Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റാരെയോ കുടുക്കാൻ നാലുവയസുകാരി ലൈംഗികാവയവത്തിൽ സ്വയം മുറിവേൽപ്പിക്കുമോ? കുട്ടി പീഡനത്തിന് ഇരയായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ മറവിൽ നാദാപുരം കേസ് അട്ടിമറിക്കാൻ നീക്കം

മറ്റാരെയോ കുടുക്കാൻ നാലുവയസുകാരി ലൈംഗികാവയവത്തിൽ സ്വയം മുറിവേൽപ്പിക്കുമോ? കുട്ടി പീഡനത്തിന് ഇരയായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്റെ മറവിൽ നാദാപുരം കേസ് അട്ടിമറിക്കാൻ നീക്കം

വടകര: നാദാപുരം പാറക്കടവ് ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലുവയസുകാരി പീഡനത്തിന് ഇരയായില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമെന്നു സൂചന. ലൈംഗികാവയവത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു കുട്ടിയെന്നും പീഡനത്തിന് ഇരയായിട്ടില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്.

സ്‌കൂൾ മേനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറിയും മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ ആവശ്യപ്രകാരം അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘമാണ് അത്ഭുതകരമായ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഉന്നത ബന്ധമുള്ള പ്രതികളെ രക്ഷിച്ച് കേസ് അട്ടിമറിക്കാൻ ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞുള്ള ഇടപെടലിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തൽ.

ക്രൂരമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെയും തലശേരി സഹകരണ ആശുപത്രിയിലെയും ഡോക്ടമാരുടെ റിപ്പോർട്ട് തള്ളുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്. മൂത്രനാളിയിലെ അണുബാധയെതുടർന്ന് പെൺകുട്ടി ചൊറിഞ്ഞതാണ് മുറിവിന് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

പെൺകുട്ടി പീഡനക്കഥ ഉണ്ടാക്കിയത് ഉമ്മയുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. കേസ് അട്ടിമറിക്കാൻ നാദാപുരത്തെത്തിയ താമരശേരി ഡിവൈഎസ്‌പി ജയ്‌സൺ കെ എബ്രഹാം പോലും പീഡനം നടന്ന കാര്യം സമ്മതിച്ചിരുന്നു. എന്നാൽ, പ്രതി സ്‌കൂൾ ബസ് ക്ലീനർ മുനീറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

മുനീറിനെ വീണ്ടും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിരവധി തവണ ചോദ്യംചെയ്തിരുന്നു. എന്നാൽ, തെളിവ് ലഭിച്ചില്ല. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ഈ ശ്രമം പാളിയപ്പോഴാണ് പീഡനമേ നടന്നില്ലെന്ന 'കണ്ടെത്തലു'മായി ക്രൈം ബ്രാഞ്ച് എത്തിയത്.

സ്‌കൂളിനോടനുബന്ധിച്ച ഓർഫനേജിൽ താമസിച്ച് മതപഠനം നടത്തുന്ന തലശേരി പാറാട് ചെറുപറമ്പ് സ്വദേശി കുണ്ടാംചേരി മുത്തലിബ് സഖാഫിയുടെ മകൻ മുബഷീർ (19), തലശേരി എരഞ്ഞോളി ചുങ്കത്തിൽ പവിത്രം വീട്ടിൽ സിറാജിന്റെ മകൻ ഷംസുദ്ദീൻ (18) എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കുട്ടി പ്രതികളെ ചൂണ്ടിക്കാണിച്ചതിനാലുമായിരുന്നു അറസ്റ്റ്. മതപഠനം നടത്താൻ എത്തിയവരല്ല കുട്ടിയെ പീഡിപ്പിച്ചതെന്നും, പീഡനം നടന്നിട്ടില്ലെന്നും മറ്റുമുള്ള വാദങ്ങളാണ് ആദ്യ ഘട്ടത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് നടത്തിയത്. വിഷയത്തെ ന്യായീകരിച്ച് പേരോട് സഖാഫി തന്നെ പ്രസംഗിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ അപമാനിക്കുന്ന വിധത്തിലായിരുന്നു സഖാഫിയുടെ പ്രസംഗം.

കുട്ടി ബലൂൺ ഊതിവീർപ്പിച്ച് ലൈംഗികാവയവത്തിൽ സ്പർശിച്ചു കളിക്കുമായിരുന്നുവെന്നും മറ്റുമായിരുന്നു നാലുവയസുകാരിയെക്കുറിച്ചുള്ള സഖാഫിയുടെ പ്രസംഗം. വാട്‌സാപ്പിലും മറ്റും പ്രചരിച്ച ഈ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP