Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉണങ്ങിയ മരച്ചില്ലകളുടെ ചിത്രം അന്തരീക്ഷത്തിൽ ഉയർത്തവെ ക്ഷണനേരം കൊണ്ട് ഇലകൾ തളിർത്തു തണൽമരമായി മാറി; മന്ത്രി തോമസ് ഐസക്കിന്റെ ഇന്ദ്രജാല പ്രകടനത്തോടെ ഗ്രീൻ പ്ലാനറ്റ് പദ്ധതിക്കു തുടക്കം

ഉണങ്ങിയ മരച്ചില്ലകളുടെ ചിത്രം അന്തരീക്ഷത്തിൽ ഉയർത്തവെ ക്ഷണനേരം കൊണ്ട് ഇലകൾ തളിർത്തു തണൽമരമായി മാറി; മന്ത്രി തോമസ് ഐസക്കിന്റെ ഇന്ദ്രജാല പ്രകടനത്തോടെ ഗ്രീൻ പ്ലാനറ്റ് പദ്ധതിക്കു തുടക്കം

തിരുവനന്തപുരം: ഇലകൊഴിഞ്ഞ മരച്ചില്ലകളിൽ ധനമന്ത്രിയുടെ മാന്ത്രികതയിൽ വിരിഞ്ഞത് സമൃദ്ധമായ തളിരിലകളോടെ ഒരു തണൽമരം. ഉണങ്ങിയ മരച്ചില്ലകളുടെ ഛായാചിത്രം മന്ത്രി ടി എം തോമസ് ഐസക് അന്തരീക്ഷത്തിലേയ്ക്കുയർത്തവേ ക്ഷണംനേരം കൊണ്ട് ചില്ലകളിൽ ഇലകൾ തിളിർത്ത് അതൊരു വലിയ തണൽമരമായി മാറി.

മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും കൃഷിയും പൊതു സംസ്‌കാരത്തിന്റെ ഭാഗമായി വളർത്തിയെടുക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച ഹരിത കേരള മിഷൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മാജിക് പ്ലാനറ്റിൽ തുടക്കം കുറിച്ച ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പ്രതീകാത്മക ഹരിതവിസ്മയ ഇന്ദ്രജാലം അവതരിപ്പിച്ചത്. ഗ്രീൻപ്ലാനറ്റ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ സാധ്യമാക്കുന്നതിന് മുതിർന്നവരേക്കാൾ കുട്ടികളാണ് ഏറ്റവും അനുയോജ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

ഇതിനായി സ്‌കൂൾ തലങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ക്രിസ്തുമസ് അവധി കഴിയുന്നതോടെ ഇത്തരം പരിപാടികൾ സ്‌കൂൾ തലത്തിൽ ഒരുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് ഇന്ദ്രജാലത്തെ കൂടി ഉൾപ്പെടുത്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'പ്രകൃതിയെ സംരക്ഷിക്കൂ; ഭാവി ശോഭനമാക്കൂ' എന്ന് ആലേഖനം ചെയ്ത ഗ്രീൻ പ്ലാനറ്റ് പതാക മേയർ വി.കെ.പ്രശാന്ത് മാജിക് അക്കാദമിയുടെ ഹൗസ്‌കീപ്പിങ് സൂപ്പർവൈസർ സിമി വിനിലിന് കൈമാറി. വരും ദിനങ്ങളിൽ മാജിക് പ്ലാനറ്റിലെത്തുന്ന സന്ദർശകർക്ക് ഈ പതാകകൾ വിതരണം ചെയ്യും.

പ്രകൃതിയോടിണങ്ങി ജീവിക്കുവാനും മണ്ണും വായുവും വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബഹുജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായി ഒരു വർഷം നീളുന്ന വിവിധ കർമ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൗൺസിലർ എസ്.ബിന്ദു, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല, മാനേജർ ജിൻജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ ഇല്യൂഷനിസ്റ്റ് യുവകൃഷ്ണ അവതരിപ്പിച്ച ഹരിതവിസ്മയ ഇന്ദ്രജാലത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

മാന്ത്രികരുടെ സംഘങ്ങൾ സ്‌കൂളുകളും കോളെജുകളും സന്ദർശിച്ച് ബോധവത്കരണം നടത്തൽ, മാജിക് പ്ലാനറ്റിലെത്തുന്ന എല്ലാ സന്ദർശകർക്കും ഹരിത മിഷൻ പദ്ധതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക ജാലവിദ്യകൾ അവതരിപ്പിക്കൽ, ലീഫ് ലെറ്റുകൾ വിതരണം ചെയ്യൽ, ജില്ലകൾ തോറും മാലിന്യസംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നിവയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന ജാലവിദ്യാ പ്രദർശനങ്ങൾ, തണൽമരങ്ങൾ നടലും സംരക്ഷിക്കലും, സെമിനാർ, ഏകദിന ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കൽ, വിദ്യാർത്ഥികൾക്ക് ബോധവത്കരണ മാജിക്കുകൾ പരിശീലിപ്പിച്ച് റിസോഴ്‌സ് പേഴ്‌സനായി ചുമതലപ്പെടുത്തി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയ നിരവധി പരിപാടികളാണ് ഒരു വർഷം നീളുന്ന പരിപാടികളിൽ ഭൂമിയുടെ സംരക്ഷണത്തിനായി മാജിക് പ്ലാനറ്റ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മുതുകാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP