഭാഗത്തിന് അനുകൂലമായത് അംഗീകരിക്കാത്ത ഒർത്തഡോക്‌സ് വിഭാഗം പള്ളിക്കുള്ളിൽ കയറിയിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. അനിഷ്ട സംഭവങ്ങളെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം വികാരി ഫാ. കെ.പി. ഐസക് അടക്കം 62 പേരെ റിമാൻഡ് ചെയ്തു. പൊലീസ് തടഞ്ഞിട്ടും പള്ളിയുടെ ഗേറ്റും വാതിലും തകർത്ത് അനധികൃതമായി പള്ളിയിൽ കയറി ആരാധന നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടവരാണു റിമാൻഡിലായത്.

അതിനിടെ കുന്നംകുളം ഭദ്രാസനത്തിലെ തർക്കത്തിലിരിക്കുന്ന ചേലക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംബന്ധിച്ച് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും കേസ് നിലനിർക്കെ ആർഡിഒ ഏകപക്ഷീയമായി പള്ളിയുടെ ഉടമസ്ഥാവകാശം പാത്രിയർക്കീസ് വിഭാഗത്തിന് നൽകിയ നടപടിയിൽ ഓർത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് എന്നിവർ പ്രതിഷേധിച്ചു. വികാരി കെ.പി.ഐസക്കിനെയും ഓർത്തഡോക്‌സ് വിശ്വാസികളെയും അന്യായമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽവച്ചിരിക്കുന്ന പൊലീസ് നടപടി ന്യായികരിക്കാനാവില്ലെന്നു ഇരുവരും പറഞ്ഞു. അതേസമയം, യാക്കോബായ സഭ വിട്ടു പോയവർ മാതൃസഭയിലേക്കു തിരിച്ചു വരണമെന്ന് അന്ത്യോക്യ വിശ്വാസ സംരക്ഷണസമിതി പ്രസിഡന്റ് ഏലിയാസ് മാർ അത്താനാസിയോസ് ആവശ്യപ്പെട്ടു.

സംഘർഷത്തിനിടെ പള്ളിവാതിലിന്റെ പൂട്ട് പൊളിച്ചാണ് ഓർത്തഡോക്‌സ് വിഭാഗം അകത്ത് കയറിയത്. കാവലുണ്ടായിരുന്ന പൊലീസുകാരന് സംഘർഷത്തിൽ പരിക്കേറ്റു. ഓർത്തഡോക്‌സ് വിഭാഗത്തിലെ വിശ്വാസികളോട് പള്ളിക്ക് പുറത്തിറങ്ങറങ്ങാൻ പൊലീസ് നിർദ്ദേശം നൽകി. എന്നാൽ അത് അനുസരിച്ചില്ല. തുടർന്നായിരുന്നു അറസ്റ്റും പൊലീസ് നടപടിയും. കോടതി വിധിയെ തുടർന്ന് ഇന്നലെ പള്ളിയുടെ താക്കോൽ ആർ.ഡി.ഓ പാത്രിയാർക്കീസ് വിഭാഗത്തിന് കൈമാറിയിരുന്നു. പൊലീസ് തടഞ്ഞിട്ടും പള്ളിയുടെ ഗേറ്റും വാതിലും തകർത്ത് അനധികൃതമായി പള്ളിയിൽ കയറി ആരാധന നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടവരാണു റിമാൻഡിലായത്.

ഓർത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ആർഡിഒ എടുത്ത നടപടികൾ ക്രമവിരുദ്ധമെന്നാരോപിച്ചാണു ഓർത്തഡോക്‌സ് വിശ്വാസികൾ പള്ളിയിലേക്കു കയറിയത്. 22വരെ കുന്നംകുളം കോടതിയാണു റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ യാക്കോബായ വിഭാഗക്കാർ പള്ളിക്കു മുന്നിൽ ബോർഡ് വച്ചു. ഏഴു മണിക്ക് ഏലിയാസ് മാർ അത്താനാസിയോസ്, വികാരി ജോൺ ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ വിശ്വാസികൾ കുർബാന അർപ്പിച്ചു. മധുരപലഹാര വിതരണവും പുത്തൻപള്ളിയിലേക്കു റാസയും നടത്തി. സഭാ തർക്കത്തിൽ നിർണ്ണായക കോടതി വിധിയാണ് ചേലക്കര പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായത്.

നാലുപതിറ്റാണ്ടു നീണ്ട തർക്കമാണ് ഇപ്പോൾ പുതിയ തലത്തിലെത്തിയത്. ഇരു വിഭാഗമായി വേർപെട്ട ശേഷം ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും രണ്ടു മണിക്കൂർ വീതം സമയം അനുവദിച്ചാണു യാക്കോബായ, ഓർത്തഡോക്‌സ് വിഭാഗങ്ങൾ ആരാധന നടത്തിയിരുന്നത്. പള്ളി ആർഡിഒ ഏറ്റെടുത്ത സമയത്തുണ്ടായ പ്രശ്‌നങ്ങൾ മൂലം റിസീവർ ഭരണത്തിലായ സെമിത്തേരി, കുരിശുപള്ളികൾ എന്നിവ 1983 അവസാനത്തിൽ യാക്കോബായക്കാർക്കു കൈമാറി. ഇക്കഴിഞ്ഞ ജൂൺ 17ന് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീൽ കോടതി തള്ളിയതോടെയാണു പള്ളി യാക്കോബായ വിഭാഗത്തിനു നൽകാൻ ആർഡിഒ ഉത്തരവായത്. ജില്ലാ കോടതിയിൽ ജൂൺ ഏഴിനു തങ്ങൾ നൽകിയ ഹർജി പരിഗണിക്കാതെയാണ് ആർഡിഒ നടപടിയെടുത്തതെന്ന് ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP