Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊല്ലത്ത് ഇരുമ്പുപാലം തകർന്നു മരിച്ചവരുടെ എണ്ണം മൂന്നായി; സമരക്കാർ ഇരച്ചു കയറിയതോടെ കാലപ്പഴക്കം ചെന്ന പാലം തകർന്നു; പഴകി ദ്രവിച്ച ഉരുമ്പ് പാലത്തിനിടയിൽപെട്ട് ഒട്ടേറെ പേർക്ക് പരിക്ക്; മരിച്ച ശ്യാമള ഭർത്താവ് മരിച്ച ആനുകൂല്യത്തിൽ ജോലി നേടിയ ഉദ്യോഗസ്ഥ

കൊല്ലത്ത് ഇരുമ്പുപാലം തകർന്നു മരിച്ചവരുടെ എണ്ണം മൂന്നായി; സമരക്കാർ ഇരച്ചു കയറിയതോടെ കാലപ്പഴക്കം ചെന്ന പാലം തകർന്നു; പഴകി ദ്രവിച്ച ഉരുമ്പ് പാലത്തിനിടയിൽപെട്ട് ഒട്ടേറെ പേർക്ക് പരിക്ക്; മരിച്ച ശ്യാമള ഭർത്താവ് മരിച്ച ആനുകൂല്യത്തിൽ ജോലി നേടിയ ഉദ്യോഗസ്ഥ

ആർ.കണ്ണൻ

കൊല്ലം: ചവറയിൽ ഇരുമ്പു പാലം തകർന്നു മരിച്ചവരുടെ എണ്ണം മൂന്നായി. ചവറ സ്വദേശികളായ മൂന്നു സ്ത്രീകളാണ് മരിച്ചത്. ഇവരെല്ലാം കെ.എം.എം.എൽ പ്‌ളാന്റു ജീവനക്കാരാണ്. എയ്ഞ്ചൽ, അന്നമ്മ, ശ്യാമള എന്നിവരാണ് മരിച്ചത്. തകർന്ന പാലത്തിന്റെ അവശിഷ്ടം വെള്ളത്തിൽ നിന്ന് പൊക്കിയെടുക്കുന്നതിനിടെയാണ് രണ്ടു ജഡങ്ങൾ കിട്ടിയത്. ഒരു സ്ത്രീ ആശുപത്രിയിൽ വച്ചും മരിച്ചു.

രാവിലെ അപകടമുണ്ടായ ശേഷം അന്നമ്മ, എയ്ഞ്ചൽ എന്നിവരെ കാണാനില്ലായിരുന്നു. ഇവരെ ആശുപത്രിയിൽ ആക്കിയെന്നാണ് പൊലീസ് നല്കിയിരുന്ന വിശദീകരണം. പാലത്തിന്റെ അവശിഷ്ടങ്ങൽ വെള്ളത്തിൽ നിന്നു പൊക്കിയെടുക്കുന്നവരാണ് ഇവരുടെ ജഡങ്ങൾ കണ്ടത്. തകർന്ന പാലത്തിൽ കുടുങ്ങിപ്പോയതാണ് മരണ കാരണമായത്.

ഗുരുതരമായി പരിക്കേറ്റ ശ്യാമളാ ദേവിയാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ഭർത്താവ് ചന്ദ്രശേഖരൻ കെ.എം.എം.എൽ തൊഴിലാളിയായിരുന്നു. ജോലിക്ക് വരുന്നതിനിടെ വാഹനാപകടത്തിൽ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വച്ചു മരിച്ചിരുന്നു. ഈ ആനുകൂല്യത്തിൽ ജോലി കിട്ടിയതായിരുന്നു. പരിക്കേറ്റ മുഴുവൻപേർക്കും കമ്പനി ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു.

പാലം തകർന്നതിന് കാരണം കാലപ്പഴക്കമാണെന്നാണ് ആദ്യ നിഗമനം. പന്ത്രണ്ട് വർഷം പഴക്കമുള്ള പാലം തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു. ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എം.എം.എൽ താൽക്കാലിക ജീവനക്കാർ നടത്തി വന്ന പട്ടിണി സമരത്തിന്റെ ഭാഗമായി നടത്തിയ ഗേറ്റ് ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് പാലം തകർന്ന് അപകടത്തിൽ പെട്ടത്.

കോവിൽ തോട്ടത്തുള്ള മിനറൽസ് സെപ്പറേഷൻ പ്ലാന്റിൽ വച്ചായിരുന്നു ഗേറ്റ് ചർച്ച. രാവിലെ തന്നെ നൂറിലധികം തൊഴിലാളികൾ ടി.എസ് കനാലിനക്കരെ കടലിനോടു ചേർന്ന സെപ്പറേഷൻ പ്ലാന്റിൽ എത്തിയിരുന്നു. ചർച്ച കഴിഞ്ഞ് തിരികെ കടക്കാനായി ഇവർ ഒരുമിച്ച് പാലത്തിലേക്ക് കയറി. ഈ സമയം പ്ലാന്റിലേക്ക് ജോലിക്കായെത്തിയ സ്ഥിരം ജീവനക്കാർ അക്കരെ നിന്നും പാലത്തിലേക്ക് കയറി. ഇതോടെ 50 ൽപരം ആളുകൾ പാലത്തിലേക്ക് ഒരുമിച്ച് പ്രവേശിച്ചു. 20 പേരിൽ കൂടുതൽ ഭാരം താങ്ങാൻ ശേഷിയില്ലാത്ത പാലം ഇതോടെ ടി.എസ് കനാലിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. 30 ൽപരം ആളുകൾ വെള്ളത്തിലേക്ക് പതിച്ചു. ഏതാനും ചിലർ പാലത്തിൽ തൂങ്ങിക്കിടന്നു രക്ഷപെട്ടു.

സംഭവം അറിഞ്ഞ് ആദ്യമെത്തിയത് കെ.എം.എം.എല്ലിന്റെ ഫയർ ഫോഴ്സ് സംഘമാണ്. അപകടത്തിന്റെ തീവ്രത മനസ്സിലാക്കിയ ഇവർ ഉടൻ ചവറ, കരുനാഗപ്പള്ളി, കൊല്ലം ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും കരുനാഗപ്പള്ളി എ.സി.പി. എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിൽ പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കടൽക്കാറ്റേറ്റ് ഇരുമ്പ് പാലം ഏതാണ്ട് പൂർണ്ണമായും ദ്രവിച്ചിരിക്കുകയായിരുന്നു. ആറുമാസം കൂടുമ്പോൾ അറ്റകുറ്റപണി നടത്തുമെന്ന് കമ്പനി അധികൃതർ പറയുന്നെങ്കിലും പാലത്തിന്റെ നിലവിലെ അവസ്ഥ കണ്ടാൽ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായെന്നു തോന്നും. പാലം താഴേക്ക് കൂപ്പു കുത്തിയപ്പോൾ ഒരുഭാഗത്തെ തൂണുകൾ ബേസ്മെന്റ് കോൺക്രീറ്റോടെയാണ് പിഴുതു പോന്നത്. ഈ കോൺക്രീറ്റ് ബേസ്മെന്റിലെ കമ്പികൾ പൂർണ്ണമായും തുരുമ്പിച്ച് ജീർണ്ണാവസ്ഥയിലായിരുന്നു.

തകർന്ന് വീണ പാലം മുറിച്ചു മാറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ദേശീയ ജലപാതക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജല ഗതാഗതവും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP