Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ജുവിനേയും ശ്രീകുമാറിനേയും കുറിച്ചു പറഞ്ഞതെല്ലാം റിക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ്; ലിബർട്ടി ബഷീറിനെതിരായ ഗൂഢാലോചനാ വാദവും പിടിച്ചു നിൽക്കാനുള്ള ശ്രമമെന്നും പ്രോസിക്യൂഷൻ; താരത്തെ രക്ഷിച്ചെടുക്കാൻ കൂടുതൽ വാദങ്ങളുമായി ഇന്ന് രാമൻപിള്ള വക്കീൽ ഹൈക്കോടതിയിൽ എത്തും; പൊലീസ് നിലപാട് നിർണ്ണായകമാകും: ദിലീപിന്റെ ജാമ്യ ഹർജിയിലെ തീരുമാനത്തിന് കാതോർത്ത് സിനിമാ ലോകം

മഞ്ജുവിനേയും ശ്രീകുമാറിനേയും കുറിച്ചു പറഞ്ഞതെല്ലാം റിക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പൊലീസ്; ലിബർട്ടി ബഷീറിനെതിരായ ഗൂഢാലോചനാ വാദവും പിടിച്ചു നിൽക്കാനുള്ള ശ്രമമെന്നും പ്രോസിക്യൂഷൻ; താരത്തെ രക്ഷിച്ചെടുക്കാൻ കൂടുതൽ വാദങ്ങളുമായി ഇന്ന് രാമൻപിള്ള വക്കീൽ ഹൈക്കോടതിയിൽ എത്തും; പൊലീസ് നിലപാട് നിർണ്ണായകമാകും: ദിലീപിന്റെ ജാമ്യ ഹർജിയിലെ തീരുമാനത്തിന് കാതോർത്ത് സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ 24-ന് തള്ളിയിരുന്നു. ദിലീപിന് വേണ്ടി അഡ്വ.ബി രാമൻപിള്ളയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ രാംകുമാറായിരുന്നു ദിലീപിന്റെ വക്കീൽ. ദിലീപിന് ഉടൻ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകവും. മലയാള സിനിമയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് അനിവാര്യതയാണ്.

ആക്രമണത്തിന്റെ സൂത്രധാരൻ താനാണെന്ന ആരോപണം തെറ്റാണെന്നും, കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപ് ജാമ്യഹർജിയിൽ പറയുന്നുണ്ട്. ഒപ്പം പൊലീസിനെതിരെ നിരവധി കുറ്റാരോപണങ്ങളും ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദിലീപിന്റെ വാദങ്ങൾക്ക് ശക്തമായ സത്യവാങ്മൂലം നൽകാൻ തയ്യാറായിരിക്കുകയാണ് പൊലീസ്. നടിയെ തട്ടിക്കൊണ്ടുപോയ ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ നശിപ്പിച്ചിട്ടില്ലെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നാണ് ആവശ്യം.

കേസിലെ പരാതിക്കാരിയായ നടിയുടെ അടുത്ത സുഹൃത്തായ നടി രമ്യാ നമ്പീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ആലുവ പൊലീസ് ക്ലബിലാണു മൊഴിയെടുത്തത്. സംഭവ ദിവസം രാത്രി രമ്യയുടെ വീട്ടിലേക്കാണ് ഉപദ്രവത്തിന് ഇരയായ നടി എത്തിയതെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ പൊലീസ് ശേഖരിച്ചു. സംഭവത്തിനു ശേഷം സിനിമാ രംഗത്തു നിന്നു നടിക്ക് ഉറച്ച പിന്തുണ നൽകിയവരുടെ മുൻനിരയിൽ രമ്യയുണ്ടായിരുന്നു.

കേസിലെ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാൻ പര്യാപ്തമായ യാതൊരു തെളിവും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ് പുതിയ ജാമ്യഹർജി നൽകിയിരിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജൂലൈ 24 ന് കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങൾ അംഗീകരിച്ചായിരുന്നു അന്ന് കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ തനിക്കെതിരെ വൻഗൂഢാലോചന നടന്നെന്നും ഇതിന്റെ ഫലമായാണ് താൻ പ്രതിയായതെന്നും ദിലീപ് ജാമ്യഹർജിയിൽ പറയുന്നു. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യപ്രതി സുനിൽ കുമാറിനെ ജിവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് വാദിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേയും എഡിജിപി സന്ധ്യയുൾപ്പെടെയുള്ളവർക്കെതിരെയും ജാമ്യാപേക്ഷയിൽ പരാമർശങ്ങളുണ്ട്. സുനിൽകുമാറിന്റെ കത്ത് ലഭിച്ചപ്പോൾ തന്നെ ഡിജിപിക്ക് വാട്സ് അപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു.

കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി ബി സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും ഇത് കേസന്വേഷണത്തെ ബാധിച്ചുവെന്നുമാണ് ദിലീപിന്റെ ജാമ്യഹർജിയിലെ പ്രധാന ആരോപണം. ഇവരെക്കൂടാതെ പരസ്യ ചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ, ലിബർട്ടി ബഷീർ തുടങ്ങിയവരെയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. സംഭവം നടന്നശേഷം ഗൂഢാലോചനയുണ്ടെന്നു മഞ്ജുവാര്യർ ആരോപിച്ചതു തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും തനിക്കെതിരേ കഥകൾ മെനഞ്ഞതാണെന്നും ദിലീപ് ജാമ്യഹർജിയിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോൾ എഡിജിപി ബി.സന്ധ്യ കാമറ ഓഫാക്കിയതിനാൽ തന്റെ പരാമർശം പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടൻ വ്യക്തമാക്കി.

മാത്രമല്ല ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യൽ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. നേരത്തെ ഡി.ജി.പി ബെഹ്റക്കെതിരെയും ജാമ്യഹർജിയിൽ ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. നടിയെ ആക്രമിച്ച ദിവസം പൾസർ സുനി തന്നെ വിളിച്ച കാര്യം അന്ന് തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. പൾസർ സുനിയുമായുള്ള ഫോൺ സംഭാഷണവും മറ്റെല്ലാ വിവരങ്ങളും ഡിജിപിക്ക് കൈമാറിയിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. കേസിലെ പുതിയ സാഹചര്യങ്ങളിൽ ദിലീപിന് ജാമ്യം കിട്ടാൻ സാധ്യതയുണ്ടെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ.

അതേസമയം പൊലീസ് ഫോൺ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഫോൺ വിദേശത്തേയ്ക്ക് കടത്തിയേക്കാമെന്നാണ് സംശയമെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. ഫോൺ നശിപ്പിച്ചതായി പൾസർസുനിയുടെ അഭിഭാഷകൻ പ്രതീഷ് ചാക്കോ നൽകിയ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. അതേസമയം, തെളിവ് മറച്ചുവെച്ചതിനാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണസംഘം പറയുന്നുണ്ട്. ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അപ്പുണ്ണിക്ക് ക്ലീൻചീട്ട് നൽകിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അന്വേഷണത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

മാർച്ച് മാസം മുതൽ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലാണെന്നും പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്തിരുന്നെന്നും ദിലീപിന്റെ വാദം തെറ്റാണെന്നും കോടതിയിൽ തെളിയിക്കാൻ തയ്യാറെടുക്കുകയാണ് പൊലീസ്. ചോദ്യംചെയ്യൽ മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും മഞ്ജുവിനെയും ശ്രീകുമാർ മേനോനെയും കുറിച്ച് ദിലീപ് പറഞ്ഞ മുഴുവൻ കാര്യങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP