Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ആരും കൃഷ്ണനോട് കല്യാണം കൂടാൻ വീട്ടിലേക്കു വരരുതെന്നു പറയില്ല; പാലക്കാട്ടെ പാർട്ടിക്കോട്ടയിൽ മുൻ പ്രവർത്തകന് സിപിഐഎം ഏർപ്പെടുത്തിയിരുന്ന 'ഭ്രഷ്ട്' ശിക്ഷ കഴിഞ്ഞു; നാട്ടിലെ കടകളിൽനിന്ന് ഇനി വീട്ടിലേക്കു സാധനങ്ങളും വാങ്ങാം

ഇനി ആരും കൃഷ്ണനോട് കല്യാണം കൂടാൻ വീട്ടിലേക്കു വരരുതെന്നു പറയില്ല; പാലക്കാട്ടെ പാർട്ടിക്കോട്ടയിൽ മുൻ പ്രവർത്തകന് സിപിഐഎം ഏർപ്പെടുത്തിയിരുന്ന 'ഭ്രഷ്ട്' ശിക്ഷ കഴിഞ്ഞു; നാട്ടിലെ കടകളിൽനിന്ന് ഇനി വീട്ടിലേക്കു സാധനങ്ങളും വാങ്ങാം

പാലക്കാട്: രണ്ടു വർഷമായി സ്വന്തം നാട്ടിൽ ഒറ്റപ്പെട്ടു ജീവിച്ച കൃഷ്ണന് ഇനി ധൈര്യമായി പുറത്തിറങ്ങി നാട്ടുകാരോട് സംസാരിക്കാം. അവരും തിരിച്ചു സംസാരിക്കും. നാട്ടിലെ കല്യാണങ്ങൾക്കൊക്കെ ക്ഷണിക്കും. ക്ഷണിച്ചവർ ആരും ദയവായി വീട്ടിലേക്കു വരരുതെന്നു പറയില്ല. രണ്ടു വർഷമായി സിപിഐഎം വിധിച്ച ശിക്ഷ അവസാനിച്ചു. രണ്ടു വർഷത്തിനു ശേഷം കൃഷ്ണൻ നാട്ടിൽ ഒരു കല്യാണം കൂടി. മൂന്നു വർഷം മുമ്പു പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നതിനാണ് നാട്ടിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽനിന്നു പരിചയക്കാരുമായി സംസാരിക്കുന്നിൽനിന്നും കൃഷ്ണനെ സിപിഐഎം വിലക്കിയത്.

പാലക്കാട് കണ്ണനൂർ താഴത്തെപ്പുരയിൽ കൃഷ്ണനെയാണ് ഫാസിസ്റ്റ് രീതിയിലെ ശിക്ഷയ്ക്കു സിപിഐഎം വിധിച്ചത്. കൂലിപ്പണിക്കാരനാണ് കൃഷ്ണൻ. പാർട്ടി വിട്ടതിന് ഭ്രഷ്ടിനു സമാനമായ ശിക്ഷയായിരുന്നു പാർട്ടി വിധിച്ചത്. പാർട്ടിക്കമ്മിറ്റി തീരുമാനിച്ചതാണോ എന്നു വ്യക്തമല്ലെങ്കിലും ആരും കൃഷ്ണനുമായി സംസാരിക്കരുതെന്നും കൃഷ്ണന്റെ കുടുംബവുമായി യാതൊരു ഇടപെടലും വേണ്ടെന്നും പ്രദേശത്തെ പാർട്ടി നേതാക്കൾ നാട്ടുകാരോടു പറയുകയായിരുന്നു. വീട്ടിൽ ചായവയ്ക്കാനും ഭക്ഷണമുണ്ടാക്കാനുമുള്ള സാധനങ്ങൾ പോലും നാട്ടിലെ കടകളിൽനിന്നു ലഭിക്കില്ലായിരുന്നു. ചായപ്പൊടിയോ ഉപ്പോ തീർന്നാൽ അതു വാങ്ങാൻ പോലും ബസ് കയറി കുഴൽമന്ദത്തു പോകേണ്ട നിലയിലായിരുന്നു കൃഷ്ണനും കുടുംബവും.

മൂന്നുവർഷം മുമ്പ് പാർട്ടി വിട്ടശേഷം ഒരു വർഷത്തിനുശേഷമാണ് ഇത്തരത്തിൽ ഒറ്റപ്പെടുത്താൻ തുടങ്ങിയത്. കൂലിപ്പണിക്കൊപ്പം വയൽ പാട്ടത്തിനെടുത്തു നെൽകൃഷി നടത്തിയിരുന്നു. കൃഷിക്കു തയാറാക്കിയ 35 പറ വയലിൽ തൊഴിലാളികളെക്കൊണ്ട് ഞാറു പറിച്ചു വയലിൽവച്ചത് രാവിലെ നോക്കിയപ്പോൾ കണ്ടത് തോട്ടിൽ ഒഴുക്കിയ നിലയിലാണ്. പറിക്കാത്ത ഞാറു ചവിട്ടിമെതിക്കുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. കടം വാങ്ങിയും അധ്വാനിച്ചുണ്ടാക്കിയതിൽനിന്നു നീക്കിവച്ചതുമൊക്കെ ഉപയോഗിച്ചാണ് വയൽ പാട്ടത്തിനെടുത്തതും ഞാറു പറിച്ചതുമൊക്കെ.

കൃഷ്ണന്റെ ഭാര്യയോടും മക്കളോടും നാട്ടുകാരിൽ ആരും സംസാരിക്കുകപോലുമില്ലായിരുന്നു. കൃഷ്ണന്റെ മക്കൾ അജയനും വിജയനും വിദ്യാർത്ഥികളാണ്. പാർട്ടി വിലക്കേർപ്പെടുത്തിയ അന്നു മുതൽ സൃഹൃത്തുക്കളായിരുന്നവർ ഇരുവരോടും മിണ്ടാതായി. ചിലർ തല്ലാൻ വരെ ചെന്നു. കൃഷ്ണന്റെ എഴുപതുവർഷത്തിലേറെ പഴക്കമുള്ള വീടിനു നേരെ ഇടയ്ക്കിടെ കല്ലേറുണ്ടായി. മണ്ണുകൊണ്ടു കെട്ടിയ വീട് തകർക്കാനും ശ്രമിച്ചിട്ടുണ്ട്.

നാട്ടിൽ പലരും കൃഷ്ണനെ ഇക്കാലത്തിനിടയ്ക്കും വിവാഹങ്ങൾക്കു ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പിറ്റേന്ന് അവർതന്നെ വന്നു വിവാഹത്തിൽ പങ്കെടുക്കരുതെന്നു പറയും. കല്യാണവീട്ടിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ ചെന്ന് കൃഷ്ണനെ വിളിച്ചാൽ നാട്ടുകാർ ആരും സഹകരിക്കില്ലെന്നു ഭീഷണിപ്പെടുത്തുമ്പോഴാണു പലരും ഇങ്ങനെ ചെയ്തിരുന്നത്. ഭ്രഷ്ടിനും അക്രമങ്ങൾക്കും കൃഷ്ണനും മക്കളും നിരവധി പരാതികൾ പൊലീസിനു നൽകി. തെൡവില്ലെന്നു പറഞ്ഞ് യാതൊരു നടപടിയുമുണ്ടായില്ല.

ഇന്നലെ നടന്ന കല്യാണത്തിനും കൃഷ്ണനെ നേരത്തെ ക്ഷണിച്ചിരുന്നു. പതിവു രീതിയിൽ ആരെങ്കിലും തന്നെ വിലക്കുമെന്നുതന്നെയായിരുന്നു കൃഷ്ണന്റെ വിചാരം. അങ്ങനെ തന്നെ സംഭവിച്ചു. കുറച്ചുദിവസം മുമ്പു കല്യാണവീട്ടിൽനിന്നുള്ളവർ വന്നു കൃഷ്ണനോട് വീട്ടിലേക്കു വരരുതെന്നു വന്നു പറഞ്ഞു. എന്നാൽ, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. അവർ കല്യാണവീട്ടിലും നാട്ടിലെ സിപിഐഎം പ്രവർത്തകരുമായി സംഭാഷണം നടത്തി. പ്രശ്‌നം പരിഹരിക്കാൻ തീരുമാനമാവുകയായിരുന്നു. പാർട്ടി അങ്ങനെ ഒരു വിലക്കേർപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ബ്രാഞ്ച് സെക്രട്ടറി ഷൺമുഖന്റെ വിശദീകരണം.

ആലത്തൂർ എംഎൽഎയും സിപിഐഎം നേതാവുമായി കെ ഡി പ്രസേനനും ഈ വിവാഹത്തിൽ പങ്കെടുത്തു. കൃഷ്ണനെ കണ്ട് പ്രസേനൻ അടുത്തെത്തി സംസാരിച്ചു. ഇനി യാതൊരു പ്രശ്‌നവുമുണ്ടാകില്ലെന്നും ഭ്രഷ്ടും വിലക്കുമൊക്കെ ചിലരുടെ തെറ്റിദ്ധാരണയായിരുന്നെന്നും നേതാക്കൾ വ്യക്തമാക്കി. പ്രസേനനും സിപിഐഎം പ്രാദേശികനേതാക്കളും കൃഷ്ണനൊപ്പം നിന്നു ഫൊട്ടോയെടുത്തശേഷമാണു മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP