Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമതയുടെ ഇച്ഛാശക്തിയിൽ ഗുലാംഅലി കൊൽക്കട്ടയിൽ പാടി; ഇനി കേരളത്തിന്റെ ഊഴം: ഇന്നു വൈകുന്നേരം വിശ്രുത ഗസൽ ഗായകൻ കേരളത്തിൽ; സംഗീതത്തിന്റെ മാസ്മരികതയിൽ ശത്രുതയുടെ അതിർവരമ്പുകൾ മാഞ്ഞ് പോയതിങ്ങനെ

മമതയുടെ ഇച്ഛാശക്തിയിൽ ഗുലാംഅലി കൊൽക്കട്ടയിൽ പാടി; ഇനി കേരളത്തിന്റെ ഊഴം: ഇന്നു വൈകുന്നേരം വിശ്രുത ഗസൽ ഗായകൻ കേരളത്തിൽ; സംഗീതത്തിന്റെ മാസ്മരികതയിൽ ശത്രുതയുടെ അതിർവരമ്പുകൾ മാഞ്ഞ് പോയതിങ്ങനെ

കൊൽക്കത്ത: സംഗീതത്തിന് അതിരുകളില്ലെന്ന് തെളിയിച്ച് വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി ഇന്ത്യയിൽ പാടി. പാക്കിസ്ഥാൻകാരന്റെ പാട്ട് ഇന്ത്യക്കാർ കേൾക്കേണ്ടെന്ന അസഹിഷ്ണുതാ വാദത്തെ എതിർത്ത് തോൽപ്പിച്ച് നേരിട്ട് പശ്ചിമബംഗാൾ സർക്കാറാണ് കൊൽക്കത്തയിൽ ഗുലാം അലിയെ പാടിപ്പിച്ചത്. ഇനി കേരളത്തിന്റെ ഊഴമാണ്. ഇതിനായി ഗുലാം അലി ഇന്ന് തിരുവനന്തപുരത്ത് എത്തും. സംസ്ഥാനത്ത് സംഗീതപരിപാടി നടത്തുന്നതിനായാണ് ഗുലാം അലി എത്തിയത്. ഈ മാസം 15 ആം തിയതി തിരുവനന്തപുരത്തും 17 ആം തിയതി കോഴിക്കോടും ആണ് ഗുലാം അലിയുടെ ഗസൽവിരുന്ന്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ഗുലാം അലിക്ക് കൊൽക്കത്തയിൽ അവസരം ഒരുക്കിയത്. ലോകത്തെവിടെയും കച്ചേരികൾ അവതരിപ്പിക്കാറുണ്ടെങ്കിലും തനിക്കെന്നും പാടാനിഷ്ടം കൊൽക്കത്തയിലാണെന്ന് പറഞ്ഞ് അലി അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞു. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആയിരക്കണക്കിന് ശ്രോതാക്കൾ വീണ്ടും വരണമെന്ന് ആശിർവദിച്ച് അദ്ദേഹത്തെ യാത്രയാക്കി. മമതയുടെ സംഘടനാ മികവിന്റെ നേർസാക്ഷ്യം കൂടിയായി പരിപാടി. 'എവിടെ കച്ചേരി അവതരിപ്പിക്കാൻ പോകുമ്പോഴും സന്തോഷമുണ്ടാകാറുണ്ടെങ്കിലും ഇത്തവണ ഞാനതിലേറെ സന്തോഷവാനാണ്. കൊൽക്കത്തയിൽ സാധാരണ വരാറുണ്ടെങ്കിലും ഇപ്പോൾ തോന്നുന്നത് 50 വർഷത്തിന് ശേഷമാണ് വന്നതെന്നാണ്' അലി പറഞ്ഞു.

അലിയെ സംഗീത സമ്രാട്ടെന്ന് വിശേഷിപ്പിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഗീതത്തിന് അതിരുകളില്ലെന്നും പറഞ്ഞു. പരിപാടിക്കുള്ള സീറ്റുകൾ നേരത്തെ തന്നെ നിറഞ്ഞതിനാൽ കൂടുതൽ പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും മമത പറഞ്ഞു. മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ മദ്രസാ കാര്യ വകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷ വികസന സാമ്പത്തിക കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ചെറുകിട ഇടത്തരം വ്യവസായികളുടെ വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് 'മിലാൻ ഉത്സവ്' എന്ന പേരിലുള്ള പരിപാടിക്ക് വേദിയായത്.

സ്വാമി വിവേകാന്ദന്റെ 153ആം ജന്മവാർഷിക ദിനം കൂടിയായിരുന്നു ചൊവ്വാഴ്ച. നേരത്തെ മുംബയിൽ നടത്താനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്നാണ് മമതാ മുൻകൈയെടുത്ത് പരിപാടി സംഘടിപ്പിച്ചത്. ഇതോടെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും രംഗത്തുവന്നു. അങ്ങനെ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്വരലയയുടെ നേതൃത്വത്തിൽ കച്ചേരിക്ക് അവസരമൊരുങ്ങി. നേരത്തെ, മുംബൈയിലും ഡൽഹിയിലും ഗുലാം അലിയുടെ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ് കേരളത്തിൽ ഗുലാം അലിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിലും ഗുലാം അലിയുടെ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന് ശിവസേന പറഞ്ഞിട്ടുണ്ട്.

ജി.കെ.എസ്.എഫും സ്വരലയയും ചേർന്നൊരുക്കുന്ന, പ്രശസ്ത ഗസൽ ഗായകൻ ഗുലാം അലിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായുള്ള 'സലാം ഗുലാം അലി' പരിപാടി ഇന്നാരംഭിക്കും. ഗുലാം അലിയുടെ സംഗീത ജീവിതം, കേരള സന്ദർശനം എന്നിവ ആസ്പദമാക്കിയുള്ള സലാം ഗുലാം അലി വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. കവി ബാലചന്ദ്രൻ ചുള്ളിക്കാട് ചടങ്ങിൽ കവിത ആലപിക്കും. 25 വർഷങ്ങൾക്ക് മുമ്പ് ഗുലാം അലിയെക്കുറിച്ച് ചുള്ളിക്കാട് കവിത എഴുതിയിരുന്നു. അങ്ങനെ ഗുലാം അലിക്ക് എല്ലാ ആദരവും ഒരുക്കുന്ന തരത്തിലാണ് സ്വരലയ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP