Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാടിൽ പെയ്യുന്ന മഴ കണ്ണൂർ- കൊട്ടിയൂർ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; നെല്ലിയോടി മലയിലെ വിള്ളൽ സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്; അയ്യം കുന്നിനെ ആശങ്കയിലാഴ്‌ത്തി കർണ്ണാടക വനത്തിൽ നിന്നും ഉരുൾ പൊട്ടൽ ഭീഷണി

വയനാടിൽ പെയ്യുന്ന മഴ കണ്ണൂർ- കൊട്ടിയൂർ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നു; നെല്ലിയോടി മലയിലെ വിള്ളൽ സോയിൽ പൈപ്പിങ് പ്രതിഭാസമെന്ന് ജിയോളജി വകുപ്പ്; അയ്യം കുന്നിനെ ആശങ്കയിലാഴ്‌ത്തി കർണ്ണാടക വനത്തിൽ നിന്നും ഉരുൾ പൊട്ടൽ ഭീഷണി

രഞ്ജിത് ബാബു

കണ്ണൂർ: വയനാട് ജില്ലയിൽ തിമർത്ത് പെയ്യുന്ന മഴ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ മേഖലയിൽ വീണ്ടും ജനങ്ങളെ ഭയാശങ്കയിലാഴ്‌ത്തുന്നു. ഈ രണ്ട് ജില്ലകളിലായും കിടക്കുന്ന നെല്ലിയോടി, ചപ്പമല, ചുങ്കക്കുന്ന്, പാൽചുരം, എന്നിവയാണ് ഇപ്പോൾ ഭീഷണിയിലുള്ളത്. വയനാട് ജില്ലയിലെ വരയാൽ, പെരിയ, 42 ാം മൈൽ, എന്നിവിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ ഈ മലകളെ കുതിർത്തിരിക്കയാണ്. മലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കല്ലു മണ്ണും നിറഞ്ഞ ഉറവ ശക്തമായി പതിക്കുന്നുണ്ട്. ഇത് അപകടം ക്ഷണിച്ചു വരുത്തുമോ എന്ന ഭയത്തിലാണ് ഗ്രാമവാസികൾ. പന്നിയാം മലയുടേയും നെല്ലിയോടി നീണ്ടുനോക്കി എന്നിവിടങ്ങളിലുമാണ് മലയിൽ നിന്നും ശക്തമായ ജലം പ്രവഹിക്കുന്നത്. പതിവിലും ശക്തമായി വരുന്ന കുത്തിയൊഴുക്ക് ആശങ്കയോടെയാണ് ദേശവാസികൾ കാണുന്നത്. വടക്കെ വയനാട് ഭാഗത്തു നിന്നുമാണ് കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലേക്ക് ജലപ്രവാഹം ശക്തമായിട്ടുള്ളത്.

അതേ സമയം നെല്ലിയോടി, ചപ്പമല, എന്നിവിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടിരിക്കയാണ്. ജനവാസ കേന്ദ്രമായ ഇവിടങ്ങളിൽ രൂപപ്പെട്ട വിള്ളൽ ജില്ലാ ഭരണാധികാരികളും ദുരന്ത നിവാരണ സംഘവും പരിശോധിച്ചെങ്കിലും ജനങ്ങളുടെ ഭയാശങ്ക മാറുന്നില്ല. ഇവിടെ ഇപ്പോൾ മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ലാത്തതാണ് അല്പമെങ്കിലും ആശ്വാസമാകുന്നത്. അമ്പായത്തോടു മുതൽ ബോയ്സ് ടൗൺ വരെയുള്ള പാത തകർന്നിരിക്കുകയാണ്. ഇതോടെ ഈ ഭാഗത്തു നിന്നും വയനാടിലേക്കുള്ള ഗതാഗതം നിലച്ചു. ജെസീബി ഉപയോഗിച്ച് മണ്ണ് മാന്തി ജീപ്പിന് സഞ്ചരിക്കാൻ പാകത്തിൽ ഗതാഗതം സജ്ജീകരിച്ചിരിക്കയാണ്. എന്നാൽ വയനാട്ടിൽ പെയ്യുന്ന ശക്തമായ മഴ ഈ റോഡിനെ വീണ്ടും തകർത്തു കളയുമോ എന്ന ഭീതിയും നില നിൽക്കുന്നുണ്ട്.

കാലവർഷക്കെടുതി ഏറെ അനുഭവിച്ച അയ്യം കുന്ന് പഞ്ചായത്തിൽ വനമേഖലയായ ഉരുപ്പുകുറ്റി ഏഴാം കടവിൽ ഉരുൾപൊട്ടി അതിശക്തമായ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. ഇവിടെ ഇടക്കിടെ മഴ ശക്തമായി പെയ്യുന്നുമുണ്ട്. രണ്ട് നടപ്പാലങ്ങൾ ഒലിച്ചു പോയതു മൂലം ഒറ്റപ്പെട്ടു പോയ 20 കുടുംബങ്ങൾക്ക് വളരെ ദൂരെ സഞ്ചരിച്ചാൽ മാത്രമേ ബാഹ്യലോകവുമായി ബന്ധപ്പെടാനാകൂ. എന്നാൽ അവരെ ആശ്വസിപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതി ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. വനമേഖലയിൽ ഉരുൾ പൊട്ടിയതിനാൽ വീണ്ടും ഈ പ്രദേശത്ത് ഭീഷണി നിലനിൽക്കുന്നുണ്ട്. കരിങ്കൽ പാറകൾ ഉരുണ്ടു നീങ്ങി താഴേക്ക് പതിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.

ഉരുൾ പൊട്ടിയുള്ള മലവെള്ളപ്പാച്ചിലിൽ ഉരുപ്പും കുറ്റിയിലെ ജനവാസ കേന്ദ്രങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടു പോയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി വന്നിരിക്കെയാണ് വീണ്ടും ഭീതി പരത്തിക്കൊണ്ട് ഇവിടെ ഉരുൾ പൊട്ടിയത്. ഉരുൾ പൊട്ടലിൽ ഗുണ്ടൂർ പുഴയും ഉരുപ്പും കുറ്റി തോടും കരകവിഞ്ഞ് ഒഴുകിയതാണ് ഗ്രാമവാസികൾ ഉപയോഗിച്ചു വരുന്ന നടപ്പാലങ്ങൾ ഒലിച്ചു പോകാൻ കാരണം. കണ്ണൂർ ടെറിട്ടോറിയൽ ആർമി രക്ഷപ്പെടുത്തിയ കുണ്ടൂർ പാലം ഈ പ്രദേശത്താണ്. ഉരുൾപൊട്ടലിൽ തടസ്സങ്ങളെല്ലാം നേരത്തെ നീക്കിയതുകൊണ്ടാണ് ഈ പാലം ഇപ്പോൾ രക്ഷപ്പെട്ടത്.

ഇരിട്ടി താലൂക്കിലെ അടക്കാതോട്, ശാന്തിഗിരി, കൈലാസപ്പടി മേഖലകളിൽ ഭൂമിയിലും കെട്ടിടങ്ങളിലും ഉണ്ടായ വിള്ളലുകൾ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താൻ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസിന്റെ സഹായം തേടുമെന്ന് ജിയോളജിസ്റ്റ് കെ.ആർ ജഗദീഷ് പറഞ്ഞു. ഇവിടങ്ങളിലെ വിള്ളൽ സോയിൽ പൈപ്പിങ് പ്രതിഭാസമാകാനാണ് സാധ്യതയെന്ന് ജിയാളജി വകുപ്പിന്റെ പ്രാഥമിക നിഗമനം. മലകളുടെ മുകൾ ഭാഗത്തു നിന്നും ഗർത്തങ്ങൾ രൂപപ്പെട്ടതായും അത് വഴി ഇറങ്ങുന്ന വെള്ളം താഴെയുള്ള വിള്ളലുകളിലൂടെ പുറത്തേക്ക് ഒഴുകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP