Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണക്കം കാരണം പൊലീസുകാരൻ മോഷ്ടാവാക്കി ചിത്രീകരിച്ചു പടം സഹിതം പത്രങ്ങൾക്ക് വാർത്ത നൽകി; ജീവിതം കുട്ടിച്ചോറായ യുവാവ് നീതി തേടി അലയുന്നു

പിണക്കം കാരണം പൊലീസുകാരൻ മോഷ്ടാവാക്കി ചിത്രീകരിച്ചു പടം സഹിതം പത്രങ്ങൾക്ക് വാർത്ത നൽകി; ജീവിതം കുട്ടിച്ചോറായ യുവാവ് നീതി തേടി അലയുന്നു

കൊച്ചി : മോഷ്ടാവായി ചിത്രീകരിച്ച് മാദ്ധ്യമങ്ങൾക്ക് വാർത്തനൽകിയ പൊലീസുകാർക്കെതിരെ യുവാവ് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കും പരാതിനൽകി. കണ്ണൂർ ചുഴലി നടുമുണ്ട വീട്ടിൽ ജോസ് (35) ആണ് പരാതിക്കാരൻ. എറണാകുളം ഷാഡോ എസ്‌ഐ എ അനന്തലാലിനും അറസ്റ്റ്‌ചെയ്ത നാല് പൊലീസുകാർക്കുമെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്.

പതിമൂന്ന് വർഷംമുമ്പ് പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ തളിപ്പറമ്പ് പൊലീസ് എടുത്ത കേസിലാണ് ജോസിനെ എറണാകുളം ഷാഡോ പൊലീസ് അറസ്റ്റ്‌ചെയ്തത്. ജോസിന്റെ ഭാര്യാസഹോദരനും തളിപ്പറമ്പിലെ പൊലീസുകാരനും തമ്മിലുണ്ടായ പ്രശ്‌നത്തിൽ ഇടപെട്ടതിന്റെ പേരിലാണ് ജോസിനെ കേസിൽ കുടുക്കിയത്. അന്ന് സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയ ജോസ് ഇപ്പോൾ എറണാകുളം ജില്ലയിലെ കിഴക്കമ്പലം മലയിടംതുരുത്തിലാണ് ജോലിചെയ്യുന്നത്.

കേസ് കോടതിയിലുള്ള കാര്യം അറിയാതിരുന്ന തന്നെ എറണാകുളം മാർക്കറ്റ് റോഡിലേക്ക് വിളിച്ചുവരുത്തിയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് ജോസ് പറഞ്ഞു. സംശയാസ്പദ സാഹചര്യത്തിൽ പിടികൂടിയെന്നാണ് പൊലീസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരം. സ്റ്റേഷൻ ജാമ്യത്തിൽവിട്ട കേസിലെ വാറന്റിന്റെ പേരിൽ അറസ്റ്റ്‌ചെയ്ത പൊലീസ് പക്ഷെ നിരവധി മോഷണക്കേസുകളിലെ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ എന്നവകാശപ്പെട്ട് ചിത്രം സഹിതം മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകുകയായിരുന്നു.

ഇന്റീരിയർ ഡിസൈൻ ജോലിചെയ്യുന്ന തനിക്ക് ലഭിക്കേണ്ട പല കരാറുകളും വാർത്തമൂലം റദ്ദായതായും കുട്ടികളെ സ്‌കൂളിൽ വിടാൻപോലും കഴിയാത്ത അവസ്ഥയുണ്ടെന്നും ജോസ് പറഞ്ഞു. പ്രേമൻ എന്ന പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ജോസിനെതിരെ കേസെടുത്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ച് തന്നെ മോഷ്ടാവായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ജോസ് വ്യക്തമാക്കി.

ഫെബ്രുവരി നാലിന് ഷാഡോ പൊലീസ് അറസ്റ്റ്‌ചെയ്ത് തളിപ്പറമ്പ് പൊലീസിന് കൈമാറിയ തന്നെ കോടതിയിൽ ഹാജരാക്കിയപ്പോൾത്തന്നെ ജാമ്യത്തിൽ വിട്ടതായും ജോസ് പറഞ്ഞു. കണ്ണൂർ പൊലീസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോസിനെ അറസ്റ്റ്‌ചെയ്തതെന്ന് ഷാഡോ എസ്‌ഐ എ അനന്തലാൽ പറഞ്ഞു. മോഷണക്കേസിൽ പ്രതിയാണെന്ന് കണ്ണൂർ പൊലീസിൽനിന്ന് ലഭിച്ച വിവരം മാദ്ധ്യമങ്ങൾക്ക് കൈമാറുകയായിരുന്നുവെന്നും അനന്തലാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP