Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബർ കുറ്റങ്ങൾ നിയന്ത്രിക്കാൻ ഓരോ സ്‌റ്റേഷനിലും സൈബർ ക്രൈം സെൽ; സോഷ്യൽ മീഡിയ ഹർത്താലിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശവുമായി ഡിജിപി; മൂന്നുപേർക്ക് വീതം പരിശീലനം നൽകാനും തീരുമാനം  

സൈബർ കുറ്റങ്ങൾ നിയന്ത്രിക്കാൻ ഓരോ സ്‌റ്റേഷനിലും സൈബർ ക്രൈം സെൽ; സോഷ്യൽ മീഡിയ ഹർത്താലിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശവുമായി ഡിജിപി; മൂന്നുപേർക്ക് വീതം പരിശീലനം നൽകാനും തീരുമാനം   

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ഹർത്താലാഹ്വാനം നടക്കുകയും അത് പൊലീസിന് തലവേദനയായി മാറുകയും ചെയ്ത സാഹചര്യവും സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതും പരിഗണിച്ച് ഓരോ സ്‌റ്റേഷനിലും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കാൻ തീരുമാനം. ഇതിനായി ഓരോ സ്‌റ്റേഷനിലേയും മൂന്ന് പൊലീസുകാർക്ക് വീതം പരിശീലനം നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഇവർക്ക് പരിശീലനം നൽകും. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനും പ്രാഥമികാന്വേഷണം നടത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളെയും പ്രാപ്തരാക്കുക എന്നതാണു ലക്ഷ്യം. അടുത്തിടെ സമൂഹ മാധ്യങ്ങളിലുടെ പ്രചരിച്ച അപ്രഖ്യാപിത ഹർത്താൽ പൊലീസിനെ ഞെട്ടിച്ചിരുന്നു.

ഹർത്താൽ ഇത്തരത്തിൽ പ്രശ്‌നം സൃഷ്ടിക്കുമെന്ന ധാരണ ആർക്കും ഉണ്ടായില്ല. പിന്നീട് വലിയ അക്രമങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുകയും പലയിടത്തും വർഗീയ കലാപത്തിന്റെ വക്കുവരെ കാര്യങ്ങൾ എത്തുകയും ചെയ്തു. ഇത് മുൻകൂട്ടി അറിയുന്നതിൽ ഇന്റലിജൻസിനു വീഴ്ച വന്ന പശ്ചാത്തലത്തിലാണു പൊലീസ് സ്റ്റേഷനുകളെ സ്വയം പര്യാപ്തമാക്കുന്ന നടപടി തുടങ്ങിയത്.

തിരുവനന്തപുരത്തു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇപ്പോഴുണ്ട്. ഇതോടൊപ്പം എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകൾ തുടങ്ങും. ഇതോടൊപ്പമാണു പൊലീസ് സ്റ്റേഷനുകളിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെല്ലുകൾ രൂപീകരിക്കുന്നത്. തുടക്കമെന്ന നിലയിൽ ജില്ലാ സൈബർ സെല്ലുകളിലെ രണ്ടുപേരെ വീതം ഉൾപ്പെടുത്തി പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദഗ്ധരുടെ സഹായത്തോടെ ബോധവൽക്കരണം നൽകും. പരിശീലനം ലഭിച്ച ജില്ലാ സൈബർ സെൽ പ്രതിനിധികൾ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അവരവരുടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിൽനിന്നുള്ള പ്രതിനിധികൾക്കു തുടർപരിശീലനം നൽകും.

വിവിധ ഐടി ഉപകരണങ്ങൾ പരിചയപ്പെടൽ, ഡിജിറ്റൽ തെളിവുകൾ, ഹാർഡ് ഡിസ്‌കിലെ വിവരങ്ങൾ ശേഖരിക്കൽ, സിഡിആർ അനാലിസിസ്, സൈബർ ക്രൈം കേസുകളിൽ എഫ്‌ഐആർ തയാറാക്കൽ, സാമൂഹമാധ്യമങ്ങളെ സംബന്ധിച്ചുള്ള അന്വേഷണം, മൊബൈൽ ഫോൺ മുഖേനയുള്ള തെളിവു ശേഖരിക്കൽ തുടങ്ങിയവയും മറ്റു വിവിധ സൈബർ വിഷയങ്ങളെ സംബന്ധിച്ചുമുള്ള പരിശീലനമാണു ഉദ്ദേശിക്കുന്നത്. എല്ലാ സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ബോധവൽക്കരണം നൽകും. പൊലീസ് സ്റ്റേഷൻ തലത്തിലുള്ള സൈബർ സെല്ലുകൾക്ക് ആവശ്യമായ ഉപകരണ സംവിധാനങ്ങൾ നൽകുന്നതിനും ജില്ലാ മേധാവിമാർക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്നു ബെഹ്‌റ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP