Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനേജ്‌മെന്റുകളോട് വാങ്ങിയ പണത്തിന്റെ കാര്യം കോടതിക്കറിയാമോ? കോടതി വിധി മറികടന്നും പ്ലസ് ടുവുമായി മുന്നോട്ടു പോകാൻ സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിച്ച് വിധി മറികടക്കാൻ നീക്കം

മാനേജ്‌മെന്റുകളോട് വാങ്ങിയ പണത്തിന്റെ കാര്യം കോടതിക്കറിയാമോ? കോടതി വിധി മറികടന്നും പ്ലസ് ടുവുമായി മുന്നോട്ടു പോകാൻ സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിച്ച് വിധി മറികടക്കാൻ നീക്കം

തിരുവനന്തപുരം: കോടതിവിധി മറികടന്നും +2വുമായി മുന്നോട്ടുപോകാൻ സർക്കാർ നീക്കം. ഹൈക്കോടതി റദ്ദാക്കിയ 285 +2 ബാച്ചുകൾ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. രാഷ്ട്രീയസാമുദായിക ശുപാർശകൾ പരിഗണിച്ച് അനുവദിച്ച സ്‌കൂളുകളും ബാച്ചുകളും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചന.

ഹയർസെക്കൻഡറി ഡയറക്ടർ അദ്ധ്യക്ഷനായ സംസ്ഥാനസമിതിയുടെ ശുപാർശ മറികടന്ന് അനുവദിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി 285 ബാച്ചുകൾ റദ്ദാക്കിയത്. ഇതിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഘട്ടംഘട്ടമായി ഹയർസെക്കൻഡറി തലം വരെ പഠനസൗകര്യമൊരുക്കാനുള്ള പുതിയ സർക്കാർ നയത്തിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. നയത്തിന്റെ പരിരക്ഷയിൽ ഓർഡിനൻസിറക്കിയാൽ ഹയർസെക്കൻഡറി ഡയറക്ടറുടെ ശുപാർശ മറികടക്കാനാവുമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്.

സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബും കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരിന്റെ അപ്പീൽ തള്ളിയ ഹൈക്കോടതി കടുത്ത ഭാഷയിലാണ് സർക്കാരിനെ വിമർശിച്ചത്. സിംഗിൾബഞ്ചിന്റെ ഇടക്കാല ഉത്തരവ് ശരിവയ്ക്കുകയാണ് ഡിവിഷൻബഞ്ച് ചെയ്തതെന്നും അന്തിമവിധി വരുംമുൻപേ ഇങ്ങനെയാരു നടപടിക്ക് സാധുതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചത്. ഈ സാഹചര്യത്തിൽ തുടർനടപടികളെക്കുറിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്ന് വിദ്യാഭ്യാസമന്ത്രി അഭ്യർത്ഥിച്ചു. ഇന്നത്തെ മന്ത്രിസഭായോഗത്തിലേക്ക് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്താനും കേസിന്റെ തുടർനടപടികൾ വിശദമായി ചർച്ചചെയ്യാനും തീരുമാനിച്ചു.

ഹയർസെക്കൻഡറി ഡയറക്ടർ കെ എൻ സതീശ്, വിദ്യാഭ്യാസ സെക്രട്ടറിയുടെ ചുമതലയുള്ള ഡോ. എം ബീന എന്നിവരെ മന്ത്രി വിളിച്ചുവരുത്തി. സർക്കാരിന്റെ അപ്പീൽ തള്ളിയ ഹൈക്കോടതി ഡിവിഷൻബഞ്ച് വിധി വിശദമായി പരിശോധിക്കാൻ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

പുതുതായി സർക്കാർ അനുവദിച്ച 700 +2 ബാച്ചുകളിൽ 415 എണ്ണത്തിനു മാത്രമാണ് ഹൈക്കോടതി പ്രവർത്തനാനുമതി നൽകിയത്. സിംഗിൾബഞ്ച് വിധി എതിരായപ്പോൾത്തന്നെ അപ്പീൽ വേണ്ടെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിലപാടെടുത്തത്. എന്നാൽ ചില മന്ത്രിമാരും ലീഗിലെ ഒരു വിഭാഗവും അപ്പീൽ പോകണമെന്ന് വാദിച്ചു. ഒടുവിൽ ഹൈക്കോടതിയിൽ സർക്കാരിന് തുടർച്ചയായി പരാജയമേറ്റുവാങ്ങേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഡിവിഷൻബഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിൽ പോകേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. അതേസമയം ഡിവിഷൻബഞ്ചിൽ പുനഃപരിശോധനാ ഹർജി നൽകുന്നതിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP