Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടതുമുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിമർശിച്ച് ഇ.പി.ജയരാജൻ; പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിവരുന്നതിനാലാണ് ഇടതു സർക്കാറിനേയും ആഭ്യന്തരവകുപ്പിനേയും വിമർശിക്കുന്നത്; ഷാജഹാജന്റെ അട്ടിമറി പണിക്ക് കാനം ചൂട്ട് പിടക്കരുതെന്നും ഇപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇടതുമുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിമർശിച്ച് ഇ.പി.ജയരാജൻ; പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിവരുന്നതിനാലാണ് ഇടതു സർക്കാറിനേയും ആഭ്യന്തരവകുപ്പിനേയും വിമർശിക്കുന്നത്; ഷാജഹാജന്റെ അട്ടിമറി പണിക്ക് കാനം ചൂട്ട് പിടക്കരുതെന്നും ഇപിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് ഇ.പി.ജയരാജൻ ഉന്നയിക്കുന്നത്. മുന്നണി മര്യാദകൾ എല്ലാം ലംഘിക്കുന്നതാണ് കാനത്തിന്റെ വിമർശനങ്ങൾ. ആഭ്യന്തര വകുപ്പിനെതിരെയുള്ള ഇത്തരം ജൽപ്പനങ്ങൾ ക്ഷമിക്കാൻ കേരളീയ മനസ്സുള്ള ആർക്കും സാധിക്കില്ല. ഇടതുപക്ഷത്തിന്റെ മേലാവിയായി കാനത്തിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി.ജയരാജൻ ഫെയ്‌സബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു.


ഭരണത്തിലെ പോരായ്മകൾ മുന്നണിക്കകത്ത് അവതരിപ്പിക്കുന്നതിന് പകരം ചാമ്പ്യൻഷിപ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. മുന്നണി നേതാവ് തന്നെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നത് അപലപനീയമാണ്. ജിഷ്ണു പ്രണോയി കേസിൽ സർക്കാർ ചെയ്യാനാവുന്നതെല്ലാം ചെയ്തു എന്നാൽ മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി തന്നെ വ്യക്തമാക്കണം. പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നതുകൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നതെന്നും ജയരാജൻ ചോദിക്കുന്നു.

സഖാവ് വി എസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന ഷാജഹാന്റെ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നതെന്നും ജയരാജൻ ചോദിക്കുന്നുണ്ട്. മുന്നണി മര്യാദ പാലിക്കാതെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടി വരുന്നതെന്നും പോസ്റ്റിൽ വിമർശിക്കുന്നുണ്ട്.

വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടമെന്ന് പറഞ്ഞാണ് ഇപി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇ.പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പൊലീസിന് നേരെയും ആദ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്ക് ക്ഷമിക്കുവാൻ കഴിയുന്നതല്ല.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എൽ ഡി എഫ് നയം പറയേണ്ടത് മുന്നണി ചർച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയിൽ എടുക്കില്ല എന്നോ എടുക്കും എന്നോ മുൻകൂർ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.
മുന്നണിക്കകത്തു യുക്തമായ വേദിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യൻഷിപ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടി വരുന്നത്. സർക്കാരിന്റെ പൊലീസ് നയം സുവ്യക്തമാണ്. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നതല്ല അത്. ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിൽ സർക്കാർ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി വ്യക്തമാക്കണം.
പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നതുകൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പൊലീസ് ഡി ജി പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാൻ പുറപ്പെട്ടവരെ ന്യായീകരിക്കാൻ എന്താണ് ന്യായം? സഖാവ് വി എസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുകയും വി എസി നെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്?
വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP