Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് കേരളം കാതോർത്തിരിക്കുന്നത് രണ്ട് കോടതി വിധികൾക്കായി; ദിലീപിന്റെ ജാമ്യ ഹർജിയിൽ തീരുമാനം അറിയാൻ മലയാളികൾ കാത്തിരിക്കുമ്പോൾ തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നതിനെ കുറിച്ച് സുപ്രീം കോടതിയും വിധിയും പറയും

ഇന്ന് കേരളം കാതോർത്തിരിക്കുന്നത് രണ്ട് കോടതി വിധികൾക്കായി; ദിലീപിന്റെ ജാമ്യ ഹർജിയിൽ തീരുമാനം അറിയാൻ മലയാളികൾ കാത്തിരിക്കുമ്പോൾ തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നതിനെ കുറിച്ച് സുപ്രീം കോടതിയും വിധിയും പറയും

ന്യൂഡൽഹി: ദിലീപിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലെത്തും. പ്രോസിക്യൂഷൻ വാദം താരത്തിന് ജാമ്യം നൽകരുതെന്ന് തന്നെയാകും. ജസ്റ്റീസ് സുനിൽ തോമസിന്റെ വിധി അനുകൂലമല്ലെങ്കിൽ തിരുവോണ നാളിലും ദിലീപിന് അഴിക്കുള്ളിൽ കിടക്കേണ്ടി വരും.

ഇതിനൊപ്പം മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ, ജഡ്ജിമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് ആറു ദിവസമെടുത്താണ് വിവിധ കക്ഷികളുടെ വാദം കേട്ടത്.

സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിച്ച ഒമ്പതംഗ ബെഞ്ചിന്റെ വിധിയും വെള്ളിയാഴ്ചയ്ക്കകം വന്നേക്കും. ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച വിരമിക്കുകയാണ്. ആധാർ കേസിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയം ഉരുത്തിരിഞ്ഞുവന്നത്. ബഹുഭാര്യത്വം സംബന്ധിച്ച വിഷയം തങ്ങൾ പരിഗണിക്കുന്നില്ലെന്ന് വാദത്തിനിടെ വ്യക്തമാക്കിയ കോടതി, മുത്തലാഖ് മതത്തിലെ അടിസ്ഥാന അവകാശമാണോ എന്നാണ് പരിശോധിക്കുന്നതെന്ന് പറഞ്ഞിരുന്നു.

ദിലീപ് കേസിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടു സമർപ്പിക്കപ്പെട്ട ജാമ്യാപേക്ഷയിൽ, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. കഴിഞ്ഞ വെള്ളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ച് വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നുണ്ടാവും. ചില പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന വാദമാണ് ദിലീപ് ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് ദിലീപിന്റെ ശ്രമം.

ദിലീപ് നൽകിയ ജാമ്യാപേക്ഷയെ നിശിതമായി എതിർക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. .കേസിലെ പ്രധാന സാക്ഷികളെല്ലാം സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും വലിയ സ്വാധീനശക്തിയുള്ള ദിലീപിനേപ്പോലൊരു പ്രതി ജാമ്യം നേടി പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP