Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൈവത്തിന്റെ പ്രതിരൂപമായി ഈ ഡോക്ടർ ദമ്പതികൾ;ആലുവ യുസി കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ ഊണും ഉറക്കവുമില്ലാതെ സേവനവുമായി ഡോ. നജീബും ഡോ. നസീമയും; മണിക്കൂറുകൾ ഒരേ നിൽപ് നിന്നും ഉറക്കത്തിനായി മൂന്ന് മണിക്കൂർ മാത്രം മാറ്റി വെച്ചും രോഗികൾക്കൊപ്പം; 500 പേരെ പ്രതീക്ഷിച്ച ക്യാമ്പിൽ ആയിരത്തിലേറെ ആളുകളെത്തിയിട്ടും തളരാതെ സേവനം നൽകി ഇവർ മാതൃകയാകുന്നു

ദൈവത്തിന്റെ പ്രതിരൂപമായി ഈ ഡോക്ടർ ദമ്പതികൾ;ആലുവ യുസി കോളേജിലെ  ദുരിതാശ്വാസ ക്യാമ്പിൽ ഊണും ഉറക്കവുമില്ലാതെ സേവനവുമായി ഡോ. നജീബും ഡോ. നസീമയും; മണിക്കൂറുകൾ ഒരേ നിൽപ് നിന്നും ഉറക്കത്തിനായി മൂന്ന് മണിക്കൂർ മാത്രം മാറ്റി വെച്ചും രോഗികൾക്കൊപ്പം; 500 പേരെ പ്രതീക്ഷിച്ച ക്യാമ്പിൽ ആയിരത്തിലേറെ ആളുകളെത്തിയിട്ടും തളരാതെ സേവനം നൽകി ഇവർ മാതൃകയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ആലുവ: ദൈവത്തിന്റെ കരങ്ങൾ മനുഷ്യനിലൂടെയാണ് വരുന്നതെന്നത് വെറും പാഴ്‌വാക്കല്ല എന്ന് തെളിയിക്കുന്നതാണ് ആലുവ യു സി കോളേജിൽ നിന്നുമുള്ള കാഴ്‌ച്ച. കഴിഞ്ഞ മൂന്ന് ദിവസമായി കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് സേവനം നൽകുകയാണ് ഡോ. നജീബും ഡോ. നസീമയും. രാത്രി കൃത്യം മൂന്ന് മണിക്കൂർ മാത്രം ഉറക്കം. ചികിത്സ നൽകുന്നത് മണിക്കൂറുകളോളം ഒരേ നിൽപ് നിന്നുകൊണ്ട്. കൃത്യമായി വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ഈ ദമ്പതികൾക്ക് കഴിയുന്നില്ല. എന്നിരുന്നാലും ദുരിതത്തിലായിരിക്കുന്നവർക്ക് കൈത്താങ്ങാകണമെന്ന ഉത്തരവാദിത്വം ഈ ഡോക്ടർ ദമ്പതികൾ കൃത്യമായി പാലിക്കുന്നു.

യുസി കോളേജിനടുത്ത് തന്നെയാണ് ഇവരുടെ താമസം. കോളേജിലേക്ക് ദുരിത ബാധിതർ എത്തുന്നുവെന്നറിഞ്ഞതോടെ സേവനം നൽകാൻ ഇവർ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. 500 പേരെ മാത്രം പ്രതീക്ഷിച്ച ക്യാമ്പിൽ ആയിരങ്ങൾ പിന്നിട്ടതോടെ ഇവർക്ക് വിശ്രമമില്ലാതായി. പ്രായമായവരും കൈക്കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിനുപേരാണ് ഇവിടെ ചികിത്സയ്ക്കായി കാത്തു നിൽക്കുന്നത്. എല്ലാവരും ഈ ഡോക്ടർ ദമ്പതികളുടെ സ്‌നേഹപൂർവ്വമുള്ള സേവനത്തിൽ തൃപ്തരാണ്.

ബിനാനിപുരത്തുള്ള ഇ.എസ്‌ഐ. ഡിസ്‌പെൻസറിയിലാണ് ഡോ. നജീബിന്റെ ജോലി. ഡോ. നസീമ അങ്കമാലി താലൂക്ക് ആശുപത്രിയിലും. കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും ഈ സമയത്ത് നാടിനുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേയെന്നാണ് ഇവരുടെ ചോദ്യം. തിരക്കിനിടയിൽ മരുന്നുകൾ കൃത്യമായി എടുത്തു നൽകാൻ കഴിയണമേയെന്ന പ്രാർത്ഥനയിലാണ് ഇവർക്കുള്ളത്. ഊണും ഉറക്കവുമില്ലാതെ ക്ഷീണിച്ചതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ കഴിച്ചാണ് നിൽക്കുന്നതെന്നും ഇരുവരും പറഞ്ഞു.

പൂർണ ഗർഭിണികളും, കൈ കുഞ്ഞുങ്ങളും അമ്മമാരുമടക്കം നിരവധി ആളുകളാണ് യുസി കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. പൂർണ്ണ ഗർഭിണികളായ 20ൽ അധികം യുവതികൾ ക്യാമ്പിലുണ്ടെന്നാണ് വിവരം. കൈ കുഞ്ഞുങ്ങളുമായി 50ൽ അധികം അമ്മമാരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവർക്കായി പരമാവധി സഹായം ലഭ്യമാക്കാൻ വോളന്റിയർമാരുടെ ഒരു നിര തന്നെ ഇവിടെയുണ്ട്.

കുഞ്ഞുങ്ങളേയും അമ്മമാരെയും പ്രത്യേകം ബ്ലോക്കിൽ താമസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ബേബി ഫുഡ് ക്യാമ്പിൽ കുറവാണെന്നുള്ളതാണ് ഇപ്പോൾ ഇവിടെ നേരിടുന്ന വെല്ലുവിളി. ഗർഭിണികളുടേയും അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. ആലുവയിലെ ക്യാമ്പിൽ ഈ ഡോക്ടർ ദമ്പതിമാർക്കൊപ്പം ചികിത്സാ സേവനം നൽകാൻ ഡോക്ടർമാരുടെ മറ്റൊരു സംഘവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP