Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിയാലിന്റെ സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം പരിഗണനയിലെന്ന് എറിക് സോൽഹെം; സിയാലിന്റെ മാത്ൃ മറ്റ് രാജ്യങ്ങളും പിന്തുടരണം; ഈ മാതൃകയെ ലോകത്താകെ പ്രചരിപ്പിക്കുന്ന കാര്യം യു.എൻ.ഇ.പി പരിഗണിക്കുന്നുണ്ടെന്നും എറിക്

സിയാലിന്റെ സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം പരിഗണനയിലെന്ന് എറിക് സോൽഹെം; സിയാലിന്റെ മാത്ൃ മറ്റ് രാജ്യങ്ങളും പിന്തുടരണം; ഈ മാതൃകയെ ലോകത്താകെ പ്രചരിപ്പിക്കുന്ന കാര്യം യു.എൻ.ഇ.പി പരിഗണിക്കുന്നുണ്ടെന്നും എറിക്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ(സിയാൽ) സൗരോർജ പദ്ധതിക്ക് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക അംഗീകാരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് യു.എൻ.അന്താരാഷ്ട്ര പരിസ്ഥിതി മേധാവി എറിക് സോൽഹെം അറിയിച്ചു. സിയാലിന്റെ സൗരോർജ പ്ലാന്റുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന നിലയിൽ സിയാലിനെ അംഗീകരിക്കുന്നതിൽ ഐക്യരാഷ്ട്ര സഭയ്ക്ക് സന്തോഷമുണ്ട്. വൻതോതിൽ ഊർജ ഉപഭോഗം വേണ്ടിവരുന്ന സ്ഥാപനങ്ങളിൽ പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതിൽ സിയാൽ മറ്റുള്ളവർക്ക് മാതൃക കാണിച്ചുകൊടുത്തു.

സിയാലിന്റെ ഈ മാതൃക മറ്റ് വിമാനത്താവളങ്ങൾക്ക് മാത്രമല്ല, രാജ്യങ്ങൾക്ക് തന്നെ പിന്തുടരാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായ ബീജിങ് എയർപോർട്ടും ഏക്യരാഷ്ട്ര സഭ പരിസ്ഥിതി സംഘടന(യു.എൻ.ഇ.പി)യും തമ്മിൽ സുസ്ഥിര വികസന സംരംഭത്തിനായി കരാർ ഒപ്പുവച്ചിരുന്നു. മാലിന്യസംസ്‌ക്കരണം മുതൽ ഊർജോൽപ്പാദനം വരെ വിവിധ തലങ്ങളിൽ ഇരു സ്ഥാപനങ്ങളും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ നേരിട്ട് അംഗീകാരം നൽകിയിട്ടുള്ള ഒരേയൊരു വിമാനത്താവളമാണിത്.

ബിജിങ് വിമാനത്താവളവുമായുള്ള സഹകരണം സിയാലിലും നടപ്പിലാക്കുന്നതിനെക്കുറിച്ച് യു.എൻ.ഇ.പി ആലോചിക്കുന്നുണ്ട്. സൗരോർജ പാനലുകൾക്കിടയിൽ ജൈവകൃഷി നടത്തുന്ന സിയാലിന്റെ പദ്ധതി ഏറെ പുതുമയുള്ളതാണ്. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നു. ഈ മാതൃകയെ ലോകത്താകെ പ്രചരിപ്പിക്കുന്ന കാര്യം യു.എൻ.ഇ.പി പരിഗണിക്കുന്നുണ്ട്. സുസ്ഥിരവും പരിസ്ഥിതി സൗഹാർദപരവുമായ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ബിസിനസ് മാനേജ്മെന്റും സാമൂഹിക ഉന്നമനവും വ്യത്യസ്ത ശ്രേണിയിൽ പ്രവർത്തിക്കുന്ന കാര്യങ്ങളല്ല എന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുന്നയാളാണ്.

ലോകത്താകെ പ്ലാസ്റ്റിക് മാലിന്യം വർധിക്കുകയാണ്. സമുദ്രങ്ങളിൽ ആയിരക്കണക്കിന് അടി താഴെ വരെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുപോലെയുള്ള വിപത്താണ് ഫോസിൽ ഇന്ധനങ്ങൾ സൃഷ്ടിക്കുന്നത്. ഹരിത ഊർജ ഉത്പാദനമാണ് ഈ മാലിന്യങ്ങൾ തടയുന്നതിനുള്ള മാർഗങ്ങളിൽ ഒന്ന്. സിയാൽ നടപ്പിലാക്കുന്നതുപോലുള്ള ഹരിത പദ്ധതികളിൽ ഐക്യരാഷ്ട്രസഭ പ്രത്യേക താൽപ്പര്യം കാണിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്-എറിക് സോൽഹെം പറഞ്ഞു.

സിയാലിന്റെ ഹരിത പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന് ഐക്യരാഷ്ട്രസഭ കാണിക്കുന്ന താൽപ്പര്യത്തിൽ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറഞ്ഞു. ' എല്ലാകാലത്തും സമൂഹത്തിന് ഗുണകരമാകുന്നവിധത്തിൽ മാത്രമേ സിയാൽ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളൂ. ഇപ്പോൾ അതിന് പരിസ്ഥിതി സൗഹാർദം എന്ന തലവും കൈവന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ സിയാലിന്റെ സൗരോർജ മാതൃക അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടും. ഈ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാകുമെന്നും കുര്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP