Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ മന്ത്രിക്കും സിങ്കം പണികൊടുത്തു; ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ടി എച്ച് മുസ്തഫയുടെ വീട്ടിൽ നിന്നും വൈദ്യുതി മോഷണം കണ്ടെത്തി

മുൻ മന്ത്രിക്കും സിങ്കം പണികൊടുത്തു; ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ടി എച്ച് മുസ്തഫയുടെ വീട്ടിൽ നിന്നും വൈദ്യുതി മോഷണം കണ്ടെത്തി

കൊച്ചി: കെഎസ്ഇബി വിജിലൻസ് ഓഫീസറായി ഋഷിരാജ് സിങ് ചുമതലയേറ്റതുമുതൽ വൈദ്യുതി ബോർഡ് ജീവനക്കാർക്കുവരെ ഉറക്കമില്ലാതായി. ഇപ്പോഴിതാ വൈദ്യുതി മോഷണത്തിന് മുൻ മന്ത്രി ഉൾപ്പെടെ ഋഷിരാജിന്റെ പിടിയിലായിരിക്കുന്നു.

മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ വീട്ടിൽ നിന്നാണ് ഇത്തവണ വൈദ്യുതി മോഷണം പിടികൂടിയത്. എറണാകുളം വാഴക്കുളത്തെ വീട്ടിലാണ് എഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് വൈദ്യുതി മോഷണം കണ്ടെത്തിയത്.

കാർഷിക ആവശ്യങ്ങൾക്കു വേണ്ടിയുള്ള വൈദ്യുതി ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ടി എച്ച് മുസ്തഫക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. കാർഷികാവശ്യങ്ങൾക്ക് സൗജന്യനിരക്കിൽ ലഭ്യമാക്കുന്ന വൈദ്യുതിയാണ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്.


ഋഷിരാജ് സിങ് കെഎസ്ഇബി വിജിലൻസ് വിഭാഗത്തിൽ ചുമതലയേറ്റതുമുതൽ സംസ്ഥാനമൊട്ടാകെ വ്യാപകമായ റെയ്ഡാണ് നടക്കുന്നത്. ഇതിനകം നിരവധി വൈദ്യുതി മോഷണങ്ങളാണ് ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്. വൈദ്യുതി ബോർഡിലെ ജീവനക്കാർ ആയിരുന്നവരിൽ നിന്നുവരെ ലക്ഷക്കണക്കിന് രൂപയാണ് പിഴയിട്ടത്.

സംസ്ഥാനത്ത് വൈദ്യുതി മോഷ്ടിക്കുന്നവരിൽ ഏറെയും സമ്പന്നരും ഉന്നതരും കെഎസ്ഇബി ജീവനക്കാരും തന്നെയാണെന്ന് ഋഷിരാജ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ വെളിപ്പെട്ടിരുന്നു. വൈദ്യുതി മോഷണം നടത്തുന്നവർ എത്ര ഉന്നതരായാലും പിടികൂടുമെന്ന് ഋഷിരാജ് സിങ് പറഞ്ഞിരുന്നു.

ബില്ലടയ്ക്കുന്നതിന് ഒരു ദിവസം വൈകിയ ഇന്നസെന്റ് എംപിയുടെ വീട്ടിൽ മാത്രമല്ല, സെക്രട്ടറിയറ്റിൽ ബില്ലടയ്ക്കാതിരുന്ന കെട്ടിടത്തിന്റെ ഫീസും കെഎസ്ഇബി ഊരിയിരുന്നു. ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് സെക്രട്ടറിയറ്റിലും ഫീസൂരിയത്. 40,000 രൂപ കുടിശിക വരുത്തിയതിനെ തുടർന്നായിരുന്നു നടപടി.

തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലായിടത്തും വൈദ്യുതി മോഷ്ടാക്കൾ ഋഷിരാജിന്റെ സിങ്കം എഫക്ട് അറിഞ്ഞു. തൃക്കാക്കരയിൽ നിന്ന് രണ്ട് കണക്ഷനിൽ താരിഫ് ദുരുപയോഗം കണ്ടെത്തി അഞ്ച് ലക്ഷത്തിലേറെയാണ് പിഴയിട്ടത്. തിരുവനന്തപുരം പാറശാലയിൽ ഒരു ലക്ഷം രൂപ പിഴയിട്ട സംഭവവും ഉണ്ടായി. പാലക്കാട്ട് കൽപാത്തിക്ക് സമീപം വൈദ്യുതി മീറ്ററിൽ തടി തിരുകിവച്ച് പ്രവർത്തനം നിർത്തിവച്ചതും കണ്ടെത്തി.

കെഎസ്ഇബി മുൻ ജീവനക്കാരന്റെ വീട്ടിൽ നിന്നടക്കം വൈദ്യുതി മോഷണം കണ്ടുപിടിച്ച് മുന്നേറുകയാണ് സിങ്കം. മുന്മന്ത്രിമാർക്കു പുറമെ വൈദ്യുതി ദുരുപയോഗത്തിന് പേരുകേട്ട ഇപ്പോഴത്തെ മന്ത്രിമാരും പേടിക്കണമെന്ന് ചുരുക്കം. ഋഷിരാജ് സിങ് കെഎസ്ഇബി ചീഫ് വിജിലൻസ് ഓഫീസറായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ വൈദ്യുതി മോഷണങ്ങൾ പിടിച്ച വകയിൽ പിഴത്തുകയായി സർക്കാർ ഖജനാവിലേക്കു ഒഴുകിയെത്തിയതു 11 കോടി 22 ലക്ഷം രൂപയാണ്. ചുമതലയേറ്റ ഓഗസ്റ്റിൽത്തന്നെ ഒരു കോടി 39 ലക്ഷം രൂപ പിഴയായി ഈടാക്കിയപ്പോൾ സെപ്റ്റംബറിൽ അതു മൂന്നിരട്ടിയായി നാലു കോടി പതിനൊന്നു ലക്ഷത്തിലെത്തി.

എന്നാൽ ഈ റിക്കാർഡും മറികടന്നു ഒക്‌ടോബറിൽ രണ്ടാഴ്ചക്കുള്ളിൽ ലഭിച്ചത് അഞ്ചു കോടി 72 ലക്ഷം രൂപയാണ്. വാട്സ്അപ്  അടക്കമുള്ള നൂതന സംവിധാനങ്ങളുടെ സഹായത്തോടെയാണു ഋഷിരാജ് സിങ് വൈദ്യുതി മോഷണം കണ്ടെത്തുന്നത്. വാട്‌സ്അപ്പിലുടെ എല്ലാ ദിവസവും 14 ജില്ലകളിലെയും കെഎസ്ഇബി വിജിലൻസ് ഓഫിസർമാർക്കു ഋഷിരാജ് നിർദ്ദേശം നൽകും. സർക്കാർ സ്ഥാപനങ്ങളെ റെയ്ഡിൽ നിന്നൊഴിവാക്കരുതെന്ന കർശന നിർദ്ദേശവും അദ്ദേഹം നൽകും. പരിശോധനയുടെ ഫലങ്ങൾ അതതു ദിവസം വൈകിട്ടോടെ വിജിലൻസ് ഉദ്യോഗസ്ഥർ വാട്‌സ് ആപ്പിലൂടെ തന്നെ ഋഷിരാജിനെ അറിയിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP