Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഗ്രഹം ഭർത്താവിനൊപ്പം കഴിയാൻ; സുപ്രിം കോടതി വിധിയിൽ സന്തോഷവതിയെന്ന് ഹാദിയ; പഠനത്തിനായി സേലത്തേക്ക് പോകുന്ന തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ: മകൾ വിവാഹം ചെയ്തത് തീവ്രവാദിയെ ആണെന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഹാദിയയുടെ അമ്മയും നാട്ടിലേക്ക് തിരിച്ചു

ആഗ്രഹം ഭർത്താവിനൊപ്പം കഴിയാൻ; സുപ്രിം കോടതി വിധിയിൽ സന്തോഷവതിയെന്ന് ഹാദിയ; പഠനത്തിനായി സേലത്തേക്ക് പോകുന്ന തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ: മകൾ വിവാഹം ചെയ്തത് തീവ്രവാദിയെ ആണെന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഹാദിയയുടെ അമ്മയും നാട്ടിലേക്ക് തിരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി സേലത്തേക്ക് പുറപ്പെടുന്നതിനായി ഹാദിയ ഡൽഹി വിമാനത്താവളത്തിലെത്തി. സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഹാദിയ വിമാനത്താവളത്തിൽവച്ച് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭർത്താവ് ഷെഹീൻ ജഹാനൊപ്പം പോകണമെന്നാണ് ആഗ്രഹമെന്നും സേലത്തേക്കുള്ള യാത്രാ മധ്യേ വ്യക്തമാക്കി.

അതേസമയം മകൾ പഠനത്തിനായി സേലത്തേക്ക് പോയതോടെ പിതാവ് അശോകനും അമ്മയും കേരളത്തിലേക്കും മടങ്ങി. സുപ്രിം കോടതി വിധിയിൽ താൻ സന്തോഷവാനാണെന്നാണ് പിതാവ് അശോകൻ പറഞ്ഞത്. സുപ്രീം കോടതി വിധിയിലൂടെ മകൾക്ക് ഇപ്പോൾ തീർത്ത് നൽകിയത് ഇരുമ്പ് കവചമാണെന്നും അത് ഭേദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷെഫീൻ ജഹാന് മകളെ കാണാൻ സുപ്രിം കോടതി അനുവാദം നൽകിയിട്ടില്ല. നിയമ പോരാട്ടത്തിൽ ഇതുവരെയുള്ള വിജയം തന്റേതാണെന്നും സുപ്രിം കോടതിയുടെ വിധിയിൽ താൻ പൂർണ്ണ തൃപ്തനാണ്. ഹാദിയയുടെ പഠനം തുടരാനായതിൽ സന്തോഷം. ഹാദിയ വീട്ടുതടങ്കലിൽ ആയിരുന്നില്ലെന്നും അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ഹാദിയയുടെ അമ്മ പൊന്നമ്മയെ കാണാനായത്. അച്ഛനും അമ്മയെയും തള്ളിപ്പറഞ്ഞതിന്റെ വേദന ആ മുഖത്ത് കാണാമായിരുന്നു. തന്റെ മകൾ ഒരു തീവ്രവാവിദയെ ആണ് വിവാഹം ചെയ്തതെന്ന് ഒരു തേങ്ങലോടെയാണ് ആ അമ്മ മാധ്യമങ്ങളോടായി പറഞ്ഞത്.

ചൊവ്വാഴ്ച ഉച്ചക്ക് 11ന് കേരള ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ഡൽഹി വിമാനത്താവളത്തിലേക്ക് ഹാദിയയെ എത്തിച്ചത്. ഇവിടെ നിന്ന് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തേക്ക് തിരിക്കും.

അച്ഛനും അമ്മയും ഹാദിയയ്‌ക്കൊപ്പം സേലത്തേക്ക് പോകുമെന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. എന്നാൽ പിന്നീട് ഇവർ പോകുന്നില്ലെന്ന് വ്യക്തമായി. കോയമ്പത്തൂരിൽ നിന്ന് സേലത്തേക്ക് കൊണ്ടു പോയി കോളേജ് പ്രിൻസിപ്പലിന് മുന്നിൽ ഹാദിയയെ എത്തിക്കും. തത്കാലത്തേക്കു പഠനം പൂർത്തിയാക്കാനും ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ സേലത്തേക്ക് തിരിച്ചത്.

കോളജ് ഹോസ്റ്റൽ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാർത്ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാൽ ഹാദിയയ്ക്കു ചുറ്റും തമിഴ്‌നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതിൽനിന്നു സന്ദർശകർക്കു വിലക്കില്ല. അതുകൊണ്ട് തന്നെ ഹാദിയയെ കാണാൻ ഷെഫിൻ ജെഹാനും ശ്രമിക്കും. അതിനിടെ ഐസിസ് ബന്ധം ആരോപിച്ച് ഷെഫിനെ എൻഐഎ അറസ്റ്റ് ചെയ്യുമെന്ന് സൂചനയുണ്ട്.

ഹാദിയയെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിൻ ജഹാന്റെ പ്രതികരണം. ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു കോടതി തൽക്കാലത്തേക്ക് അംഗീകാരം നൽകിയില്ല. എൻഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോൾ ഈ വാദമുഖങ്ങൾ വീണ്ടും ഉയർന്നുവരും. ഐസിസുമായി ഷെഫിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സുപ്രീംകോടതിയെ എൻഐഎ അറയിച്ചിരുന്നു. ഐസിസുകാരുമായി സംസാരിക്കുന്ന ഓഡിയോ ഉണ്ടെന്നാണ് എൻഐഎ കോടതിയെ ബോധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഷെഫിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത സജീവമാകുന്നത്.

ഹാദിയ കേസിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടലാണ് ഇതിന് വഴിയൊരുക്കുന്നത്. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഷെഫിൻ ജെഹാന് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എൻഐഎയും കോടതിയെ അറിയിച്ചു. ഷെഫിൻ ഐസിസ് റിക്രൂട്ടർ മൻസിയോട് സംസാരിക്കുന്നതിന്റെ വീഡിയോ ലഭിച്ചിട്ടുണ്ട്. ഒരാളെ ഐഎസിൽ ചേർത്താൽ എത്ര രൂപ കിട്ടുമെന്ന് ഷെഫിൻ ചോദിക്കുന്നത് ഇതിൽ വ്യക്തമാണ്. ഹാദിയയെ മതം മാറ്റിയ സത്യസരണി എന്ന പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനെതിരേയും അന്വേഷണം നടക്കുകയാണ്. 11 കേസുകൾ സ്ഥാപനത്തിനെതിരേ നിലവിലുണ്ട്. ഏഴ് കേസുകളിൽ അന്വേഷണം നടക്കുകയാണ്. മതപരിവർത്തനത്തിന് രാജ്യത്ത് വലിയ ശൃംഖലയുണ്ടെന്നും എൻഐഎക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

എന്നാൽ കേസിൽ ഹാദിയയെ ആദ്യം കേൾക്കണമെന്ന വാദത്തിൽ ഷെഫിന്റെ അഭിഭാഷകൻ കപിൽ സിബൽ ഉറച്ചു നിന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങളൊക്കെ പിന്നീട് പരിഗണിച്ച് ഹാദിയയെ ആദ്യം കേൾക്കുകയാണ് കോടതി ചെയ്യേണ്ടതെന്നും വ്യക്തിസ്വാതന്ത്ര്യ വിഷയത്തിന് വർഗീയനിറം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് കോടതി അംഗീകരിച്ചു. ഹാദിയയെ അച്ഛനും അമ്മയിൽ നിന്നും സ്വതന്ത്രയാക്കുകയും ചെയ്തു. പക്ഷേ എൻഐഎയുടെ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്. ഈ ആരോപണങ്ങളുടെ പേരിൽ ഷെഫിനെ അറസ്റ്റ് ചെയ്താൽ കുറ്റവാളിയല്ലെന്ന് തെളിയിക്കും വരെ ജയിലിൽ കഴിയേണ്ടി വരും. വ്യാജ വിവരങ്ങൾ കൊടുത്ത് പാസ്‌പോർട്ട് എടുത്ത കേസും ഷെഫിനെതിരെ ഉണ്ട്. ഈ പാസ്‌പോർട്ടുമായി ഷെഫിൻ വിദേശ യാത്രയും ചെയ്തിട്ടുണ്ട്.

നിലവിൽ സുപ്രീംകോടതിയുടെ റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലാകണം അന്വേഷണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ആദ്യം നിയോഗിച്ച മുന്ഡ ജഡ്ജി ഇതിന് തയ്യാറായില്ല. പിന്നീട് ആരേയും നിയമിച്ചതുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയെ കാര്യങ്ങൾ ബോധിപ്പിച്ച് ഷെഫിനെ അറസ്റ്റ് ചെയ്യാനാകും എൻഐഎ ശ്രമിക്കുക. ഹാദിയ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിനും തമിഴ്‌നാടിനും ജാഗ്രതാ നിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. കേരളത്തിനും കുടുംബത്തിനും സുരക്ഷ ഏർപ്പെടുത്തുന്നതിനൊപ്പം ഇരു സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിർദ്ദേശം നൽകി. ഷെഫിൻ ജെഹാനുമായുള്ള ഹാദിയയുടെ വിവാഹബന്ധം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതി തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നും പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഹാദിയയുടെ നിലപാട് കേട്ട സുപ്രീം കോടതി അവരെ തമിഴ്‌നാട് സർക്കാരിന്റെ സംരക്ഷണയിൽ വിട്ടിരുന്നു. ഹാദിയക്ക് സേലത്തെ കോളജിൽ പഠനം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, അവരുടെ പഠനചെലവും സുരക്ഷയും തമിഴ്‌നാട് സർക്കാർ വഹിക്കണമെന്നും നിർദ്ദേശിച്ചു. ഹാദിയയെ തങ്ങൾക്കൊപ്പം വിട്ടില്ലെങ്കിലും ഷെഫിൻ ജഹാനോടൊപ്പം വിടരുതെന്നായിരുന്നു ഹാദിയയുടെ മാതാപിതാക്കളുടെ വാദം. ഇത് കോടതി അംഗീകരിച്ചതിൽ ഹാദിയയുടെ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഷെഫിൻ ജെഹാന് ഐ.എസ് ബന്ധമുണ്ടെന്ന് പിതാവ് അശോകന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതാണ് എൻഐഎയും കോടതിയിൽ സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP