Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്‌ത്തിയും പ്രശംസിച്ചും കാന്തപുരം ഫേസ്‌ബുക്കിൽ; ആർഎസ്എസിന്റെ നയപരിപാടികളെ തള്ളിപ്പറഞ്ഞ് കൂടുതൽ ബിജെപി നേതാക്കൾ രംഗത്തുവരുന്നതിനെ സ്വാഗതം ചെയ്ത് ഉസ്താദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്‌ത്തിയും പ്രശംസിച്ചും കാന്തപുരം ഫേസ്‌ബുക്കിൽ; ആർഎസ്എസിന്റെ നയപരിപാടികളെ തള്ളിപ്പറഞ്ഞ് കൂടുതൽ ബിജെപി നേതാക്കൾ രംഗത്തുവരുന്നതിനെ സ്വാഗതം ചെയ്ത് ഉസ്താദ്

എം പി റാഫി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്‌ത്തിയും പ്രശംസിച്ചും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത്. മുസ്ലിംങ്ങളുടെ രാജ്യസ്‌നേഹത്തെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ചാനൽ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനയുടെ സാഹചര്യത്തിലായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ മോദിയുടെ പ്രസ്താവനയെ പിന്തുണച്ചും പ്രശംസിച്ചും രംഗത്ത് വന്നത്.

ഇന്നലെ വൈകിട്ടായിരുന്നു തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കാന്തപുരം പ്രതികരണം ഇംഗ്ലീഷിൽ കുറിച്ചത്. മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന എം.പിമാർ ഉൾപ്പടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും തങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവിന്റെ പ്രസ്താവന സശ്രദ്ധം കേൽക്കണമെന്നും മോദിയുടെ 100 ദിവസത്തെ ഭരണം ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കാതീതമാണെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാന്തപുരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന് ഇതിനകം തന്നെ നിരവധിപേർ പ്രതികരണമറിയിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിൽ കാന്തപുരം പറയുന്നതിങ്ങനെയാണ്:

ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയെ അടിസ്ഥാനമാക്കിയിട്ടുള്ള പദ്ധതികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും അത് ഒരു രാഷ്ട്രീയ പരാജയം മാത്രമായിരിക്കും എന്നതിന്റെ സൂചനയാണ് പ്രധാന മന്ത്രിയുടെ പ്രസ്താവനയിലുള്ളത്. ആർ.എസ്.എസിന്റെ നയ നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് ബിജെപിയിലെ കൂടുതൽ നേതാക്കൾ രംഗത്ത് വരുന്നത് നല്ല കാര്യമാണ്. ആർഎസ്എസ് വിഎച്ച്പി നേതാക്കൾ ലൗ ജിഹാദെന്ന കെട്ടുകഥയെ അടിസ്ഥാനമാക്കി ഉത്തർ പ്രദേശിലെ മുസ്ലിംങ്ങൾക്കെതിരെ പ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ്, ലൗ ജിഹാദ് എന്തെന്നറിയില്ല എന്ന പ്രസ്താവനയുമായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ് രംഗത്തെത്തിയത്. ബിജെപി- ആർഎസ്എസ് ബന്ധത്തിലെ പുതിയ വഴിത്തിരിവായാണ് ഇത്തരം പ്രസ്താവനകളെ രാജ്യത്തെ മുസ്ലിംങ്ങൾ നോക്കികാണുന്നത്.

സങ്കുചിതമായ രാഷ്ട്രീയ അജണ്ടകൾ മാത്രം വച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന് ബിജെപി തിരിച്ചറിഞ്ഞതിന്റെ നിരവധി സൂചനകൾ മോദിയുടെ 100 ദിവസത്തെ ഭരണം നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളുമായുള്ള ബന്ധം കെട്ടിപ്പടുക്കുന്ന കാര്യത്തിൽ മോദി പിന്തുടർന്ന ഉദാഹരണങ്ങൾ ഇതിനു നിദർശനമാണ്. ഭരണത്തിൽ തുടരാനുള്ള ബിജെപിയുടെ ആഗ്രഹവും ഈ വഴിക്കുള്ള പരിശ്രമങ്ങളും പാർട്ടിയെ ജനാധിപത്യവൽക്കരിക്കുന്നതിലേക്കും ന്യൂനപക്ഷ താൽപര്യങ്ങളെ കൂടി ഉൾക്കൊള്ളുന്ന നയ നിലപാടുകൾ രൂപീകരിക്കുന്നതിലേക്കും അവരെ നയിക്കുമെന്ന് പ്രതീക്ഷിക്കാം...

വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ദയനീയ പരാജയം സ്വയം വിമർശന പരമായി കാര്യങ്ങളെ ഉൾക്കൊള്ളാൻ ബിജെപിയെ പ്രേരിപ്പിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് മോദിയുടെ പ്രസ്താവന. ഇപ്പോഴും മുസ്ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന എംപിമാർ ഉൾപ്പടെയുള്ളവരും ബിജെപിയിലെ നേതാക്കളും പ്രവർത്തകരും തങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവിന്റെ പ്രസ്താവനയെ സശ്രദ്ധം കേൾക്കണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഫെയ്‌സ് ബുക്കിലൂടെ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP