Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മതവിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളിക്കെതിരെ പൊലീസ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു; ഉടൻ അറസ്റ്റെന്ന് പൊലീസ്; ജയിലിൽ അടച്ചാൽ ജാമ്യം എടുക്കില്ലെന്ന് വെള്ളാപ്പള്ളി; ഇടുക്കി ബിഷപ്പിനെതിരെ കേസെടുക്കാത്തത് എന്തെന്ന് ചോദിച്ച് വി മുരളീധരൻ

മതവിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളിക്കെതിരെ പൊലീസ് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു; ഉടൻ അറസ്റ്റെന്ന് പൊലീസ്; ജയിലിൽ അടച്ചാൽ ജാമ്യം എടുക്കില്ലെന്ന് വെള്ളാപ്പള്ളി; ഇടുക്കി ബിഷപ്പിനെതിരെ കേസെടുക്കാത്തത് എന്തെന്ന് ചോദിച്ച് വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: മതവിദ്വേഷം വളത്തുന്ന വിധത്തിൽ പ്രസ്താവന നടത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. കോഴിക്കോട് മരണപ്പെട്ട നൗഷാദിനെ അപമാനിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വെള്ളാപ്പള്ളിക്കെതിരായ നടപടി. ആലുവയിൽ നടത്തിയ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതാണെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 153ാം വകുപ്പ് സെക്ഷൻ എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ ആക്ഷേപമുന്നയിച്ച് ടി.എൻ. പ്രതാപൻ എംഎ‍ൽഎ, കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു എന്നിവരും പരാതി നൽകിയിരുന്നു.

മൂന്ന് മാദ്ധ്യമ പ്രവർത്തകരേയും സാക്ഷികളാക്കിയിട്ടുണ്ട്. സമത്വ മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ
മണപ്പുറത്ത് പൊതുസമ്മേളനത്തിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിന്റെയും തുടർന്ന് പെരിയാർ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിന്റെയും വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കും. തുടർന്ന് സാക്ഷികളായ പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാൽ വെള്ളാപ്പള്ളി നടേശനിൽ നിന്നും മൊഴിയെടുക്കുമെന്ന് പ്രിൻസിപ്പൽ എസ്.ഐ പി.എ. ഫൈസൽ പറഞ്ഞു. വെള്ളാപ്പള്ളിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം മതവിദ്വേഷം വളർത്തുന്നെന്ന ആരോപണത്തിന്റെ പേരിൽ കേസെടുത്ത് തന്നെ ജയിലിൽ അടച്ചാൽ യാതൊരു പ്രശ്‌നവും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശൻ വൈക്കത്ത് പറഞ്ഞു. തന്നെ ജയിലിൽ അടച്ചാൽ അത് സമത്വ മുന്നേറ്റ യാത്രയ്ക്ക് ഇരട്ടി മധുരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

വിവേചനം പറഞ്ഞാൽ മതവിദ്വേഷമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പേരിൽ സമത്വമുന്നേറ്റ യാത്രയ്ക്കിടയിൽ എന്നെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ചാൽ യാത്ര അവസാനിക്കുന്ന ഡിസംബർ അഞ്ചിന് ശംഖുംമുഖത്ത് പുതിയ രാഷ്ടീയ പാർട്ടി ഉദയം ചെയ്യുന്നത് ജയിലിൽ കിടന്ന് ആഘോഷിക്കും. കേസിൽ ജാമ്യമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിലക്കയറ്രം പോലുള്ള പ്രശ്‌നങ്ങൾ അല്ല ഇവിടെ ചർച്ച ചെയ്യപ്പെടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തത് വിവേചനപരമായാണെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശൻ നൗഷാദിനെ അപകീർത്തിപ്പെടുത്തിയിട്ടില്ല. മതവിവേചനം കാണിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയായിരുന്നു വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. ഇതിന് മുഴുവൻ ഭൂരിപക്ഷ സമുദായത്തിന്റെയും പിന്തുണയുണ്ട്. മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് എതിരെ കേസെടുത്തത് വിവേചനപരമായാണ്. ഇതേരീതിയിൽ മതവിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ ഇടുക്കി ബിഷപ്പിനെതിരെയോ സുവിശേഷ പ്രവർത്തനം വ്യാപിപ്പിക്കണം എന്നു പ്രസംഗിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെയോ കേസെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് നട്ടെല്ലുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറി ചെയ്തത് തെറ്റാണെന്ന് പറയാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുഖ്യമന്ത്രി മതത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെ കാണുന്നതെന്ന ധാരണയാണ് ഇതുണ്ടാക്കുന്നത്. നൗഷാദിന് സഹായം നൽകിയതിനെ ബിജെപി. എതിർത്തിട്ടില്ല. എന്നാൽ, സമാനമായ രീതിയിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തിയ എറണാകുളത്തെ ഉല്ലാസിനോടും വിഷ്ണുവിനോടുമുള്ള സർക്കാരിന്റെ സമീപനം ഇതായിരുന്നില്ല. ഈ വിവേചനത്തിനെതിരെയാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഇതിന്റെ പേരിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ല. രക്ഷാപ്രവർത്തനം നടത്തിയ മറ്റ് പലർക്കും ഇതുപോലെ സഹായം ലഭിച്ചിട്ടില്ല -മുരളീധരൻ പറഞ്ഞു.

പ്രത്യേക മതത്തിൽപെട്ടവർ മരിക്കുമ്പോഴാണ് ഇവിടെ സർക്കാർ ആനുകൂല്യം നൽകുന്നതെന്നും അതിനാൽ മുസ്ലിം വിഭാഗക്കാരനായി മരിക്കാൻ കൊതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കോഴിക്കോട് മാൻഹോളിൽ വീണ അന്യസംസ്ഥാനക്കാരെ രക്ഷിക്കുന്നതിനിടയിൽ മരണമടഞ്ഞ നൗഷാദിന് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് മുസ്ലിം ആയതിനാലാണെന്നും ഹാൻഡ് ബോൾ മത്സരത്തിന് പോയപ്പോൾ മരണമടഞ്ഞ മൂന്ന് ഹിന്ദു വിദ്യാർത്ഥികളുടെ കുടുംബത്തിന് സർക്കാർ ഒരു പരിഗണനയും നൽകിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP