Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാനത്ത് സർക്കാർ ആശുപത്രിയിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം കണ്ടു; ആതുര സേവന രംഗത്ത് പുതിയ ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്

സംസ്ഥാനത്ത് സർക്കാർ ആശുപത്രിയിലെ ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം കണ്ടു; ആതുര സേവന രംഗത്ത് പുതിയ ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: സംസ്ഥാന സർക്കാറിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം മെഡിക്കൽ കോളേജിന് ഇന്ന് ഒരു ചരിത്രദിനമാണ്. കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയെന്ന ഖ്യാതിയാണ് കോട്ടം മെഡിക്കൽ കോളേജിനെ തേടിയെത്തിയത്. ഇന്ന് രാവിലെ തുടങ്ങിയ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശി വി.കെ. പൊടിമോനാണ് കൊച്ചിയിൽ വാഹനാപകടത്തെ തുടർന്ന് മരിച്ച വിനയകുമാറിന്റെ ഹൃദയം സ്വീകരിച്ചത്. സാധാരണക്കാർക്ക് മികച്ച ചികിൽസ ലഭ്യമാക്കുകയെന്ന ആഗ്രഹമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തതിനു പിന്നിലെന്നും ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നും ഹൃദയശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ടി.കെ.ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൃദയം ദാനം ചെയ്യാൻ സമ്മതിച്ച വിനയകുമാറിന്റെ കുടുംബത്തോട് അതിരറ്റ നന്ദിയുണ്ടെന്ന് ഹൃദയം സ്വീകരിച്ച പൊടിമോന്റെ ഭാര്യ ഓമന പറഞ്ഞു.

രാത്രി ഒൻപതരയോടെ ഏലൂരിൽ വൈദ്യുതി പോസ്റ്റിൽ വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ വിനയകുമാറിന് പുലർച്ചെ മൂന്നു മണിയോടെയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. ലൂർദ് ആശുപത്രിയിൽ നിന്ന് മൂന്നേകാലോടെ ഹൃദയം കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഫാക്ടിലെ കരാർ ജീവനക്കാരനായ വിനയകുമാർ ഞായറാഴ്ച ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരണാസന്നനായത്. എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനയകുമാറിന് തിങ്കളാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു.

അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയാറായതോടെ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഹൃദയം സ്വീകരിക്കാൻ കാത്തുനിൽക്കുന്നവരുടെ പട്ടിക പരിശോധിച്ചതിൽ കോട്ടയത്ത് രണ്ട് പേരുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റാർ സ്വദേശിയായ പൊടിമോന് ഇത് യോജിക്കും എന്ന് കണ്ടെത്തിയത്.

അതനുസരിച്ച് പൊടിമോനോട് കോട്ടയം മെഡിക്കൽ കോളജിൽ അഡ്‌മിറ്റാകാൻ ആവശ്യപ്പെട്ടു. രാത്രി 12 മണിയോടെ ലൂർദ് ആശുപത്രിയിൽ ഹൃദയം വേർപെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. പുലർച്ചെ മൂന്നു മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. മൂന്നേകാലോടെ ഹൃദയംസൂക്ഷിച്ച പെട്ടിയുമായി ഡോക്ടർമാർ കോട്ടയത്തേക്ക് ആംബുലസിൽ യാത്ര തിരിച്ചു. നാലരയോടെ കോട്ടയം മെഡിക്കൽ കോളജിലെത്തി.

ഒട്ടും വൈകാതെ പൊടിമോന്റെ ശരീരത്തിൽ ഹൃദയം തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ആറ് മണിയോടെ ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടു. പൊടിമോന്റെ ശരീരത്തിൽ വിനയകുമാറിന്റെ ഹൃദയം മിടിച്ചുതുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയത്തിന് പുറമെ വിനയകുമാറിന്റെ വൃക്കകളും കരളും നേത്രപടലവും ദാനം ചെയ്തു.

കേരളത്തിൽ തിരുവനന്തപുരം ശ്രീചിത്രയിൽ മാത്രമാണ് ഇതിന് മുമ്പ് സർക്കാർ മേഖലയിൽ ഹൃദയമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. പുറത്തുള്ള ആശുപത്രികളിൽ 20 മുതൽ 30 ലക്ഷം വരെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് മെഡിക്കൽ കോളജിൽ ചെയ്തപ്പോൾ ചെലവ് രണ്ട് ലക്ഷം മാത്രമാണ്.

വിനയകുമാറിന്റെ വൃക്കളും നേത്രപടലങ്ങളും ദാനം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ മാത്രമാണ് സർക്കാർ തലത്തിൽ ഇത്തരത്തിലൊരു ശസ്ത്രക്രിയ ഇതിന് മുൻപ് നടന്നിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP