Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉഴുന്നാലിന്റെ പേരിൽ കേരളത്തിലെ കത്തോലിക്ക സഭ ഒരുപാട് പഴി കേട്ടു; പള്ളി പണിയാൻ പിരിക്കുന്ന പണം കൊടുത്താൽ ടോമച്ചനെ മോചിപ്പിക്കാം എന്ന പി സി ജോർജിന്റെ പരാമർശം തലവേദനയായി; സഭ പ്രതിരോധത്തിലായതോടെ മോചനത്തിന് അരയും തലയും മുറുക്കി വത്തിക്കാനും രംഗത്തിറങ്ങി; ഇന്ത്യയും വത്തിക്കാനും ഒരുപോലെ സമ്മർദ്ദം ചെലുത്തിയപ്പോൾ ഒമാൻ സുൽത്താനും ആവേശമായി

ഉഴുന്നാലിന്റെ പേരിൽ കേരളത്തിലെ കത്തോലിക്ക സഭ ഒരുപാട് പഴി കേട്ടു; പള്ളി പണിയാൻ പിരിക്കുന്ന പണം കൊടുത്താൽ ടോമച്ചനെ മോചിപ്പിക്കാം എന്ന പി സി ജോർജിന്റെ പരാമർശം തലവേദനയായി; സഭ പ്രതിരോധത്തിലായതോടെ മോചനത്തിന് അരയും തലയും മുറുക്കി വത്തിക്കാനും രംഗത്തിറങ്ങി; ഇന്ത്യയും വത്തിക്കാനും ഒരുപോലെ സമ്മർദ്ദം ചെലുത്തിയപ്പോൾ ഒമാൻ സുൽത്താനും ആവേശമായി

രു വർഷം കഴിഞ്ഞിട്ടും ഫാദർ ടോം ഉഴുന്നാൽ ഭീകരരുടെ തടവിൽ നിന്നും മോചനം ലഭിക്കാതെ വന്നതോടെ അതിന്റെ പേരിൽ കേരളത്തിലെ കത്തോലിക്ക സഭയും ഒരുപാട് പഴികേട്ടു. ഫാദറിന്റെ മോചനത്തിനായി സഭ എന്തു ചെയ്തു എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു. ആ സമയത്താണ് പി സി ജോർജിന്റെ ചോദ്യവും വന്നത്. പള്ളി പണിയാൻ പിരിക്കുന്ന പണം കൊടുത്താൽ ടോമച്ചനെ മോചിപ്പിക്കാം എന്ന പി സി ജോർജിന്റെ പരാമർശവും സഭയ്ക്ക് തലവേദനയായി.

വിമർശനങ്ങൾ ശക്തമായ സമയത്താണ് ടോം അച്ചന്റെ മോചനത്തിനായി വത്തിക്കാനിൽ നിന്നും അപ്രതീക്ഷിതമായി ഇടപെൽ ഉണ്ടാവുന്നത്. ഭീകരരുടെ എല്ലാ നീക്കങ്ങളും നിരീക്ഷിച്ച വത്തിക്കാനും ഫാദറിന്റെ മോചനത്തിനായി തക്ക സമയത്ത് ഇടപെടുകയായിരുന്നു. ഒമാൻ സുൽത്താനുമായാണ് വത്തിക്കാൻ ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തിയത്. ഇതിന്റെ ഭാഗമായാണ് മോചിപ്പിച്ച ഉടൻ തന്നെ ഫാദറിനെ വത്തിക്കാനിലെത്തിച്ചത്.

അതേസമയം ഫാദറിനെ മോചിപ്പിക്കാൻ മോചന ദ്രവ്യം നൽകി എന്നും ഇല്ലെന്നും പറയുന്നു. വത്തിക്കാൻ കോടികൾ നൽകിയാണ് ഫാദറിനെ മോചിപ്പിച്ചതെന്നാണ് വാർത്ത. എന്നാൽ വിദേശത്ത് നടന്ന ഇടപാടിന്റ വിശദാംശങ്ങൾ ഒരു പക്ഷേ ഒരിക്കലും പുറത്തു വരാനിടയില്ലെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ പറയുന്നത്. കാരണം അന്താരാഷ്ട്രതലത്തിൽ ഭീകരരുമായി നടത്തിയ ഇടപാടാണ്. അതിൽ പണം ഇടപാട് നടന്നിട്ടുണ്ടോ എന്നു പോലും വ്യക്തമാക്കാനിടയില്ല. പണം യഥാർത്ഥത്തിൽ കൊടുത്തിട്ടുണ്ടൈങ്കിൽ പോലും ഒരു രാജ്യമോ സഭയോ ഇതു പുറത്തുവിടില്ല. ചർച്ച നടത്തിയ കക്ഷികൾ ആരൊക്കൈ എന്നു പോലും വെളിപ്പെടുത്താൻ അവർ ഒരു പക്ഷേ ആഗ്രഹിക്കുന്നുണ്ടാവില്ല. ഇതൊക്കെ ഇത്തരം അന്താരാഷ്ട്ര സംഭവങ്ങളിൽ നയതന്ത്രതലത്തിൽ പതിവാണൈന്നും അവർ പറയുന്നു. മറ്റെല്ലാം കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള അവകാശവാദമായി കണ്ടാൽ മതിയാവും.

ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും കുടുംബാംഗങ്ങളും മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചു. യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേരളത്തിൽനിന്നുള്ള എംപിമാരും ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിക്കാൻ േകന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി. പാർലമെന്റിലും ഈ വിഷയം പലതവണ ഉന്നയിക്കപ്പെട്ടു. വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. വത്തിക്കാൻ സർക്കാറിന്റെ ആവശ്യത്തെ തുടർന്നാണ്് ഒമാൻ സർക്കാർ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടുന്നത്.

യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്. ഒപ്പം വിഷയത്തിൽ ഇടപെടാൻ വത്തിക്കാൻ ഒമാൻ സർക്കാറിനോടും ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് വൈദികന്റെ മോചനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ സുൽത്താൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെ കാര്യങ്ങൾക്കു ചൂടുപിടിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർദിനാൾമാർക്ക് ഉറപ്പു നൽകിയിരുന്നു. ഫാ. ടോമിന്റെ മോചനത്തിനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വൾഡ് ഗ്രേഷ്യസ് എന്നിവരാണു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വത്തിക്കാനും ഒമാനും ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക ഇടപെടലുണ്ടായി. ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലിനൊപ്പം തന്നെ വിവിധ സംഘടനകളുടെ നേതൃത്വവും കെ.സി.ബി.സിയും കേന്ദ്രസർക്കാരിനോടും പ്രധാനമന്ത്രിയോട് നേരിട്ടും ഫാ. ഉഴുന്നാലിന്റെ മോചനത്തിന് ഇടപെണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതൊക്കെ ഗുണകരമായി. ഒരു ഇന്ത്യൻ പൗരൻ അകാരണമായി തടവിലാക്കപ്പെട്ട് പിന്നീട് മോചിപ്പിക്കപ്പെട്ടതിലും എല്ലാവരോടും ഭാരത കത്തോലിക്കാ സഭയ്ക്ക് നന്ദിയുണ്ട്. ഫാ. ടോം ഉഴുന്നാലിലിന്റെ കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.

 

മാർപ്പാപ്പയുടെ വാക്കുകൾ വെറുതെയായില്ല

ഫാ. ടോം ഭീകരരുടെ പിടിയിലായി ഒരു മാസം കഴിഞ്ഞ്, കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: സായുധ പോരാട്ടമുള്ള മേഖലകളിൽ തട്ടിയെടുക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന അഭ്യർത്ഥന ഞാൻ ആവർത്തിക്കുന്നു. പ്രത്യേകിച്ചും, കഴിഞ്ഞ മാർച്ച് നാലിന് യെമനിലെ ഏഡനിൽ തട്ടിയെടുക്കപ്പെട്ട സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ ഞാൻ അനുസ്മരിക്കുന്നു'. അതുകൊണ്ട് തന്നെയാണ് മോചിതനായ ഫാദറിനെ റോമിലേക്ക് കൊണ്ടു പോയത്. മാർപ്പാപ്പയുടെ അനുഗ്രവുമായി അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

യമെന്റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുൽത്താന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ അധികൃതർ യെമെനി പാർട്ടികളുമായി ചേർന്ന് നടത്തിയ പ്രവർത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാർത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുൽത്താൻ ഖാബൂസിന്റെ ചിത്രത്തിനുമുന്നിൽ നിൽക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാൻ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതിൽ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങൾ പിന്നീട് ഒമാൻ ടി.വി. പുറത്തുവിട്ടു.

ഒട്ടേറെ പ്രതിസന്ധികൾ തരണംചെയ്താണ് ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയത്. യെമനിൽ ഇന്ത്യയുടെ നയതന്ത്രകാര്യാലയം ഉണ്ടായിരുന്നില്ല. അതിനാൽ, അന്വേഷണം കാര്യമായി നടന്നില്ല. 2017 ഏപ്രിൽ 15-ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോ കഴിഞ്ഞ മേയിൽ പുറത്തുവന്നു. തീരെ അവശനാണെന്നും രോഗങ്ങൾകാരണം വയ്യെന്നും ഫാ. ടോം പതിയെപ്പറയുന്ന ദൃശ്യമായിരുന്നു അത്. കേന്ദ്രസർക്കാരിന് ആദ്യ ഘട്ടത്തിൽ കാര്യമായി ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. യെമെനിലെ സർക്കാരും നിസ്സഹായാവസ്ഥയിൽ. ഇതുകാരണം നയതന്ത്രതലത്തിൽ മോചനത്തിന്റെ വഴി തുറന്നില്ല. യെമെൻ സർക്കാരിനെതിരെ പോരാട്ടം നടത്തുന്ന വിമതരും സർക്കാരിനെ സഹായിക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യ സൈന്യവും പ്രതിസന്ധി സൃഷ്ടിച്ചു. അനുരഞ്ജനം ഒമാൻ ഏറ്റെടുത്തതാണ് നിർണ്ണായകമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP