Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു; പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കാത്തതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നു വിശദീകരണം; ചാണ്ടിക്കു പകരം ഇ.പി മന്ത്രിയാക്കണമെന്ന കണ്ണൂർ ലോബിയുടെ ആവശ്യം പിണറായി അംഗീകരിക്കുമോ?

ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു; പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കാത്തതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നു വിശദീകരണം; ചാണ്ടിക്കു പകരം ഇ.പി മന്ത്രിയാക്കണമെന്ന കണ്ണൂർ ലോബിയുടെ ആവശ്യം പിണറായി അംഗീകരിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് സമർപ്പിക്കും. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും. നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകൻ സ്ഥാനമേറ്റില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിൻവലിച്ചു. എന്നീ കാരണങ്ങൾ നിരത്തിയാണ് വിജിലൻസ് കേസ് അവസാനിപ്പിക്കുന്നത്.

ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ കഴിഞ്ഞ ഒക്ടോബറിലാണ് ബന്ധുവായ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചത്. വിവാദമായതോടെ നിയമനം സർക്കാർ റദ്ദാക്കിയെങ്കിലും ജയരാജനും സുധീർ നമ്പ്യാർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വിശദീകരിക്കണമെന്നും ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരത്തെ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് വിശദീകരണവും നൽകിയിരുന്നു.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ആറുമാസം തടവോ പിഴയോ ശിക്ഷ കിട്ടാവുന്ന ഗൂഢാലോചനക്കുറ്റവും ചുമത്തി ജയരാജനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജൻ നൽകിയ ഹർജിയിൽ എഫ്.ഐ.ആർ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വ്യവസായ പുനഃസംഘടനാ ബോർഡ് (റിയാബ്) അഭിമുഖം നടത്തി തയ്യാറാക്കിയ 42 പേരുടെ പാനൽ അട്ടിമറിച്ച് യോഗ്യതയില്ലാത്തവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. വ്യവസായവകുപ്പ് അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ചെയർമാനായ ഇന്റർവ്യൂ ബോർഡാണ് 42 പേരുടെ അന്തിമപട്ടിക തയ്യാറാക്കിയത്.

ഓരോരുത്തരുടെയും പ്രവർത്തനപരിചയം കണക്കിലെടുത്ത് 17 സ്ഥാപനങ്ങളിലേക്ക് രണ്ടു മുതൽ അഞ്ചുവരെയാളുകളുടെ പാനൽ നൽകി. ഈ പാനൽ മറികടന്ന് പത്തിടത്ത് മുൻ വ്യവസായ മന്ത്രി സ്വന്തം നിലയിൽ നിയമനങ്ങൾ നടത്തിയതായാണ് വിജിലൻസ് കണ്ടെത്തൽ. ജയരാജന്റെ ഭാര്യാ സഹോദരിയും എംപിയുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ നിയമിച്ച കെ.എസ്.ഐ.ഇയിൽ ട്രാവൻകൂർ ടൈറ്റാനിയം എം.ഡിയായിരുന്ന ബി. ജ്യോതികുമാർ, മനേഷ് പ്രതാപ് സിങ് എന്നിവരിലൊരാളെ എം.ഡിയാക്കാനാണ് റിയാബ് ശുപാർശ ചെയ്തത്. എന്നാൽ ജയരാജന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, നിയമനത്തിന് അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത സുധീർ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയാക്കി അഡി. ചീഫ് സെക്രട്ടറി പോൾ ആന്റണി ഉത്തരവിറക്കുകയായിരുന്നു. വിവാദമായപ്പോൾ നിയമനം റദ്ദാക്കുകയായിരുന്നു.

കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നതിനിടെ താൻ ചെയ്തതിൽ നിയമവും ചട്ടവും അനുസരിച്ച് തെറ്റില്ലെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. നിയമനത്തിൽ സാമ്പത്തിക ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ല. പദവിക്ക് വേണമെങ്കിൽ കളങ്കപ്പെടുത്താം. അതിനാൽ എല്ലാറ്റിനും ഗുണകരം രാജിയാണെന്ന് കണ്ടു. അങ്ങനെ രാജിവെച്ചു. ഇപ്പോൾ തന്റെ നിരപരാധിത്വം ജനങ്ങളേയും പാർട്ടിയേയും ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞു. ഇനി മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നേയില്ലെന്നും ഇപി പറഞ്ഞു.

ഒരു ഒന്നാം തീയതി ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നാം തീയതി തന്നെ ഉത്തരവ് റദ്ദാക്കി. ബന്ധുനിയമനമാകണമെങ്കിൽ രക്തബന്ധം വേണം. തെറ്റുപറ്റാത്തവരായി ആരുമില്ല. എന്നാൽ അത് തിരിച്ചറിഞ്ഞ് തിരുത്തി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ ആ ചുമതല ഞാൻ നിർവഹിച്ചു.

ത്വരിത പരിശോധന പൂർത്തിയാകുന്നതിന് മുൻപെ എഫ്.ഐ.ആർ ഇട്ടു. കേന്ദ്രകമ്മിറ്റി ചേർന്ന ദിവസമാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. ഇതിന് പിന്നിൽ ഒരു ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. നീതിപൂർവകമായ പ്രവർത്തനം പാർട്ടിയെ ബോധ്യപ്പെടുത്തുക. അതിന് കഴിഞ്ഞു. ആക്രമിക്കാനും കൊലപ്പെടുത്താനും വന്നവരോട് പോലും കുടിപ്പക വച്ചു പുലർത്തിയിട്ടില്ല.

ജനങ്ങൾക്ക് വേണ്ടി ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുകയാണ്. തനിക്കെതിരെ കേസെടുത്ത ജേക്കബ് തോമസിനെ ഇന്നുവരെ ഫോണിൽ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. കേസ് അവസാനിപ്പിക്കുന്നതോടെ ഒരുകാര്യം വ്യക്തമാകുന്നു സത്യത്തെ മറച്ചുവെക്കാനാകില്ല. ചരിത്രത്തിന്റെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം കുറ്റവിമുക്തനായ ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ണൂർ ലോബി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി തോമസ് ചാണ്ടി വിവാദങ്ങളിൽ പെട്ട സാഹചര്യത്തിൽ ജയരാജനെ മന്ത്രിയാക്കണമെന്ന നിലപാടിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP