ഗവിയും വാഗമണ്ണും തേക്കടിയും ചേർന്ന് ഇനി ഒറ്റ ടൂറിസ്റ്റ് കേന്ദ്രമാകും; കേരളത്തിന്റെ സ്വപ്‌ന പദ്ധതികൾക്ക് കേന്ദ്രം നൽകുന്നത് 95 കോടി
November 07, 2015 | 07:22 AM | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവി മുതൽ വാഗമൺ വരെയുള്ള കേരളത്തിന്റെ പ്രധാനവിനോദസഞ്ചാരകേന്ദ്രങ്ങളെ ഒരുമിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി.
തേക്കടിയും വാഗമണ്ണും ഗവിയും ഉൾപ്പെടുന്ന മേഖലയെ ലോകനിലവാരത്തിലേക്കുയർത്താനുള്ള കേരള ടൂറിസത്തിന്റെ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. പത്തനംതിട്ട, ഗവി, തേക്കടി, വാഗമൺ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുന്ന 150 കിലോമീറ്റർ മേഖലയുടെ വികസനത്തിന് 95 കോടിരൂപ കേന്ദ്രടൂറിസം മന്ത്രാലയം അനുവദിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇതോടെ ഈ മേഖലയെ ഒറ്റ ടൂറിയം പദ്ധതിയായി മാറ്റാൻ കഴിയും. എല്ലാ സ്ഥലങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനവും വരും.
സാഹസിക വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകി വികസിപ്പിക്കുന്ന വിനോദസഞ്ചാരശൃംഖല സ്വദേശിദർശൻ പദ്ധതിക്കു കീഴിലെ കേരളത്തിലെ ആദ്യ മെഗാടൂറിസം ശൃംഖലയാണ്. പരിസ്ഥിതി വിനോദസഞ്ചാരം പ്രമേയമാക്കിയാണ് പത്തനംതിട്ട-ഗവി-വാഗമൺ-തേക്കടി പദ്ധതി കേരളാടൂറിസം കേന്ദ്രസർക്കാറിന്റെ ഉന്നതാധികാരസമിതിക്കു മുന്നിൽ അവതരിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി ടൂറിസം മാതൃകകളിലൊന്നായി പത്തനംതിട്ട-ഗവി-വാഗമൺ-േതക്കടി മെഗാടൂറിസം ശൃംഖല മാറുമെന്നാണ് പ്രതീഖ,. 200 കോടിരൂപയുടെ പദ്ധതിയാണ് കേരളടൂറിസം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. അനുമതി ലഭിച്ചതിൽ 30 കോടിരൂപ പത്തനംതിട്ട-ഗവി മേഖലയിലും 65 കോടിരൂപ വാഗമൺ-തേക്കടി മേഖലയിലും ചെലവഴിക്കും.