Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാരിസൺ ഭൂമി ഏറ്റെടുക്കലിന് താൽക്കാലിക വിരാമം; എറണാകുളത്തേയും തൃശൂരിലേയും വയനാട്ടിലേയും ഭൂമിയിൽ തൽക്കാലം സർക്കാർ തൊടില്ല; ഉത്തതതല ഇടപെടൽ ഹൈക്കോടതിയിലെ കേസെന്ന വാദമുയർത്തി

പത്തനംതിട്ട: തെക്കൻ കേരളത്തിൽ ഹാരിസൺ അനധികൃതമായ വിറ്റ 8148 ഏക്കർ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തെങ്കിലും ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ തുടർ നടപടികൾക്കു കഴിയില്ലെന്നു വിദഗ്ദ്ധർ. കൊല്ലത്തെ റിയ റിസോർട്‌സ് ആൻഡ് പ്രോപ്പർട്ടീസ് (207 ഏക്കർ), കൊല്ലം ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റഡ് (2700 ഏക്കർ), കോട്ടയത്തെ ചെറുവള്ളി എസ്റ്റേറ്റ് (2263 ഏക്കർ) എന്നിവ കേരള ഭൂസംരക്ഷണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുവിശേഷകൻ കെ.പി.യോഹന്നാൻ ഗോസ്പൽ ഫോർ ഏഷ്യക്കുവേണ്ടി വാങ്ങിയതാണ് ചെറുവള്ളി എസ്‌റ്റേറ്റ്.

അതിനിടെ ഉന്നത തല സമ്മർദ്ദത്തിലൂടെ തീരുമാനത്തെ അട്ടിമറിക്കാനും നീക്കമുണ്ട്. തന്റെ സ്വന്തക്കാരനായ മന്ത്രിയുടെ സഹായത്തോടെ എല്ലാം അട്ടിമറിക്കാനാണ് നീക്കം. കോടതി ഉത്തരവിലൂടെ സർക്കാർ നീക്കം അട്ടിമറിക്കാൻ ശ്രമം സജീവമാണെന്നും സൂചനയുണ്ട്. മന്ത്രിസഭയിലെ ചിലരുടെ സഹായത്തോടെ ഇത് അട്ടിമറിക്കാൻ യോഹന്നാൻ ശ്രമം തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ ഹാരിസണിൽ നിന്ന് 29,185 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷൽ ഓഫീസറെ നിയമിച്ച് നടപടികൾ തുടരണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.

ഏതായാലും ഇപ്പോൾ ഉത്തവിറിക്കയ തോട്ടങ്ങൾ ഏറ്റെടുത്തശേഷമേ എറണാകുളം, തൃശൂർ, വയനാട് മേഖലകളിലെ തോട്ടങ്ങളുടെ ഭാവി നിർണയിക്കുകയുള്ളൂ. വിജിലൻസ് ഡിവൈ.എസ്‌പി: നന്ദനൻ പിള്ള സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു രാജമാണിക്യം ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോയത്. 1923 ൽ ലണ്ടൻ കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡ് തയാറാക്കിയ 1600/1923ാം നമ്പർ ആധാരം തന്നെ കെട്ടിച്ചമച്ചതാണെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ലണ്ടൻ കമ്പനിക്കോ 1978ൽ കൊച്ചിയിൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻ(ഇന്ത്യാ)ലിമിറ്റഡിനോ 1982ൽ ഹാരിസൺ ആൻഡ് ക്രോസ് ഫീൽഡ് ലിമിറ്റഡ് കമ്പനിയെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച ഹാരിസൺ മലയാളം പ്ലാന്റേഷൻ (ഇന്ത്യാ) ലിമിറ്റഡിനോ ഭൂമി കൈവശം വയ്ക്കാനും വിൽക്കാനും അധികാരമില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഭൂപരിഷ്‌കരണ നിയമപ്രകാരം വിദേശ കമ്പനി ഇന്ത്യയിൽ കൾട്ടിവേറ്റിങ് ടെനന്റല്ലെന്നും (കൈവശകൃഷിക്കാരൻ) വിജിലൻസ് കണ്ടെത്തിയിരുന്നു. 1973ൽ ഫെറാ നിയമം വന്നതോടെ വിദേശ കമ്പനിക്ക് മേലുള്ള അവകാശം നഷ്ടമായിരുന്നു. അധികഭൂമി കൈവശം വയ്ക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി വേണമെന്നിരിക്കെ ലണ്ടൻ കമ്പനി അതിനു ശ്രമിച്ചില്ല. ഭൂപരിഷ്‌കരണ നിയമം വന്നതോടെ മിച്ചഭൂമി തിട്ടപ്പെടുത്താതെ ആർക്കും ഭൂമി വിൽക്കാൻ കഴിയാത്ത സ്ഥിതിയും വന്നു. കൂടാതെ കേരളാ ഹൈക്കോടതിയുടെ കമ്പനി പെറ്റിഷൻ 545/78ാം നമ്പർ വിധി അനുസരിച്ച് മിച്ചഭൂമി തിട്ടപ്പെടുത്താത്ത ഭൂമികൾ മറ്റൊരു സ്ഥാപനത്തിന് കൈമാറാൻ പറ്റില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് ഭൂമി സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം ഭൂമി ഏറ്റെടുക്കാൻ തയാറായത്.

സ്‌പെഷ്യൽ ഓഫീസറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഹാരിസണും അവരുടെ പക്കൽനിന്നു ഭൂമി വാങ്ങിയിട്ടുള്ള സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇതു തള്ളി. നിയമപ്രകാരം ഇപ്പോൾ ഭൂമി സർക്കാരിന്റെ കൈവശമാണുള്ളത്. ഇതിനു സർക്കാരിന് അധികാരമില്ലെന്ന് സ്ഥാപിക്കുന്നതിനൊപ്പം തങ്ങൾക്കുള്ള അവകാശം വ്യക്തമാക്കാനുള്ള കടമയും ഹാരിസണും മറ്റു കമ്പനികൾക്കും ഉണ്ട്. അതിനുള്ള രേഖകൾ നിലവിലുള്ള കേസിൽ പോലും ഹാജരാക്കാൻ ഹാരിസണ് കഴിഞ്ഞിട്ടില്ല. അതിനാൽ പ്രത്യേക ഓർഡിനൻസ് ഇറക്കി ഭൂമി സ്വന്തമാക്കാൻ സർക്കാരിന് കഴിയുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് അട്ടിമറിക്കാനുള്ള സാധ്യതകളാണ് തേടുന്നത്. അങ്ങനെ വന്നാൽ തോട്ടങ്ങൾ വീണ്ടും സ്വകാര്യവ്യക്തിയുടെ കൈയിലെത്തും. ഇപ്പോൾ ചെയ്ത കാര്യങ്ങൾക്ക് നിയമപരിരക്ഷ കിട്ടിയ ശേഷം കൂടുതൽ ഇടപെടൽ മതിയെന്നാണ് സർക്കാർ നിലപാട്. ഈ സാഹചര്യത്തിലാണ് മറ്റ് ജില്ലകളിലെ നടപടികൾ താൽകാലികമായി നിർത്തി വയ്ക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് പിന്നീട് കൊച്ചി ആസ്ഥാനമായി ഹാരിസൺസ് മലയാളം ലിമിറ്റഡായി 1984ൽ രൂപാന്തരപ്പെട്ടത്. തിരുവിതാംകൂറിലെ രാജഭരണ കാലത്ത് വിദേശ കമ്പനി അനധികൃതമായി കൈവശംവച്ച ഭൂമിയാണ് ഹാരിസൺസിന് കിട്ടിയത്. ഇംഗഌിൽ തയാറാക്കിയ വ്യാജരേഖ പ്രകാരമാണ് ഹാരിസൺ എസ്‌റ്റേറ്റുകൾ വിറ്റതെന്നു നേരത്തേ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എട്ടുജില്ലകളിലായി 62,500 ഏക്കറാണ് ഹാരിസൺ അനധികൃതമായി കൈവശം വച്ചിട്ടുള്ളത്.

ഇംഗഌിൽനിന്നുള്ള സാധുതയില്ലാത്ത രേഖകളുടെ അടിസ്ഥാനത്തിലും ഇല്ലാത്ത മേൽവിലാസത്തിലുമാണ് സർക്കാർ ഭൂമിയുടെ അവകാശമുന്നയിച്ച് ഹാരിസൺ ലാൻഡ് ബോർഡിന് രേഖകൾ സമർപ്പിച്ചതെന്ന സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നു. കൈയേറിയ സർക്കാർ ഭൂമികളിൽ പിന്നീട് വ്യാജരേഖകളിലൂടെ അവകാശം സ്ഥാപിക്കുകയാണ് കമ്പനി ചെയ്തതെന്നാണ് സ്‌പെഷ്യൽഓഫീസറുടെ പരിശോധനയിൽ വ്യക്തമായത്. പതിനായിരം ഏക്കറോളം ഭൂമി വിറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP