Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലാവസ്ഥാ വ്യതിയാനമല്ല; ഉൽക്കയോ റോക്കറ്റോ ആവാം; എറണാകുളം പറവൂരിൽ നാല് സെന്റ് കത്തിയത് തീഗോളം വീണെന്ന് സൂചന; സ്ഥിരീകരണം വിശദ പരിശോധനയ്ക്ക് ശേഷം

കാലാവസ്ഥാ വ്യതിയാനമല്ല; ഉൽക്കയോ റോക്കറ്റോ ആവാം; എറണാകുളം പറവൂരിൽ നാല് സെന്റ് കത്തിയത് തീഗോളം വീണെന്ന് സൂചന; സ്ഥിരീകരണം വിശദ പരിശോധനയ്ക്ക് ശേഷം

കരുമാല്ലൂർ: കേരളത്തെ ഭീതിയിലാക്കിയ തീഗോളം പതിച്ചത് എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിന് സമീപം കരുമാല്ലൂരിൽ ആണെന്ന് സൂചന. ഇവിടെ നാലുസെന്റ് പുരയിടം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി മധ്യകേരളത്തെ ഭീതിയിലാഴ്‌ത്തിയ അഗ്‌നിഗോളം പതിച്ച് തീപ്പിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പറവൂർ കരുമാല്ലൂർ വില്ലേജിലെ മുസ്‌ളലിം പള്ളിക്കു സമീപത്തെ നാല് സെന്റ് ഭൂമി കത്തിയ നിലയിലാണ്. ദുരന്തനിവാരണ അഥോറിറ്റിയും ശാസ്ത്രജ്ഞരും സ്ഥലം പരിശോധിക്കും.

കരുമാല്ലൂരിൽ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപത്തെ കുട്ടികൾ തീഗോളം വരുന്നത് കണ്ടിരുന്നു. സെക്കൻഡുകൾ മാത്രം കാണപ്പെട്ട തീഗോളത്തിന് പിന്നാലെ പറമ്പ് കത്തുന്നതാണ് അവർ കണ്ടത്. വെള്ളമൊഴിച്ച് തീകെടുത്താൻ ആളുകൾ ഓടിക്കൂടിയെങ്കിലും, ഉൽക്കാപതനം പോലുള്ള എന്തെങ്കിലുംകൊണ്ടാണ് തീപ്പിടിത്തമുണ്ടായതെന്ന് ആരും അപ്പോൾ കരുതിയില്ല. ഇന്ന് രാവിലെ പത്രവാർത്തകൾ കണ്ടപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം പരിസരവാസികൾക്ക് ബോധ്യപ്പെട്ടത്. അതെ തുടർന്ന് പറമ്പിന് തീപ്പിടിച്ച വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

കരുമാല്ലൂർ പുതുക്കാട് മാമ്പിള്ളിപ്പൊക്കത്ത് നീറിക്കോട് സ്വദേശി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കത്തിക്കരിഞ്ഞത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആകാശത്ത് അഗ്‌നിഗോളം പ്രത്യക്ഷപ്പെട്ടത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ചൊരിഞ്ഞു പോയ തീഗോളം വളരെ താഴ്ന്നാണ് പറന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉൽക്കാ പതനമാണുണ്ടായതെന്ന് അധികൃതർ പറയുന്നു.

അതേസമയം, തീഗോളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ അവയിൽ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിപ്പ് നൽകി. അവശിഷ്ടങ്ങൾ ശ്രദ്ധയിൽപെട്ടാൽ 0471 - 2331639 എന്ന നമ്പറിലോ അടുത്ത പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്നും അറിയിപ്പുണ്ട്. ആകാശത്തു തീഗോളം ഒരേ സമയത്ത് ഒരു പോലെ കണ്ടതു കൊണ്ട് കാലവസ്ഥ വ്യതിയാനമായി കണക്കാക്കനാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു.

ഉൽക്കയോ റോക്കറ്റിന്റെ അവശിഷ്ടമോ ആകാനാണ് സാധ്യത. വളരെ ഉയരത്തിലാണ് ഇതു ദൃശ്യമായതെന്നാണ് മനസിലാകുന്നത്. താഴ്ന്നായിരുന്നുവെങ്കിൽ ഇതു എന്താണെന്ന് വ്യക്തമാകുമായിരുന്നു. ഒരുപാട് സ്ഥലത്ത് ഇതു ദൃശ്യമായതിനാൽ എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആകാശത്തു തീഗോളം കണ്ടെത്തിയത്.തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ തീഗോളം കണ്ടതായി റിപ്പോർട്ടുണ്ട്. തീഗോളത്തോടൊപ്പം ചെറിയ ഇടിമുഴക്കവും അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

തീഗോളങ്ങൾ കണ്ടതായി പലരും പറയുന്നതിനാൽ അതിന്റെ സൂചനകൾ മൂന്നു സാധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നതെന്നായിരുന്നു വിലയിരുത്തൽ . ചൈനയുടെ നൊറാഡ് 4063 എന്ന റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നിട്ടുണ്ട്. കഴിഞ്ഞ 23 മുതൽ ലോകത്തിന്റെ പല ഭാഗത്തും ഇതു കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കു കിഴക്കൻ ദിശയിൽ നിന്നു വടക്കു പടിഞ്ഞാറൻ ദിശയിലേക്കാണ് ഇതു സഞ്ചരിക്കുന്നത്. ഇതാകാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതൽ. ചൈനയുടെ ഉപേക്ഷിക്കപ്പെട്ട ഈ റോക്കറ്റിന്റെ ഭാഗങ്ങൾ ഒരു ഉൽക്കവർഷം പോലെ പതിച്ചതായി യുഎസിലെ പല ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. എന്നാൽ ഇത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൂർണ്ണമായും തള്ളിക്കളയുകയാണ്.

ബോൾ ലൈറ്റിങ് എന്ന പ്രതിഭാസമാകാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ അന്തരീക്ഷത്തിലുണ്ടാകുന്ന ചില പ്രത്യേകതളാണ് ഇതിലേക്കു നയിക്കുന്നത്. മൂന്നാമത്തെ സാധ്യത ഉൽക്ക വർഷത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. ഫെബ്രുവരി 23 മുതൽ മാർച്ച് 22 വരെയുള്ള ദിവസങ്ങളിൽ ഗാമ നോർമിഡ് എന്ന ഉൽക്ക വർഷം ഉണ്ടാകുമെന്നു ശാസ്ത്രലോകം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ശകലങ്ങളാകാം കേരളത്തിലെ വിവിധ ഭാഗങ്ങളിലായി കണ്ടത്. ദിവസങ്ങൾക്കു മുൻപു സൈബീരിയയിൽ ഛിന്നഗ്രഹം പതിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇതിന്റെ ശകലങ്ങളാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്തായാലും കേരളത്തിലെ ആകാശത്ത് കണ്ടത് എന്താണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP