Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുതായി അനുവദിച്ച നൂറിൽ അധികം പ്ലസ് 2 ബാച്ചുകളിൽ കുട്ടികൾ തികഞ്ഞില്ല; അദ്ധ്യാപക നിയമനം മുടങ്ങി; ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് നേടിയ +2 മാനേജ്‌മെന്റിന്റെ കൈപൊള്ളും

പുതുതായി അനുവദിച്ച നൂറിൽ അധികം പ്ലസ് 2 ബാച്ചുകളിൽ കുട്ടികൾ തികഞ്ഞില്ല; അദ്ധ്യാപക നിയമനം മുടങ്ങി; ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് നേടിയ +2 മാനേജ്‌മെന്റിന്റെ കൈപൊള്ളും

തിരുവനന്തപുരം: അശാസ്ത്രീയമായാണ് ഇത്തവണ +2 സ്‌കൂളുകൾ അനുവദിച്ചത്. വിവാദമുണ്ടാകാതിരിക്കാൻ ചോദിച്ചവർക്കെല്ലാം കൊടുത്തു. ചിലർക്ക് കിട്ടിയുമില്ല. ഇതോടെ കോടതയിലും പ്രശ്‌നമെത്തി. ഹയർസെക്കന്ററി ഡയറക്ടറുടെ ശുപാർശയില്ലാത്ത എല്ലാ കോഴ്‌സും കോടതി റദ്ദാക്കി. നിയമ നടപടികൾ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് പുതിയ കണക്കുകൾ സർക്കാരിനും മാനേജ്‌മെന്റിനും വെല്ലുവിളിയാകുന്ന തരത്തിലെത്തുന്നത്.

പലയിടത്തും ലക്ഷങ്ങൾ കൊടുത്താണ് എയ്ഡഡ് സ്‌കൂളുകൾ +2 സ്വന്തമാക്കിയത്. അദ്ധ്യാപക നിയമനത്തിലെ കോടികൾ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ കുട്ടികൾ കുറയുന്നതോടെ ബാച്ചും പോകും അദ്ധ്യാപകർക്ക് ജോലിയും നഷ്ടമാകും. കോഴയായി കൊടുത്ത തുകയ്ക്ക് അദ്ധ്യാപകർ എത്തുകയും ചെയ്യും. എന്നാൽ +2 കോഴ്‌സിനായി രാഷ്ട്രീയക്കാർക്ക് നൽകിയ കോടികൾ മാനേജ്‌മെന്റിന് തിരിച്ചു പിടിക്കാനും കഴിയില്ല. അങ്ങനെ പ്രതീക്ഷയോടെ ഇറക്കിയ കോടികളുടെ നഷ്ടമാണ് എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് ഉണ്ടാകാൻ പോകുന്നത്.

എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണംപോലും നോക്കാതെയാണ് +2 ബാച്ചുകൾ അനുവദിച്ചത്. അതുകൊണ്ട് തന്നെ ഇക്കൊല്ലം 31,652 +1 സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. പുതിയ 415 ബാച്ചുകളിൽ നൂറിലേറെ എണ്ണത്തിൽ 40 കുട്ടികൾ തികച്ചില്ല. അടുത്തവർഷം 50 കുട്ടികളില്ലെങ്കിൽ ഈ ബാച്ചുകൾ റദ്ദാക്കും. ഇരുപതോളം ബാച്ചുകൾ 25 കുട്ടികൾ പോലും ഇല്ലാതെ അനാദായകരമായി. ഇതോടെ ലക്ഷങ്ങൾ കോഴ നൽകി ജോലി നേടിയ അദ്ധ്യാപകരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്. കാശും പോയി ജോലിയുമില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താനാണ് സാധ്യത.

കഴിഞ്ഞവർഷം 13 അധികബാച്ചുകൾ കുട്ടികളില്ലാതെ നഷ്ടപ്പെട്ടിരുന്നു. അടുത്ത വർഷം ഇത് ഇരട്ടിയിലേറെയാകുമെന്നാണ് സൂചന. നാൽപ്പത് കുട്ടികളെങ്കിലും ഇല്ലാത്ത പുതിയ ബാച്ചുകളിലെ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകില്ല. ഇതോടൊപ്പം അടുത്തവർഷം 50 കുട്ടികളില്ലാത്ത ബാച്ചുകൾ റദ്ദാക്കും. ഇതോടെ അധികബാച്ച് നഷ്ടമാകും. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് മറ്റ് സ്‌കൂളുകളിലേക്ക് മാറേണ്ടിവരുമെന്നും ഉറപ്പാണ്. എയ്ഡഡ് സ്‌കൂളിലെ എയ്ഡഡ് ബാച്ച് അനാദായകരമായാൽ ആറ് അദ്ധ്യാപകരെയും ബാധിക്കും. ഇവരിൽ രണ്ട് സീനിയർ അദ്ധ്യാപകർ ജൂനിയറാകും. രണ്ടാം വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകൻ പാർട്ട്‌ടൈമാകും. പുതുതായി നിയമനം വാങ്ങിയ അദ്ധ്യാപകർക്ക് സർക്കാർ അംഗീകാരം നൽകില്ല. ഇതോടെ അവർക്ക് നിയമനം മുടങ്ങുന്ന അവസ്ഥയുമെത്തും.

കുട്ടികളില്ലാതെ അധികബാച്ച് നഷ്ടപ്പെട്ടാലും ഹയർസെക്കൻഡറിയിൽ അദ്ധ്യാപകർക്ക് സർക്കാർ സംരക്ഷണമില്ല. സർക്കാർ ശമ്പളംനൽകില്ലെങ്കിൽ അനാദായകരമായ എയ്ഡഡ് ബാച്ചുകളിലെ അദ്ധ്യാപകരുടെ ഭാവി തുലാസിലാവും. ലക്ഷങ്ങൾ കോഴ നൽകിയാണ് ഇത്തരം സ്‌കൂളുകളിൽ അദ്ധ്യാപകരെത്തിയത്. എന്നാൽ ജോലി നഷ്ടമാകുമ്പോൾ ഈ തുകയിൽ അവകാശം ഉന്നയിക്കാനും കഴിയില്ല. ഇതോടെ കുട്ടികളെ എത്തിക്കേണ്ട ചുമതല അദ്ധ്യാപകർക്കും ആവും. ക്ലാസുകളിൽ കുട്ടികളെ എത്തിക്കാൻ അദ്ധ്യാപകർ തന്നെ പല സ്ഥലത്തും രംഗത്ത് എത്തിക്കഴിഞ്ഞു. +2വിൽ കോടതി ഇടപെടൽ ശക്തമായതോടെ ഇതെല്ലാം കൃത്യമായി നിരീക്ഷിക്കാനും സംവിധാനമുണ്ട്. അതുകൊണ്ട് കൂടിയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

അൺ എയ്ഡഡ് സ്‌കൂളുകളിൽ പകുതി സീറ്റും കാലിയാണ്. ഫീസില്ലാത്ത 2,102 സർക്കാർ മെറിറ്റ് സീറ്റുകളിലും 1,308 എയ്ഡഡ് സീറ്റുകളിലും കുട്ടികൾ ഇല്ല. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,171 സീറ്റുകൾ കാലിയാണ്. നൂറിലേറെ പുതിയ ബാച്ചുകൾ അനുവദിച്ച മലപ്പുറത്താണ് കൂടുതൽ കാലി സീറ്റുകൾ ഏഴായിരം. പത്തനംതിട്ടയിൽ 788 എയ്ഡഡ് സീറ്റുകളിലും തിരുവനന്തപുരത്ത് 469 സർക്കാർ സീറ്റുകളിലും കുട്ടികളില്ല. അൺഎയ്ഡഡ് മേഖലയിൽ തിരുവനന്തപുരത്ത് 2488 ഉം, കൊല്ലത്ത് 1805ഉം, പത്തനംതിട്ടയിൽ 1435ഉം, ആലപ്പുഴയിൽ 1078ഉം, കോട്ടയംത്ത് 1684ഉം, ഇടുക്കിയിൽ 1128ഉം, എറണാകുളത്ത് 2227ഉം,തൃശൂരിൽ 2482ഉം, പാലക്കാട് 2169ഉം, കോഴിക്കോട് 2749ഉം,മലപ്പുറത്ത് 5540ഉം, വയനാട്361ഉം, കണ്ണൂരിൽ 1601ഉം, കാസർകോട്1496ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

ഏതായാലും കോടതി സ്‌റ്റേ ചെയ്ത സ്‌കൂളുകൾക്ക് കൂടി +2 ബാച്ച് കിട്ടിയില്ലെന്നതാണ് ആശ്വാസം. അതുകൂടി സംഭവിച്ചിരുന്നുവെങ്കിൽ പ്രതിസന്ധി ഇതിലും രൂക്ഷമായേനെ. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും +2 സ്‌കൂൾ എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ അശാസ്ത്രീയമായ രീതിയിൽ സ്‌കൂളുകൾ അനുവദിക്കുന്നതാണ് പ്രശ്‌നമെന്നാണ് വിലയിരുത്തൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP