Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മദ്യനയത്തെ ചൊല്ലി ക്രൈസ്തവ സഭകൾക്കിടയിലും ഭിന്നത; ക്ലീമീസ് കാതോലിക്കാ ബാവയുടെ നിലപാടിനെതിരെ ഒളിയമ്പെയ്ത് മാർ ജോർജ്ജ് ആലഞ്ചേരി; മദ്യനയം തിടുക്കത്തിലാണെന്ന് ജനങ്ങൾക്ക് തോന്നലുണ്ടെന്ന് വിമർശനം

മദ്യനയത്തെ ചൊല്ലി ക്രൈസ്തവ സഭകൾക്കിടയിലും ഭിന്നത; ക്ലീമീസ് കാതോലിക്കാ ബാവയുടെ നിലപാടിനെതിരെ ഒളിയമ്പെയ്ത് മാർ ജോർജ്ജ് ആലഞ്ചേരി; മദ്യനയം തിടുക്കത്തിലാണെന്ന് ജനങ്ങൾക്ക് തോന്നലുണ്ടെന്ന് വിമർശനം

തിരുവനന്തപുരം: സർക്കാരിന്റെ ബാർ പൂട്ടലും മദ്യനിരോധനവും സംബന്ധിച്ച ചർച്ചകൾ നാടെങ്ങും ചൂടേറിയ വിവാദങ്ങൾക്കാണ് വഴിതെളിക്കുന്നത്. ക്രിസ്ത്യൻ ദേവാലയങ്ങളിൽ കുർബാനയ്ക്ക് വിളമ്പുന്ന വീഞ്ഞുപോലും നിരോധിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവനയിറക്കിയതോടെയാണ് ക്രിസ്ത്യൻ സഭകളും വിവാദത്തിന്റെ ഭാഗമായത്. ഇപ്പോഴിതാ മദ്യനയത്തിന്റെ കാര്യത്തിൽ സഭകൾ കൊമ്പുകോർക്കുന്ന തരത്തിൽ വരെയാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.

വിവാദങ്ങൾ മാറിയും തിരിഞ്ഞും വരുന്നതിനിടെ സഭകളും ഇക്കാര്യത്തിൽ രണ്ടുതട്ടിലായെന്നുതന്നെയാണ് സഭാമേലധ്യക്ഷന്മാരുടെ പ്രസ്താവനകൾ ചൂണ്ടിക്കാട്ടുന്നത്. പൂട്ടിയ ബാറുകളിലൊന്നെങ്കിലും തുറന്നാൽ സർക്കാർ താഴെ വീഴുമെന്നാണ് മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവ നേരത്തെ പ്രസ്താവനയിറക്കിയത്. എന്നാൽ സീറോ മലബാർ കത്തോലിക്ക സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നിറക്കിയ പ്രസ്താവന മലങ്കര സഭയും സീറോ മലബാർ സഭയും സർക്കാരിന്റെ മദ്യനയത്തിൽ രണ്ടുതട്ടിലാണെന്നാണ് വ്യക്തമാക്കുന്നത്.

മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞത്. മദ്യനയം തിരിച്ചടിയാകാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നയം തിടുക്കത്തിലായിപ്പോയെന്ന തോന്നലാണ് ജനങ്ങൾക്കുണ്ടായതെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മദ്യനിരോധനമല്ല, മദ്യവർജനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ വ്യാപ്തി ജനങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലായി. മദ്യവർജനമാണ് സഭയുടെ നയം. എല്ലാ ബാറുകളും പൂട്ടാനുള്ള സർക്കാരിന്റെ തീരുമാനം നടപ്പാക്കണമെങ്കിൽ ഇച്ഛാശക്തിവേണം. അതുണ്ടോയെന്നറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.

അതേ സമയം മാർ ആലഞ്ചേരിക്ക് മറുപടിയുമായി യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ രംഗത്തെത്തി. തീരുമാനം ധൃതി പിടിച്ചിട്ടെന്ന് ഇനി പറഞ്ഞിട്ട് കാര്യമില്ല. സമ്പൂർണ മദ്യനിരോധനം വേണമെന്ന് പല വട്ടം ആവശ്യപ്പെട്ടത് മതനേതാക്കളാണ്. മദ്യനിരോധനം നടപ്പാക്കുന്നത് പാളിയാൽ അതിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ ആദ്യഘട്ടത്തിൽ തന്നെയായിരുന്നു കർദിനാൾ ബസേലിയോസ് ക്ലീമീസ് ബാവയുടെ പ്രതികരണം. പൂട്ടിയ ബാറുകളിൽ ഒന്നെങ്കിലും തുറന്നാൽ സർക്കാർ താഴെപ്പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. മദ്യനയത്തിന്റെ കാര്യത്തിൽ സർക്കാർ പക്വമായ നടപടികൾ സ്വീകരിക്കണമെന്നും ക്ലീമീസ് ബാവ പറഞ്ഞു.

ദേവാലയങ്ങളിൽ കുർബാനയ്ക്ക് വീഞ്ഞ് ഉപയോഗിക്കണം എന്ന കാര്യം നിർബന്ധമല്ലെന്ന് മാർത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയൊരു കീഴ് വഴക്കമുണ്ടെങ്കിലും അത് പിന്തുടരേണ്ട ആവശ്യമില്ല. വീഞ്ഞിന് പകരം പണ്ട് ഉണക്കമുന്തിരി വെള്ളത്തിലിട്ട് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, മാർ ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്നാണ് കെസിബിസി വക്താവ് ഫാ. പോൾ തേലക്കാട്ട് പ്രതികരിച്ചത്.

എന്തായാലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന വന്നതോടെ ക്രൈസ്തവ സഭകളിലും മദ്യനയത്തിന്റെ കാര്യത്തിൽ ഭിന്നത രൂക്ഷമാണെന്നത് വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP