Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈസ്റ്റർ ദിനത്തിലും ഘർവാപ്പസി; കോട്ടയത്ത് വിശ്വ ഹിന്ദു പരിഷത്തുകാർ മതം മാറ്റിയത് 51 പേരെ; മതം മാറിയെത്തിയത് ക്രിസ്ത്യൻ ചേരമർ-സാംബവർ വിഭാഗക്കാർ

ഈസ്റ്റർ ദിനത്തിലും ഘർവാപ്പസി; കോട്ടയത്ത് വിശ്വ ഹിന്ദു പരിഷത്തുകാർ മതം മാറ്റിയത് 51 പേരെ; മതം മാറിയെത്തിയത് ക്രിസ്ത്യൻ ചേരമർ-സാംബവർ വിഭാഗക്കാർ

കോട്ടയം: ഈസ്റ്റർ ദിനത്തിലും സംഘപരിവാറിന്റെ ഘർവാപ്പസി. കോട്ടയം ജില്ലയിലാണ് വീണ്ടും ഘർവാപ്പസിക്ക് കളമൊരുങ്ങിയത്. 21 കുടുംബങ്ങളിൽ നിന്നായി 51 പേരെയാണ് ഞായറാഴ്ച മതം മാറ്റിയത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്തുമതത്തിൽ നിന്നുള്ളവരെ നിർബന്ധിത മതപരിവർത്തനം നടത്തിയത്. രാജ്യവ്യാപകമായി സംഘപരിവാർ നടത്തുന്ന ഘർവാപസി ക്യാമ്പയിന്റെ ഭാഗമായായിരുന്നു മതപരിവർത്തനം.

ഞായറാഴ്ച കുറിച്ചി തൃക്കബാലേശ്വരം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് 51 പേരെ മതം മാറ്റിയത്. 21 കുടുംബങ്ങളിലുള്ളവരാണിവർ. ക്രിസ്ത്യൻ ചേരമർ, ക്രിസ്ത്യൻ സാംബവർ വിഭാഗത്തിലുള്ളവരെയാണ് മതം മാറ്റത്തിന് വിധേയമാക്കിയത്. ആനുകൂല്യങ്ങൾ വാങ്ങിനൽകുമെന്ന് പ്രലോഭിപ്പിച്ചായിരുന്നു മതം മാറ്റലെന്നാണ് റിപ്പോർട്ടുകൾ. വിശ്വഹിന്ദു പരിഷത്ത് നേതാവ് എസ് എൻ ബി വിജയനാണ് പൂജകൾക്കു നേതൃത്വം നൽകിയത്.

ഘർവാപസിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ മാത്രം നൂറ്റമ്പതോളം പേരെയാണ് സംഘപരിവാർ സംഘടനകൾ ഇതിനകം മതംമാറ്റിയത്. കോട്ടയം എറണാകുളം ജില്ലകളിൽ നടന്ന ഘർവാപ്പസി ചടങ്ങുകൾക്ക് ശേഷം മലബാർ മേഖലയിലും ഘർവാപ്പസി സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചപ്പോൾ അതിനെതിരെ പ്രതികരിക്കാനെത്തിയ ഹനുമാൻ സേനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ മാസം മൂന്നിന് മതംമാറ്റ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ ഘർ വാപസി ചടങ്ങിൽ 24 പേരെ ഹിന്ദു മതത്തിലേക്ക് മാറ്റിയെന്ന് സംഘടന ഭാരവാഹികൾ അവകാശപ്പെട്ടത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ ഉഴവൂരിലും പരിസരങ്ങളിലുമായാണ് കൂട്ട മതമാറ്റ ചടങ്ങുകൾ നേരത്തെ സംഘടിപ്പിച്ചത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ഘർവാപ്പസി ക്യാമ്പയിന്റെ ഭാഗമായി ഹിന്ദു മതത്തിലേക്ക് നിരവധി പേരെ പരിവർത്തനം ചെയ്തിരുന്നു.

ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘർ വാപ്പസി പരിപാടിക്ക് കേരളത്തിൽ തുടക്കം കുറിച്ചത് ഹിന്ദു ഹെൽപ്പ് ലൈനിന്റെ നേതൃത്വത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിൽ നടക്കുന്ന ഘർ വാപ്പസിയുടെ ഭാഗമായാണ് കേരളത്തിലും മതപരിവർത്തനം നടത്തിയത്. ആലപ്പുഴ, കാസർഗോഡ്, കൊല്ലം, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയത്. വസ്ത്രവും നിലവിളക്കും മന്ത്രദീക്ഷയുമൊക്കെ നൽകിയാണ് ഇവരെയെല്ലാം ഹിന്ദുമതത്തിലേക്കു സ്വീകരിച്ചത്. സംഘപരിവാർ സംഘടനകൾ ഇതിന് പിന്തുണയുമായി ആദ്യാവസാനം രംഗത്തുണ്ടായിരുന്നു. പ്രത്യേക ഹോമവും ഇവർക്കായി സംഘടിപ്പിച്ചു. ക്രിസ്മസ് ദിനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഘർ വാപ്പസി പരിപാടി സംഘടിപ്പിച്ചപ്പോൾ ഇരുനൂറോളം പേരാണ് ഹിന്ദുമതത്തിലേക്ക് എത്തിയത്.

അതിനിടെ, ഘർ വാപസി വിവാദത്തെ തുടർന്ന് നിർബന്ധിത അവധി നൽകിയ നേതാവിനെ ആർ.എസ്.എസ്. സ്ഥാനക്കയറ്റം നൽകി തിരിച്ചെടുത്തു. ഘർ വാപസിക്കു നേതൃത്വം നൽകിയ രാജേശ്വർ സിംഗിനെ ക്ഷേത്രപ്രചാരക് ആയ് ഉയർത്തുകയും ചെയ്തു. മുന്നു സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയാണ് ക്ഷേത്രപ്രചാരകിന് ഉണ്ടാകുക. ഘർ വാസിയുടെ ചുമതല വഹിച്ചിരുന്നത് ആർ.എസ്.എസിന്റെ പോഷകസംഘടനയായ ധർമ്മ ജാഗരൺ സമാജാണ്. ഇരുനൂറോളം മുസ്ലിം കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം നടത്തുകയും ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യാനികളെയും മത പരിവർത്തനം നടത്തുമെന്ന പ്രഖ്യാപനത്തിലൂടെയുമാണ് രാജേശ്വർ സിങ് വിവാദനായകനായത്. ഈ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയോളം പാർലമെന്റും സ്തംഭിച്ചിരുന്നു. തുടർന്നാണ് രാജേശ്വർ സിങ് അവധിയിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP