Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രൂപ്പു വഴക്കിന്റെ ഭാഗമായുള്ള കൊലപാതകം; ചാവക്കാടു വ്യാപകമായ കൊള്ളയും കലാപവും; മൃതദേഹവുമായി പ്രതിഷേധ മാർച്ചു നടത്തിയശേഷം സംസ്‌കാരം: ഇടപെടാതെ മുഖ്യമന്ത്രിയും ചെന്നിത്തലയും

ഗ്രൂപ്പു വഴക്കിന്റെ ഭാഗമായുള്ള കൊലപാതകം; ചാവക്കാടു വ്യാപകമായ കൊള്ളയും കലാപവും; മൃതദേഹവുമായി പ്രതിഷേധ മാർച്ചു നടത്തിയശേഷം സംസ്‌കാരം: ഇടപെടാതെ മുഖ്യമന്ത്രിയും ചെന്നിത്തലയും

ചാവക്കാട്: എതിർ പാർട്ടിയിലെ പ്രവർത്തകനെ കൊല്ലുന്ന രാഷ്ട്രീയ നടപടികളെപ്പോലും കടത്തിവെട്ടി എതിർ ഗ്രൂപ്പുകാരനെ ക്രൂരമായി കൊലചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചാവക്കാട്ട് അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കോൺഗ്രസ് ഗ്രൂപ്പു വഴക്കിൽ കഴിഞ്ഞ ദിവസം എ ഗ്രൂപ്പ് നേതാവ് എ.സി. ഹനീഫ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു പ്രദേശത്തുകൊള്ളയും അതിക്രമങ്ങളും അരങ്ങേറിയത്.

എന്നാൽ ഒന്ന് ഇടപെടാൻ പോലും ആകാതെ നോക്കിനിൽക്കുകയാണ് പൊലീസ്. ഭരിക്കുന്ന പാർട്ടിയുടെ ഗ്രൂപ്പു വഴക്കായതിനാൽ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ആഭ്യന്തര വകുപ്പും. ഒന്നര മണിക്കൂർ കൊണ്ടു സാമുഹിക വിരുദ്ധരും ഗുണ്ടകളും 13 വീടുകൾ തകർക്കുന്നതു നോക്കിനിൽക്കാൻ മാത്രമാണു പൊലീസിനായത്. അനുയായികൾ പരസ്പരം കൊലവിളി നടത്തുമ്പോൾ ഇടപെടാൻ പോലും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കഴിഞ്ഞില്ല.

വെള്ളിയാഴ്ച രാത്രിയാണ് മണത്തല ബേബി റോഡിൽ യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എ.സി. ഹനീഫ വീട്ടുമുറ്റത്തുവച്ചു കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നാലെ പ്രദേശത്ത് 12 വീടുകൾക്കു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. ആറു പവൻ സ്വർണവും 20,000 രൂപയും കവരുകയും ഗൃഹോപകരണങ്ങൾ തകർക്കുകയും ചെയ്തു.

അക്രമം സഹിക്കാനാകാതെ ഭയചകിതരായി സ്ത്രീകളും കുട്ടികളും വീടുവിട്ടോടി. കലാപ സദൃശ്യ അന്തരീക്ഷമാണ് പ്രദേശത്ത് നിലനിന്നത്.

അതിനിടെ, കൊല്ലപ്പെട്ട ഹനീഫയുടെ മൃതദേഹവുമായി പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമെന്ന ഉറപ്പു ലഭിച്ചതിനെത്തുടർന്നാണു മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുപോയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുത്തൻ കടപ്പുറം ജുമാമസ്ജിദിലാണ് ഹനീഫയുടെ മൃതദേഹം കബറടക്കിയത്.

ഹനീഫയെ കൊലപ്പെടുത്തിയത് ഐ ഗ്രൂപ്പുകാരാണെന്ന് എ ഗ്രൂപ്പ് നേതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. രണ്ടു മാസമായി തുടരുന്ന ഗ്രൂപ്പ് വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം. ഹനീഫയുടെ പിതൃസഹോദര പുത്രനും കെഎസ്‌യു താലൂക്ക് പ്രസിഡന്റുമായ എ. എസ്. സരൂഖിന് ഒരു മാസം മുൻപു വെട്ടേറ്റിരുന്നു.

അക്രമങ്ങൾ അതിരുകടന്നതോടെ ചാവക്കാടിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. ചാവക്കാട്ട് ഇന്നലെ ഹർത്താലായിരുന്നു. ഒരു ക്ലബിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് കൊലപാതകത്തിലേക്കു വഴി തുറന്നത്. രാജ്യവിരുദ്ധ ശക്തിയുമായി കൈകോർത്ത സംഘടനയുമായി ബന്ധപ്പെട്ട ചിലർ ക്ലബിൽ കയറിക്കൂടിയെന്ന ആരോപണമുണ്ടായതിന്റെ പേരിൽ ക്ലബ് രണ്ടാകുകയും സംഘർഷം തുടങ്ങുകയുമായിരുന്നു. ഹനീഫയുടെ സഹോദര പുത്രൻ എ.എസ്. സാരൂഖ് ഇതിൽ ഒരു ക്ലബുമായി അടുപ്പം പുലർത്തിയിരുന്നു. സാരൂഖ് കെഎസ്‌യു മണ്ഡലം പ്രസിഡന്റായതോടെ ഗ്രൂപ്പു പോരും തുടങ്ങി. വാക്കുതർക്കം പരിഹരിക്കാൻ കോൺഗ്രസ് ജില്ലാ, സംസ്ഥാന നേതൃത്വം ഇടപെട്ടതുമില്ല. ഇതിനു ശേഷമാണു സാരൂഖിനെ ഐ ഗ്രൂപ്പുകാരുമായി ബന്ധപ്പെട്ടവരെന്നു പറയുന്നവർ വീട്ടിൽ കയറി വെട്ടിയത്. ഈ സംഭവത്തിൽ ഐ ഗ്രൂപ്പുകാർക്കും അടിയേറ്റിരുന്നു. ഇതേത്തുടർന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ സാരൂഖിനെ ചാവക്കാടുവച്ചു താക്കീതു ചെയ്യുകയും ചെയ്തു. എന്നാൽ സാരൂഖിനെ എതിർക്കുന്നവരുമായി ഔദ്യോഗിക നേതൃത്വം സംസാരിച്ചില്ല. അതുകൊണ്ടുതന്നെ ഗ്രൂപ്പു പോരും രൂക്ഷമായി. ഇതിന്റെ രണ്ടാം ഘട്ടമാണു ഇപ്പോൾ നടന്ന കൊലപാതകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP