Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും; പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും; അദ്ധ്യാപകദിനാഘോഷം മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യാനും മന്ത്രിസഭാ യോഗ തീരുമാനം

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും; പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും; അദ്ധ്യാപകദിനാഘോഷം മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്യാനും മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പുതിയ റേഷൻ കാർഡ് ഡിസംബറിനുള്ളിൽ വിതരണം ചെയ്യും.

മൊത്ത വ്യാപാരശാലകളുടെ നടത്തിപ്പു ഘട്ടം ഘട്ടമായി സപ്ലൈകോയെ ഏൽപ്പിക്കും. പൊതുസ്ഥലങ്ങളിൽ മലവിസർജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുമ്പോൾ മുൻഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്കുതല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിങ് നടത്താനും വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. താലൂക്കുതല റാങ്കിങ് നടത്തി കരട് മുൻഗണന/മുൻഗണന ഇതര പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയർന്ന് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ റേഷൻ കാർഡ് 2016 ഡിസംബറിനുള്ളിൽ വിതരണം ചെയ്യും.

1.54 കോടി ജനങ്ങളാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ 52.63 ശതമാനവും നഗരപ്രദേശങ്ങളിൽ 39.5 ശതമാനവും ജനങ്ങളാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടേണ്ടത്. താലൂക്കുതല റാങ്കിങ് പ്രകാരം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ മുന്നോക്ക പിന്നാക്ക വ്യത്യാസം പരിഗണിക്കാതെ എല്ലാ താലൂക്കിലും ഒരേ ശതമാനം ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതു മൂലം അർഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനർഹർ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം ഒഴിവാക്കി സംസ്ഥാനമൊട്ടാകെ അർഹതയുള്ള എല്ലാവർക്കും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന് സംസ്ഥാനതല റാങ്കിങ് സഹായിക്കും.

തദ്ദേശഭരണവകുപ്പിന്റെ 2012 ഏപ്രിൽ 27ലെ ഉത്തരവ് പ്രകാരം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ, തുടങ്ങിയർ ഉൾപ്പെടുന്ന കാർഡുകൾ മുൻഗണനാ ക്രമത്തിൽ നിന്നൊഴിവാകും. ഈ മാനദണ്ഡ പ്രകാരം ക്‌ളാസ് ഫോർ തസ്തികവരെയുള്ള പട്ടികവർഗ്ഗ വിഭാഗക്കാർ പട്ടികയിൽ നിന്നും പുറത്താകും. ഇവരെക്കൂടി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമായി നടത്തുന്നതിനായി ബ്‌ളോക്ക്തലത്തിൽ കുറഞ്ഞത് രണ്ട് സർക്കാർ വക സംഭരണശാലകൾ നിർമ്മിക്കും. റേഷൻ മൊത്തവ്യാപാരശാലകളുടെ നടത്തിപ്പ് ഘട്ടംഘട്ടമായി സപ്‌ളൈകോയെ എല്പിക്കും.ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിന് സർക്കാർ ഗോഡൗണുകൾ ലഭ്യമല്ലാത്തതിനാൽ, നിലവിൽ സംഭരണശാലകൾ കൈവശമുള്ള വിവിധ സർക്കാർ ഏജൻസികളുമായും റേഷൻ മൊത്തവ്യാപാരികളുമായും ചർച്ച നടത്തി, മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഗോഡൗണുകൾ ഏറ്റെടുത്ത് സർക്കാർതലത്തിൽ നടത്തും.

സർക്കാർ ഉടമസ്ഥതയിലുള്ള ഗോഡൗണുകൾ ലഭ്യമാക്കാനും നടപടി സ്വീകരിക്കും. ഇത്തരത്തിൽ ഗോഡൗണുകൾ ലഭ്യമാകുന്ന മുറയ്ക്ക് സ്വകാര്യഗോഡൗണുകളെ ഒഴിവാക്കും. റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം മുഖേന റേഷൻ കടകളിൽ എത്തിക്കുന്നതിന്റെ മേൽനോട്ടം സപ്‌ളൈകോയെ ഏൽപിക്കും. മൊത്തത്തിലുള്ള പൊതുവിതരണ പ്രക്രിയ ഇലക്ട്രോണിക്ക് ആയി നിരീക്ഷിക്കാനുതകുന്ന സോഫ്റ്റ്‌വെയർ എൻ.ഐ.സി. വികസിപ്പിക്കുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരളത്തെ 'Open Defecation Free' സംസ്ഥാനമായി പ്രഖ്യാപിക്കും

2016 നവംബർ ഒന്നിന് കേരളത്തെ 'Open Defecation Free' സംസ്ഥാനമായി പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉൽഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

അദ്ധ്യാപകദിനാഘോഷം മുഖ്യമന്ത്രി ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്യും

വർഷത്തെ അധ്യപകദിനാഘോഷം 'ജീവിതശൈലി' എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സെപ്റ്റംബർ 5ന് രാവിലെ 10ന് തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂളിലാണ് പരിപാടി. ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പു മന്ത്രിമാർ സമാന്തരമായി ഇതേ സ്‌കൂളിൽ ക്ലാസ്സെടുക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങൾ, അലസത, ജീവിതശൈലി രോഗങ്ങൾ, അനാരോഗ്യ ഭക്ഷണശീലങ്ങൾ തുടങ്ങിവയ്‌ക്കെതിരെയുള്ള ബോധവൽകരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. എല്ലാ മന്ത്രിമാരും എംഎ‍ൽഎ. മാരും ഇത്തരത്തിൽ ഏതെങ്കിലും സ്‌കൂളിൽ ക്ലാസ്സെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂർവ്വാധ്യാപകർ ക്ലാസ്സെടുത്തുകൊണ്ടാകും സ്‌കൂൾതല ഉൽഘാടനം നടക്കുക.

ഡാറ്റാകളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കും

സംസ്ഥാനത്തേയ്ക്ക് റോഡുമാർഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളിൽ സംയോജിത ചെക്‌പോസ്റ്റ് സംവിധാനം എന്ന നിലയിൽ ഡാറ്റാകളക്ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് 84 ചെക്‌പോസ്റ്റുകളാണ് നിലവിലുള്ളത്. നിലവിൽ വാണിജ്യ നികുതി, എക്‌സൈസ്സ്, ഗതാഗതം, വനം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ പ്രത്യേകം ചെക്‌പോസ്റ്റുകളിൽ വേവ്വേറെ പരിശോധനയാണ് നടത്തുന്നത്. ഇത് നടപടിക്കുരുക്കുകളും അസുഖകരമായ സാഹചര്യങ്ങളും ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇലക്ട്രോണിക് മാർഗത്തിലൂടെ എല്ലാ വകുപ്പുകൾക്കും ആവശ്യമായ വിവരങ്ങൾ ചിത്രങ്ങൾ തുടങ്ങിയവ ശേഖരിക്കുവാനും അവ അതാത് വകുപ്പുകൾക്ക് യഥാസമയം കൈമാറാനും പുതിയ സംവിധാനം വഴി സാധിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമന്ത്രി കൺവീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. റവന്യൂ, വനം, ഗതാഗതം, സിവിൽ സപ്ലൈസ്, എക്‌സൈസ് വകുപ്പുമന്ത്രിമാർ അടങ്ങുന്നതാണ് സമിതി.

തെരുവുനായയുടെ ആക്രമണത്തിന് ഇരയായവർക്കു സഹായം

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നെയ്യാറ്റിൻകര പുല്ലുവിള ചെമ്പകരാമൻതുറ സ്വദേശിനി ശീലുവമ്മ മരണപ്പെട്ടിരുന്നു. ഇവരുടെ രണ്ട് മക്കൾക്കും രണ്ടര ലക്ഷം രൂപാവീതം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നെയ്യാറ്റിൻകരയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുല്ലുവിള വടക്കേതോട്ടം പുരയിടത്തിൽ ഡെയ്‌സിക്ക് 50000 രൂപ ചികിത്സാ സഹായം നൽകും. കൂടാതെ ഇവരുടെ മുഴുവൻ ചികിത്സാചിലവും സർക്കാർ വഹിക്കും. ഇതിനായി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP