Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിക്കണം; പണം കെട്ടിവയ്ക്കണം; നശിച്ച പൊതുമുതലിന് തുല്യമായ പണം കെട്ടിവച്ചാൽ മാത്രം അറസ്റ്റിലായവർക്ക് ജാമ്യം; ഹർത്താലിന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ; തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രിയുടെ പൊടിക്കൈകളും ആരംഭിച്ചു

മൂന്ന് ദിവസം മുമ്പ് പ്രഖ്യാപിക്കണം; പണം കെട്ടിവയ്ക്കണം; നശിച്ച പൊതുമുതലിന് തുല്യമായ പണം കെട്ടിവച്ചാൽ മാത്രം അറസ്റ്റിലായവർക്ക് ജാമ്യം; ഹർത്താലിന് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ; തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രിയുടെ പൊടിക്കൈകളും ആരംഭിച്ചു

തിരുവനന്തപുരം: ഹർത്താലുകൾ അനിവാര്യമാണെന്ന് കരുതുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. എന്നാൽ എന്തിനും ഏതിനും ഹർത്താൽ നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിയോട് ജനങ്ങൾക്കുള്ള താൽപ്പര്യക്കുറവും വ്യക്തമാണ്. ഹർത്താൽ വേണമെന്നും വേണ്ടെന്നും പറയുന്ന കോൺഗ്രസ് നേതാക്കളുണ്ട്. എതായാലും ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ കരുതലോടെയാണ്. ഹർത്താൽ നിരോധിക്കാതെ തന്നെ അത് സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കുമെന്ന് ഉറപ്പാക്കാനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനമനസ്സുകളെ തന്നോട് അടുപ്പിക്കാനുള്ള നീക്കം. ഹർത്താലുകളെ നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കാനാണ് ഉമ്മൻ ചാണ്ടി സർക്കാർ ഒരുങ്ങുന്നത്.

ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാർട്ടികളെ രണ്ടുവട്ടം ചിന്തിപ്പിക്കുന്ന നിയന്ത്രണങ്ങൾ സർക്കാർ തയ്യാറാക്കിയ ബില്ലിലുണ്ട്. ഹർത്താൽ സംഘടിപ്പിക്കുന്നവർ ജീവനും സ്വത്തിനുമുള്ള നാശത്തിനു നഷ്ടപരിഹാരമെന്ന നിലയ്ക്കു നിശ്ചിത തുക മുൻകൂറായി കെട്ടിവയ്ക്കണം എന്നതുൾപ്പെടെ ഹർത്താൽ നിയന്ത്രിക്കാൻ സുപ്രധാന വ്യവസ്ഥകളോടെ ബില്ലിന്റെ കരടു തയാർ. ഹൈക്കോടതി നിർദേശപ്രകാരമാണു ഹർത്താൽ നിയന്ത്രണ ബില്ലിനു സംസ്ഥാന സർക്കാർ രൂപം നൽകിയത്. മൂന്നു ദിവസത്തെ മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ നടത്തരുതെന്നും ഇതിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.

നിയമത്തിനു വിരുദ്ധമായി ഹർത്താൽ ആഹ്വാനം ചെയ്യുകയോ നടത്തുകയോ ചെയ്യുന്നവർക്ക് ആറു മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് ബിൽ. ജോലിയിൽ ഹാജരാകുന്നതിൽനിന്നു വ്യക്തികളെ ബലമായി തടയുക, ആശുപത്രി, ഹോട്ടൽ, വിദ്യാഭ്യാസ സ്ഥാപനം, പെട്രോൾ ബങ്കുകൾ എന്നിവിടങ്ങളിലേക്കു പോകുന്നതും ഗതാഗത സൗകര്യം ഉപയോഗിക്കുന്നതും ബലമായി തടയുക എന്നിവയ്ക്കും ഇതേ ശിക്ഷയാണ്. ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസും ബന്ധപ്പെട്ട ഏജൻസികളും സഹായത്തിനെത്തണം. സഹായിക്കാത്ത ഉദ്യോഗസ്ഥർക്കു 10,000 രൂപ വരെ പിഴ ചുമത്താം. ഹർത്താലിന്റെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നവർക്കു ജാമ്യം ലഭിക്കണമെങ്കിൽ നശിപ്പിച്ച വസ്തുവിന്റെ വിലയ്ക്കു തുല്യമായ തുക കെട്ടിവയ്ക്കണം. കുറ്റക്കാരല്ലെന്നു പിന്നീടു കോടതി വിധിച്ചാൽ ഈ തുക മടക്കി ലഭിക്കും. കുറ്റക്കാരെന്നു കണ്ടു പിഴ നൽകാൻ വിധിച്ചാൽ ഈ തുകയിൽനിന്ന് ഈടാക്കുമെന്നും കരടു ബില്ലിൽ പറയുന്നു.

ഹർത്താൽ ബാധിക്കുന്ന ജനങ്ങളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളെയും മാദ്ധ്യമങ്ങളിലൂടെയും മറ്റും മൂന്നു ദിവസം മുമ്പേ അറിയിക്കണം. ഹർത്താലിന്റെ പേരിൽ രാവിലെ ആറിനു മുമ്പും വൈകിട്ട് ആറിനു ശേഷവും കടകളുടെയും മറ്റും പ്രവർത്തനം തടയാൻ പാടില്ല. എന്നാൽ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും നടത്തുന്ന സമരത്തിനു ഹർത്താൽ നിയന്ത്രണ നിയമം ബാധകമാവില്ല. മുൻകൂർ നോട്ടീസ് നൽകിയാണു ഹർത്താൽ എങ്കിൽപ്പോലും പ്രത്യേക സാഹചര്യത്തിൽ അതു നിരോധിക്കാനുള്ള അധികാരം സർക്കാരിനു കരടു ബില്ലിൽ നൽകിയിട്ടുണ്ട്. ഇതോടുകൂടി ഹർത്താൽ വേണമോ എന്ന തീരുമാനം സർക്കാരിന്റെ കൈയിലേക്ക് എത്തും. ആശുപത്രികൾ, മരുന്നുകടകൾ, പാൽ, പത്രം, മീൻ, ജലവിതരണം, ആഹാര വിതരണം, ആംബുലൻസുകളുടെയും ആശുപത്രി വാഹനങ്ങളുടെയും ഗതാഗതം, ഇന്ധന വിതരണം, സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് അവശ്യ സർവീസുകൾ എന്നിവ തടസ്സപ്പെടുത്തിയാലാണു ഹർത്താൽ നിരോധിക്കുക.

മാനസികമായും കായികമായും ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും ആരെയും ഹർത്താലിൽ പങ്കെടുപ്പിക്കാൻ പാടില്ല. പൊതു സ്ഥാപനങ്ങൾ, സർവീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധർമസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്. അക്രമവും ഭീഷണിയും വഴി കടകൾ അടപ്പിക്കാനോ ഗതാഗതം തടയാനോ പാടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉണ്ടാകാതെ നോക്കണം. പൊതുമുതൽ നശിപ്പിക്കാനോ ക്രമസമാധാനം ലംഘിക്കാനോ നീക്കമുണ്ടായാൽ സർക്കാർ കർശനമായി തടയണം. ബലപ്രയോഗമോ ഭീഷണിയോ ഉള്ളതായി ആരെങ്കിലും പരാതിപ്പെട്ടാൽ പൊലീസ് സഹായത്തിനെത്തണം. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കാകും ശിക്ഷ ലഭിക്കുക. സർക്കാർ സംവിധാനങ്ങളെ എല്ലാം കൃത്യമായി ഏകോപിപ്പിച്ച് ഹർത്താൽ ദുരിതം കുറയ്ക്കാനാണ് പദ്ധതി.

കരട് ബില്ലിൽ സർക്കാർ ഉടൻ തീരുമാനം എടുക്കും. കോൺഗ്രസും യുഡിഎഫും ചർച്ച ചെയ്യും. അതിന് ശേഷം ഓർഡിനൻസായി കൊണ്ടു വരാനാണ് സാധ്യത. അതുണ്ടായില്ലെങ്കിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്ക് വയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP