Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികൾ തോന്നുമ്പോൾ വരുന്നതും പോകുന്നതും ചോദ്യം ചെയ്തു; യൂണിയൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി; വീഴ്ചകൾ ചൂണ്ടികാണിച്ചതിന് എസ്റ്റേറ്റ് മാനേജരെ പൂട്ടിയിട്ട് മർദ്ദിച്ചു; മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ യൂണിയൻ നേതാക്കളുടെ അക്രമത്തിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

തൊഴിലാളികൾ തോന്നുമ്പോൾ വരുന്നതും പോകുന്നതും ചോദ്യം ചെയ്തു; യൂണിയൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി; വീഴ്ചകൾ ചൂണ്ടികാണിച്ചതിന് എസ്റ്റേറ്റ് മാനേജരെ പൂട്ടിയിട്ട് മർദ്ദിച്ചു; മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ യൂണിയൻ നേതാക്കളുടെ അക്രമത്തിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

അരുൺ ജയകുമാർ

തിരുവനന്തപുരം: എസ്‌റ്റേറ്റ് ജോലികൾ ചെയ്യുന്നതിലെ വീഴ്‌ച്ചകൾ ചൂണ്ടിക്കാണിച്ച അസിസ്റ്റന്റ് മാനേജർക്ക് മുറിയിൽ പൂട്ടിയിട്ട് ഒരു മണിക്കൂർ മർദ്ദനം. സംഭവം പൊലീസിൽ അറിയിച്ചിട്ടും യാതൊരു നടപടിയുമെടുക്കാതെ പൊലീസ് അനാസ്ഥ കാണിക്കുവെന്ന പരാതിയുമായി എസ്റ്റേറ്റ് ഉടമ. തിരുവനന്തപുരം പൊന്മുടിയിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിലാണ് സംഭവം. ഇക്കഴിഞ്ഞ 13ാം തീയതി വൈകുന്നേരമാണ് തോട്ടം അസിസ്റ്റന്റ് മാനേജർ ജഗദീഷിനെ സംഘം ചേർന്ന് മർദ്ദിച്ചത്. പരാതി നൽകിയിട്ടും അസിസ്റ്റന്റ് മാനേജറെ മർദ്ദിച്ച ചില യൂണിയൻ നേതാക്കൾക്കൊപ്പമാണ് പൊലീസെന്നും എസ്‌റ്റേറ്റ് ഉടമ സേവി മനോ മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ജഗദീഷ് ഇപ്പോൾ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ 12ാം തീയതി അലക്‌സ്, വിജയകുമാർ എന്നിവരടങ്ങിയ തൊഴിലാളി നേതാക്കളുടെ സംഘം ചില തൊഴിലാളികൾക്ക് ഉച്ചയ്ക്ക് ജോലി അവസാനിപ്പിച്ച് പോകുന്നതിനുള്ള ഒത്താശ ചെയ്തുകൊടുത്തിരുന്നു. ഇത് മനസ്സിലാക്കിയ ജഗദീഷ് വിഷയത്തിൽ ഇടപെട്ട് ഇത്തരം പ്രവണതകൾ തുടരാനാകില്ലെന്ന് അറിയിച്ചു. അതാണ് ജഗദീഷിനോട് യൂണിയൻ നേതാക്കൾക്ക് ശത്രുതയുണ്ടാകാൻ കാരണമായത്. ഇത്തരത്തിൽ തൊഴിലാളികൾക്ക് തോന്നുമ്പോൾ വരാനും പോകാനും സൗകര്യം ചെയ്തുകൊടുത്താൽ എങ്ങനെയാണ് ശരിയാവുകയെന്നും ഇത്തരം പ്രവണതകൾ കമ്പനിയെ തകർച്ചയിലേക്ക് നയിക്കുമെന്നും ജഗദീഷ് മുന്നറിയിപ്പ് നൽകുകയും അൽപ്പം ശാസിക്കുകയും ചെയ്തുവെന്നും തോട്ടം ഉടമ പറയുന്നു. ഇതേ തുടർന്ന് തൊഴിലാളി നേതാക്കൾ ജഗദീഷിനെ അക്രമിക്കാനും തോട്ടത്തിൽ നിന്നും പറഞ്ഞ് വിടാനും ഗൂഢാലോചന നടത്തുകയായിരുന്നു.

പലപ്പോഴും തോട്ടത്തിൽ നിന്നും ഗ്രാമ്പൂ, കുരുമുളക്, ജാതിക്കാ എന്നിവ അടിച്ച് മാറ്റുന്നത് ഇവരുൾപ്പെട്ട തൊഴിലാളി സംഘത്തിലെ ചിലരുടെ പ്രവണതയാണെന്നും ഉടമ പറയുന്നു. തന്റെ തൊഴിലാളികൾ കൂറുള്ളവരാണെന്നും പ്രശ്‌നക്കാരായ ചിലർ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണെന്നും തോട്ടം ഉടമ പറയുന്നു. നേരത്തെ മോഷണം ഉൾപ്പെടെയുള്ള കാര്യം ചോദ്യം ചെയ്യുകയും വിളകളുടെ സീസണിൽ പ്രശ്‌നങ്ങളുണ്ടാക്കി സാധനങ്ങൾ കടത്തുന്നതും ഈ നേതാക്കളുടെ പതിവാണെന്നും തോട്ടം ഉടമ പറയുന്നു. ഈ വിവരങ്ങൾ അസിസ്റ്റന്റ് മാനേജരായ ജഗദീഷ് തോട്ടം ഉടമയും എംഡിയുമായ സേവി മനോ മാത്യുവിനെ അറിയിച്ചതും ശത്രുതയ്ക്ക് കാരണമായി.

എല്ലാ ആനുകൂല്യങ്ങളും കൃത്യമായി താൻ നൽകാറുള്ളതുകൊണ്ട് തന്നെ തൊഴിലാളികൾ വളരെ ആത്മാർത്ഥയോടെ തന്നെയാണ് പെരുമാറുന്നതെന്നും ഉടമ പറയുന്നു. സെപ്റ്റംബർ 12ന് ചില താക്കീതുകൾ നൽകിയതിനെതുടർന്ന് 13ന് വൈകുന്നേരം അഞ്ച് മണിയോടെ ഒരു സംഘം അസിസ്റ്റന്റ് മാനേജറുടെ ബംഗ്ലാവിലേക്ക് വന്ന ശേഷം കമ്പിപ്പാരയുൾപ്പടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഒരു മണിക്കൂറോളം അക്രമിച്ച ശേഷം എസ്‌റ്റേറ്റിലെ ജോലി ഉപേക്ഷിച്ച് പോകണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയവരെ സസ്‌പെൻഡ് ചെയ്തുവെന്ന് എസ്റ്റേറ്റ് ഉടമ പറയുന്നു.

ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് പൊന്മുടി പൊലീസിന് പരാതി നൽകിയത്. എന്നാൽ പ്രാദേശികരായ തൊഴിലാളികൾക്കൊപ്പം നിന്ന് എസ്‌ഐ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് മാനേജറെ അക്രമിച്ചവർക്കെതിരെ സർക്കിൾ ഇൻസ്‌പെക്ടറിന് പരാതി നൽകുമെന്നും എസ്റ്റേറ്റ് ഉടമ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP