Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാരിസണിന്റെ 62,000 ഏക്കർ ഭൂമി കണ്ടുകെട്ടുമെന്ന് വീണ്ടും സർക്കാർ; കണ്ടു കെട്ടിയത് തിരിച്ചുകൊടുക്കാൻ കോടതി; സർക്കാറും ഹാരിസണും കോടതിയെ മറയാക്കി ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാർ ഭൂമി

ഹാരിസണിന്റെ 62,000 ഏക്കർ ഭൂമി കണ്ടുകെട്ടുമെന്ന് വീണ്ടും സർക്കാർ; കണ്ടു കെട്ടിയത് തിരിച്ചുകൊടുക്കാൻ കോടതി; സർക്കാറും ഹാരിസണും കോടതിയെ മറയാക്കി ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാർ ഭൂമി

തിരുവനന്തപുരം: ഒരു വശത്ത് ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിച്ച് കണ്ടുകെട്ടുമെന്ന് സർക്കാർ. മറുവശത്ത് സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി തിരികെ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ സർക്കാറും കോടതിയും തമ്മിൽ ഒത്തുകളിക്കുമ്പോൾ നഷ്ടമാകുന്നത് സർക്കാറിന് അർഹമായ ഭൂമിയാണ്. മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ തമിഴ്‌നാട് അവകാശം ഉന്നയിക്കുന്നത് പോലെ ബ്രിട്ടീഷ് ഭരണകാലത്ത് കൈവശപ്പെടുത്തിയ ഭൂമി ഇപ്പോഴും തങ്ങളുടേതാണെന്ന് വാദിച്ചിരിക്കുന്ന ഹാരിസൺ മലയാളം സർക്കാർ സംവിധാനങ്ങളെ സ്വാധീനിച്ചുകൊണ്ടാണ് ഇപ്പോഴും ഭൂമി കൈവശം വെക്കുന്നത്.

ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച സ്‌പെഷൽ ഓഫിസർക്ക് ഇതിന് അധികാരമുണ്ടെന്നുകാണിച്ച് സർക്കാർ ഉത്തരവ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഉത്തരവെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഹാരിസണിന്റെ പക്കലുള്ള ഭൂമി സർക്കാറിൻേറതാണെങ്കിൽ ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാമെന്ന് കഴിഞ്ഞവർഷം അവസാനം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ നടപടികളിലേക്ക് നീങ്ങിയത്.

അതിനിടെ ദിവസങ്ങൾക്ക് മുമ്പ് ഹാരിസൺ മലയാളത്തിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തവിടുകയുണ്ടായി. പിടിച്ചെടുത്ത ഭൂമി തിരികെ നൽകാൻ ഹൈക്കോടതി സർക്കാരിനു നവംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നകത്. 2013 മെയ് 23 നാണ് ഭൂമി തിരിച്ചുകൊടുക്കാൻ ഹൈക്കോടതി സർക്കാരിനു നാലാഴ്ച സമയം നൽകിയിരുന്നത്. എന്നാൽ മൂന്നു മാസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പുനപരിശോധന ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.

സുപ്രിംകോടതിയിൽ നൽകിയ അപ്പീലും തള്ളി. പിന്നീട് കൂടുതൽ സമയത്തിനായിട്ടാണ് സർക്കാർ ഹൈക്കോടതിയിൽ വീണ്ടും അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി ഹർജി പരിഗണിക്കവേ ഇനിയും കൂടുതൽ സമയം നീട്ടി നൽകാനാവില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൻ, കെ. ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞവർഷം ഭൂസംരക്ഷണ നിയമപ്രകാരം ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.ജി രാജമാണിക്യത്തെ സ്‌പെഷൽ ഓഫിസറായി നിയമിച്ചാണ് സർക്കാർ ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കാൻ നടപടികൾ ഊർജ്ജിതമാക്കിയത്. റവന്യൂ സ്‌പെഷൽ ഗവർമെന്റ് പ്‌ളീഡർ സുശീല ആർ. ഭട്ട് നൽകിയ നിയമോപദേശത്തെ തുടർന്നായിരുന്നു നിയമനം. വിവിധ ജില്ലകൾ സന്ദർശിച്ച സ്‌പെഷൽ ഓഫിസറും സംഘവും ഹാരിസൺ കൈവശംവച്ചിരിക്കുന്ന 62,000 ഏക്കർ ഭൂമി സർക്കാറിൻേറതാണെന്നും ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ കമ്പനി ആശ്രയിക്കുന്ന രേഖകൾ വ്യാജമാണെന്നും കണ്ടത്തെിയിരുന്നു.

നാല് ജില്ലകളിലായി ഹാരിസൺസ് മലയാളം 30,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നത് പൂർണമായും വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് രാജമാണിക്യം കണ്ടെത്തിയിരുന്നു. സർക്കാരിന് അവകാശപ്പെട്ട ഭൂമിയാണ് ഹാരിസൺസ് അനധികൃതമായി സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച് 195 പേജുകളുള്ള വിശദമായ റിപ്പോർട്ട് സ്‌പെഷൽ ഓഫീസറായ എറണാകുളം ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം സർക്കാരിന് നൽകി.

ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള എസ്റ്റേറ്റ് ഭൂമികളാണ് സ്‌പെഷൽ ഓഫീസർ പരിശോധിച്ചത്. തൃശ്ശൂർ, വയനാട്, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഹാരിസൺസ് മലയാളത്തിനുള്ള ഭൂമി സ്‌പെഷൽ ഓഫീസർ പിന്നീട് പരിശോധിക്കും. വിദേശ നിർമ്മിതമായ വ്യാജരേഖകൾ കൂടി ഹാരിസൺസിന്റെ പക്കലുള്ളതായി സ്‌പെഷൽ ഓഫീസർ കണ്ടെത്തി. വ്യാജ പട്ടയങ്ങൾ കൂടാതെ വ്യാജ ക്രയവിക്രയ സർട്ടിഫിക്കറ്റുകളും ഇവയിൽ ഉൾപ്പെടുന്നു. 30,000 ഏക്കർ ഭൂമി നാല് ജില്ലകളിലുള്ളത് സർക്കാരിന് അവകാശപ്പെട്ടതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് സ്‌പെഷൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ ഭൂമി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നോട്ടീസ് നൽകാൻ നടപടി തുടങ്ങിയിരുന്നു. ഭൂമി നഷ്ടപ്പെടുമെന്നുറപ്പായതോടെ ഹാരിസൺ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്‌പെഷൽ ഓഫിസർക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു ഇവരുടെ വാദം. സുശീല ഭട്ടിൻേറത് തെറ്റായ നിയമോപദേശമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ തർക്കത്തിൽ ആദ്യം തീരുമാനമെടുക്കാനും അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാതെ ഭൂമി ഏറ്റെടുക്കരുതെന്നും സ്‌പെഷൽ ഓഫിസർക്ക് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് കഴിഞ്ഞ ഒക്ടോബറിൽ നിർദ്ദേശം നൽകി.

രണ്ടുമാസത്തിനകം അധികാരപരിധി സംബന്ധിച്ച് തീരുമാനമെടുക്കാനും തുടർന്ന് രണ്ടുമാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നുമാണ് പറഞ്ഞിരുന്നത്. ഭൂമി ഒഴിപ്പിക്കാനാണ് അന്തിമ തീരുമാനമെങ്കിൽ ഒഴിപ്പിക്കൽ ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഉത്തരവ് ചോദ്യംചെയ്യാൻ കമ്പനിക്ക് സാവകാശം ലഭിക്കുന്നതിനാണ് ഈ നിർദ്ദേശം നൽകിയത്. സ്‌പെഷൽ ഓഫിസറുടെ അധികാരം നിർണയിച്ചതോടെ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാറിന് എളുപ്പമായി. എന്നാൽ ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് ഹാരിസണിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP