Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസിന്റെ അന്ത്യം പശുവിന്റെ പേരിലായിരിക്കും; ഉത്തരേന്ത്യയിൽ കർഷകർ ഗോരക്ഷാപ്രവർത്തകർക്കെതിരെ തിരിയുകയാണ്; കിസാൻസഭ സമരം നടത്തിയ സ്ഥലങ്ങളിൽ ഇടതുപാർട്ടികൾക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും ഡോ വിജു കൃഷ്ണൻ

ആർഎസ്എസിന്റെ അന്ത്യം പശുവിന്റെ പേരിലായിരിക്കും; ഉത്തരേന്ത്യയിൽ കർഷകർ ഗോരക്ഷാപ്രവർത്തകർക്കെതിരെ തിരിയുകയാണ്; കിസാൻസഭ സമരം നടത്തിയ സ്ഥലങ്ങളിൽ ഇടതുപാർട്ടികൾക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും ഡോ വിജു കൃഷ്ണൻ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ഇന്ത്യയിൽ ആർഎസ്എസിന്റെ അന്ത്യം പശുവിന്റെ പേരിലായിരിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭാ നേതാവും സിപിഐഎം ദേശീയ കമ്മറ്റി അംഗവുമായ ഡോ. വിജൂകൃഷ്ണൻ. അഖിലേന്ത്യാ കിസാൻ സഭയ്ക്ക് കീഴിൽ സമരം നടന്ന സംസ്ഥാനങ്ങളിൽ ഇടതുപാർട്ടികൾക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി പരിപാടിയിൽ കോർപറേറ്റ് ഫാസിസവും ചെറുത്ത്നിൽപുകളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു വിജു കൃഷ്ണൻ.

ഉത്തരേന്ത്യൻ കർഷകർ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പ്രായമായ കാലികളാണ്. പ്രത്യേകിച്ച് പശുക്കൾ. നേരത്തെ കർഷകർ ഇത്തരത്തിൽ പ്രായമായവയെ അറുത്ത് ഇറച്ചിയാക്കുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയതിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഗോരക്ഷാ പ്രവർത്തകരെ ഭയന്ന് ഇത്തരം പ്രായമായ പശുക്കളെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇവയെ വളർത്തുക എന്നത് ഏറെ ബാധ്യതയുണ്ടാക്കുന്ന കാര്യവുമാണ്. അതിനാൽ തന്നെ ഇപ്പോൾ കർഷകർ പ്രായമായ കാലികളെ കെട്ടഴിച്ച് വിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കാലികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. ഇവ കൃഷിയിടങ്ങളിൽ കയറി വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാഴ്ചകളാണ് അടുത്ത കാലത്തായി ഉത്തരേന്ത്യയിൽ നിന്നുള്ളത്. ഇത് കർഷകരെ ഗോരക്ഷാ പ്രവർത്തകർക്കെതിരാക്കുന്നതിനു കാരണമായിരിക്കുന്നു.

സംഘപരിവാർ അനുകൂലികളായ കർഷകർ പോലും ഇപ്പോൾ ഇതിനെതിരെ പരസ്യമായി പ്രതകരിക്കുന്ന സ്ഥിതി വിശേഷമുണ്ട്. ഗോരക്ഷാ പ്രവർത്തകരുടെ അക്രമങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ പിന്തുണയുള്ളത് കർഷകർക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു കാർഷിക പ്രതിസന്ധികൾക്കൊപ്പം ഇതും ജനങ്ങളെ മോദി സർക്കാറിന് എതിരാക്കുന്നതിന് കാരണമായി. മോദി ബിജെപി കിസാൻ വിരോധിയെന്ന ഒരു പൊതു നിലപാടിലേക്ക് കർഷകരെ എത്തിക്കുന്നതിന് മറ്റുകാർഷിക പ്രശ്നങ്ങൾക്കൊപ്പം ഗോരക്ഷാ അക്രമങ്ങൾ കൂടി കാരണമായിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ള അഖിലേന്ത്യ കിസാൻസഭ നേതൃത്വം നൽകിയ കർഷക സമരങ്ങൾ അവിടെങ്ങളിൽ ഭരണം നേടാനോ മറ്റു പാർലമെന്ററി നേട്ടങ്ങൾക്കോ വേണ്ടിയായിരുന്നില്ല. മറിച്ച് കർഷകരുടെ ജീവിക്കാനാവാത്ത അവസ്ഥക്ക് മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ്. എന്നാൽ ചിലയിടങ്ങളിൽ മഹാരാഷ്ട്രയിലെ ലോഗ് മാർച്ചടക്കമുള്ളവ കാരണം ഇടതുപാർട്ടികൾക്ക് ചെറുതല്ലാത്ത മുന്നേറ്റങ്ങളുണ്ടാക്കാനായിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ രാഗേഷ് സിൻഹയുടെ വിജയം അതിനുദാഹരാണമാണ്. രാജസ്ഥാനിലും അതിന്റെ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലയിടത്തും വിജയിക്കാനാകില്ലെങ്കിലും ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കർഷക സമരങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കിസാൻ വിരോധി ബിജെപി മോദി ഇന്ത്യവിട്ടുപോകുക എന്ന പൊതുനിലപാടിലേക്ക് രാജ്യത്തെ കർഷകരെയെത്തിക്കാൻ ലോംഗ് മാർച്ചടക്കമുള്ള കർഷക സമരങ്ങൾക്കായിട്ടുണ്ട്.

രാജ്യത്ത് നടക്കുന്നത് മൊദാനി മോഡൽ വികസനമാണ്. മോദിയും അദാനിയും ചേർന്നുള്ള കപട വികസനവാദം. അതിന്റെ ആദ്യത്തെ ഉദാഹരണമായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ. അവിടെ അവരുടെ കുതന്ത്രം വിജയിച്ചു. അത് രാജ്യമൊട്ടാകെ നടപ്പിലാക്കി കർഷകരെ വഴിയാധാരമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബുള്ളറ്റ് ട്രെയിനടക്കമുള്ളവക്ക് വേണ്ടി ലക്ഷക്കണക്കിന് കർഷകരുടെ ഭൂമിയാണ് എല്ലാമാനദഢങ്ങളും കാറ്റിൽ പറത്തി പിടിച്ചെടുത്തിരിക്കുന്നത്. രാജ്യത്താദ്യമായി കർഷകരുടെ ആവശ്യങ്ങൾക്കൊപ്പം പൊതുസമൂഹവും സൈനികരും ഒരുമിച്ച് നിൽക്കുന്ന പുതിയ കാഴ്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും അഖിലേന്ത്യാ കിസാൻസഭാ നേതാവും മഹാരാഷ്ട്രയിൽ നടന്ന ലോംഗ് മാർച്ചിന്റെ മുഖ്യ സംഘാടകൻ കൂടിയായ ഡോ. വിജൂകൃഷ്ണൻ പറഞ്ഞു. നാല് ദിവസമായി കോഴിക്കോട് നടന്നുകൊണ്ടിരിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി ഇന്ന് സമാപിച്ചു. സമാപന പരിപാടിയായി നിലമ്പൂർ നാടക സംഘടത്തിന്റെ നാടകാന്തം എന്ന നാടകാവതരണവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP