Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജേക്കബ് തോമസിനെതിരെ വീണ്ടുമൊരു കുറ്റപത്രംകൂടി തയ്യാറാക്കി; 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എഴുതിയത് ചട്ടലംഘനമെന്ന് ആരോപണം; പരാമർശങ്ങൾ പരിശോധിച്ച സമിതി നിർദ്ദേശം ചൂണ്ടിക്കാട്ടി മുൻ വിജിലൻസ് ഡയറക്ടറുടെ സസ്‌പെൻഷൻ നീട്ടാൻ സർക്കാർ

ജേക്കബ് തോമസിനെതിരെ വീണ്ടുമൊരു കുറ്റപത്രംകൂടി തയ്യാറാക്കി; 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എഴുതിയത് ചട്ടലംഘനമെന്ന് ആരോപണം; പരാമർശങ്ങൾ പരിശോധിച്ച സമിതി നിർദ്ദേശം ചൂണ്ടിക്കാട്ടി മുൻ വിജിലൻസ് ഡയറക്ടറുടെ സസ്‌പെൻഷൻ നീട്ടാൻ സർക്കാർ

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സർക്കാർ മറ്റൊരു കുറ്റപത്രവും കൂടി സമർപ്പിക്കാൻ ഒരുങ്ങുന്നു. ആറുമാസത്തേക്ക് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്ത നടപടി ദീർഘിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ജേക്കബ് തോമസ് എഴുതിയ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സമിതി കണ്ടെത്തിയെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതേ തുടർന്നാണ് നടപടി. പുസ്തകത്തിലെ പരാമർശങ്ങൾ പരിശോധിച്ച സമിതിയാണ് ചട്ടലംഘനം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിൽ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. എന്നാൽ സിവിൽ സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ ആര് മാസത്തിൽ കൂടുതൽ സസ്‌പെൻഡ് ചെയ്യണമെങ്കിൽ കേന്ദ്ര പെഴ്‌സണൽ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങൾ കാണിക്കണം. ഇതിനെ തുടർന്നാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കാണിച്ച് ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ദീർഘിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

സർക്കാരിന് അനഭിമതനായെങ്കിലും തനിക്ക് മൗനിയാകാൻ മനസില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. അഴിമതിക്കെതിരെ സംസാരിക്കുമ്പോൾ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നത് സ്രാവുകൾക്കൊപ്പമാകുമ്പോൾ അത് സ്വാഭാവികമാണ്. പക്ഷേ താൻ നീന്തൽ തുടരും. - ഇതായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ പ്രതികരണം. അഴിമതിവിരുദ്ധ ദിനത്തിൽ പ്രസ് ക്ലബ്ബിൽ നടന്ന സ്വകാര്യ ചടങ്ങിൽ അഴിമതിക്കെതിരെ സംസാരിച്ചതിനാണ് ജേക്കബ് തോമസ് സർക്കാരിന് വേണ്ടാത്തവനായത്.

ഇതിനിടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ജേക്കബ് തോമസ് കോടതിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. തനിക്ക് സംരക്ഷണം വേണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അദ്ദേഹം പബ്ലിക് സെർവന്റ് മാത്രമാണ്. അദ്ധേഹത്തിന് മുകളിൽ അധികാര കേന്ദ്രമുണ്ടെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞിരുന്നു.
സംസ്ഥാന സർക്കാർ സംരക്ഷണം നൽകുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജിലൻസ് കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ജേക്കബ് തോമസിന്റെ ഹർജി. അതേ സമയം വിസിൽ ബ്ലോവറിന്റെ സംരക്ഷണം ജേക്കബ് തോമസിനില്ലെന്ന് സർക്കാരും അറിയിച്ചിരുന്നു.

അഴിമതി വിരുദ്ധ മുഖച്ഛായയുള്ള മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ആദ്യകാലത്ത് പിണറായിക്ക് പ്രിയപ്പെട്ടവനായിരുന്നു. പിന്നീട് തുറന്ന വിമർശനവുമായി ജേക്കബ് തോമസ് രംഗത്തെത്തിയതോടെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല മുഖ്യമന്ത്രിയുടെയും മുഖം കറുത്തു. മഞ്ഞ കാർഡും, ചുവപ്പുകാർഡും കാട്ടി അഴിമിതിക്കാരെ പുറത്താക്കാൻ കച്ചകെട്ടിയിറങ്ങിയ മുൻ വിജിലൻസ് മേധാവി ഒടുവിൽ അപമാനിതനായി. ഇത്തരത്തിൽ സർക്കാരുമായി ഉടക്കിപ്പരിഞ്ഞ മെട്രോമാൻ ഇ.ശ്രീധരനും സമാന സാഹചര്യത്തിൽ പിണറായിയുമായി സൗഹൃദം വേർപിരിഞ്ഞ ജേക്കബ് തോമസും സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ കൈകോർക്കുന്നു എന്ന റിപ്പോർട്ടുകളും ഇന്ന് പുറത്തുവന്നിരുന്നു.

ഇതിന് മുന്നോടിയായി ജേക്കബ് തോമസ് ഇ.ശ്രീധരനുമായി കൊച്ചി ഡിഎംആർസി ഓഫീസിൽ എത്തി കൂടിക്കാഴ്ച നടത്തി.മ ികവിന്റെ പര്യായമായ ശ്രീധരനെ മാരണമായി കാണരുതെന്നും അത് കേരളത്തിന് നല്ലതല്ലെന്നുമാണ് ജേക്കബ് തോമസിന്റെ അഭിപ്രായം. ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറോളം നീണ്ടുനിന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഒന്നിക്കാനാണ് ഇരുവരുടെയും തീരുമാനം. പല പ്രശ്നങ്ങളുടെയും മൂല കാരണം അഴിമതിയാണെന്നുള്ളത് കണക്കിലെടുത്ത് മെട്രോമാൻ കൂടെ ഉൾപ്പെടുന്ന ട്രസ്റ്റ് ഡൽഹി കേന്ദ്രീകരിച്ച് രൂപീകരിക്കാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP