Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കപിൽദേവിന്റെ മെഡിസിറ്റിക്കു തടസം നിന്നത് സിപിഎമ്മിന്റെ കോഴയോ? വൻ തുക ആവശ്യപ്പെട്ടത് ലോക്കൽ സെക്രട്ടറി: എറണാകുളത്തെ സിപിഐ നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്

കപിൽദേവിന്റെ മെഡിസിറ്റിക്കു തടസം നിന്നത് സിപിഎമ്മിന്റെ കോഴയോ? വൻ തുക ആവശ്യപ്പെട്ടത് ലോക്കൽ സെക്രട്ടറി: എറണാകുളത്തെ സിപിഐ നേതാവിന്റെ ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവിന്റെ കമ്പനി കൊച്ചിയിൽ തുടങ്ങാനിരുന്ന മെഡിസിറ്റി പദ്ധതി ഉപേക്ഷിക്കാൻ കാരണം സിപിഐ(എം) നേതാക്കൾ കോഴ ആവശ്യപ്പെട്ടതിനാലാണെന്നു വെളിപ്പെടുത്തൽ. ഇക്കാര്യം പരാമർശിച്ചുള്ള സിപിഐ എറണാകുളം ജില്ലാകമ്മിറ്റി അംഗം ഇ എം സുനിൽ കുമാറിന്റെ ഫോൺ സംഭാഷണം മനോരമ ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

ചരിയം തുരുത്തിൽ തുടങ്ങാനിരുന്ന മെഡിസിറ്റിക്ക് സ്ഥലമൊരുക്കുന്നതിന് സിപിഐ(എം) ലോക്കൽ സെക്രട്ടറി വിജയനാണ് വൻ തുക ആവശ്യപ്പെട്ടത്. അതുകൊടുക്കാൻ കമ്പനി വിസമ്മതിച്ചു. തുടർന്ന് സംസ്ഥാനവ്യാപകമായി സിപിഐ(എം) നടത്തിയ ഭൂസമരത്തിന്റെ വേദി കപിൽദേവിന്റെ ടൗൺഷിപ്പിനായി നിശ്ചയിച്ച ഭൂമിയാകുകയായിരുന്നു.

സിപിഐ(എം) നേതൃത്വത്തിൽ നടന്ന ഭൂമി പിടിച്ചെടുക്കൽ സമരത്തിന് കപിൽദേവിന്റെ ഭൂമി വേദിയായതിന് പിന്നിൽ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് കോഴ ഇടപാടു വ്യക്തമാക്കുന്നതെന്ന് ചാനൽ പറയുന്നു. ലോക്കൽ നേതാവ് കാശു ചോദിച്ചു. കപിലിന്റെ കമ്പനി കൊടുത്തില്ല. എന്നാൽ പിന്നെ സമരം ഇവിടെതന്നെയെന്ന് പ്രാദേശിക നേതൃത്വവും തീരുമാനിച്ചു. നീർത്തടം നികത്തൽ ഇവിടെ പ്രതിഷേധത്തിനുള്ള രണ്ടാമത്തെ കാരണം മാത്രമാണെന്നും ചാനൽ റിപ്പോർട്ടു ചെയ്യുന്നു.

ചാനൽ പുറത്തുവിട്ട സംഭാഷണത്തിൽ നിന്ന്:

ഇ എം സുനിൽകുമാർ: മറ്റേ കപിൽ ദേവിന്റെ സ്ഥാപനത്തിൽ ശരിക്കുമുള്ള വിഷയമെന്താന്നറിയുമോ. ബാർഗെയിനിങ് നടന്നു. വിജയനവരോട് സംസാരിച്ചിട്ട് ഒക്കത്തില്ലെന്ന് കണ്ടപ്പോ എന്തു പറഞ്ഞു.

സിയാദ്; വിജയൻ.വിജയനാരാ

ഇഎം അനിൽകുമാർ; വിജയൻ എന്നു പറഞ്ഞത് സിപിഎമ്മിന്റെ അവിടുത്തെ ലോക്കൽ സെക്രട്ടറി. വിജയനാണ് അവിടുത്തെ എല്ലാ സഹായവും ചെയ്തു കൊടുക്കുക. ഒരു അജിത്തെന്ന് പറഞ്ഞവനാണ് അവിടുത്തെ കോ ഓർഡിനേറ്റർ. എനിക്കറിയാം അജിത്തിനെ.

ഇത് നികത്തി. കപിൽദേവിന് കിട്ടുന്ന ലാഭത്തിന്റെ ഒരംശം ചോദിച്ചാൽ കപിൽദേവിന് കൊടുക്കാൻ പറ്റുമോ.കപിൽ ദേവിന്റെ ഹോസ്പിറ്റലായിരുന്നു.

1971ലെ ഭൂസമരത്തെ അനുസ്മരിച്ച് ഇവിടെ പാർട്ടി നടത്തിയ സമരത്തിൽ പങ്കെടുക്കാൻ വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയിരുന്നു. എന്നാൽ ഈ ഭൂമിയുടെ പിന്നാമ്പുറക്കഥ യഥാർഥത്തിൽ അറിയാതെയാകും നേതാക്കൾ ഇവിടെ എത്തിയതെന്നാണ് ചാനൽ പറയുന്നത്.

സംസ്ഥാന വ്യാപകമായി സിപിഐ(എം) സംഘടിപ്പിച്ച ഭൂസമരത്തിന് ഈ ഭൂമിതന്നെ തിരഞ്ഞെടുത്തതിന് കോഴ നൽകാത്തതും ഒരു കാരണമാണെന്നാണ് വിലയിരുത്തൽ. താന്തോണിതുരുത്തിലെ പാടം നികത്താൻ കരാറെടുത്ത ഇടനിലക്കാരനിൽ പണം പിടുങ്ങാൻ സുനിൽകുമാർ ഒരു ഭീഷണിയുടെ രൂപത്തിൽ അവതരിപ്പിച്ചതാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ഈ അട്ടിമറിസംഭവമെന്നു ചാനൽ പറയുന്നു.

സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ, താന്തോണിത്തുരുത്തിലെ പാടം നികത്തുന്നതിന് ഒത്താശ ചെയ്യാൻ കൈക്കൂലി ചോദിച്ച ജില്ലാ കൗൺസിൽ അംഗം ഇ.എം. സുനിൽകുമാറിനെ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മൂന്നംഗ കമ്മിറ്റിക്കും സിപിഐ ജില്ലാ നേതൃത്വം രൂപം നൽകി.

കോഴ ഇടപാടിൽ ഉൾപ്പെട്ട വടുതല ലോക്കൽ സെക്രട്ടറി ടി.സി.ജോഷിയെ തൽസ്ഥാനത്തു നിന്ന് നീക്കിയേക്കും. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ പുറത്താക്കുമെന്ന് രാവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP