Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കരുതിയിരിക്കുക! വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ പാമ്പ് ശല്യത്തിന് സാധ്യത ഏറെ; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; എല്ലാ താലൂക്ക് ആശുപത്രികളിലും വിഷ ചികിത്സ ലഭ്യമാക്കി; ശ്രദ്ധിക്കേണ്ടത് അണലി,മൂർഖൻ, മലമ്പാമ്പ് തുടങ്ങിയവയെ ; പ്രതിരോധത്തിന് പരിഹാരം മണ്ണെണ്ണയും വെളുത്തുള്ളി ലായനിയും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

കരുതിയിരിക്കുക! വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ പാമ്പ് ശല്യത്തിന് സാധ്യത ഏറെ; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട്ടിലെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്; എല്ലാ താലൂക്ക് ആശുപത്രികളിലും  വിഷ ചികിത്സ ലഭ്യമാക്കി; ശ്രദ്ധിക്കേണ്ടത് അണലി,മൂർഖൻ, മലമ്പാമ്പ് തുടങ്ങിയവയെ ; പ്രതിരോധത്തിന് പരിഹാരം മണ്ണെണ്ണയും വെളുത്തുള്ളി ലായനിയും;  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലുമൊക്കെ പാമ്പുകൾ വീടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാമ്പുകളുടെ ശല്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സയും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത അറിയിച്ചു.

പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളിൽ പറയുന്നു. കടിയേൽക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈക്കോ കാലിനോ ആണ് കടിയേറ്റതെങ്കിൽ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം.

പാമ്പു കടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം പാഴാക്കാതെ കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ഏതു പാമ്ബിന്റെ കടിയേറ്റാലുമുള്ള ആന്റിവെനം ഒന്നുതന്നെയാണ്.

ആന്റിവെനം ചികിത്സ താലൂക്ക് ആശുപത്രികൾ മുതൽ ലഭ്യമാണെന്നും കടിയേറ്റാൽ ഉടൻ ഏറ്റവും അടുത്ത ജനറൽ ആശുപത്രിയിലോ ജില്ലാ ആശുപത്രിയിലോ മെഡിക്കൽ കോളെജ് ആശുപത്രിയിലോ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

ഇത്തിരി കുഞ്ഞനാണെങ്കിലും ഇവൻ ഭീകരൻ

വെള്ളമിറങ്ങുന്ന വീടുകളിൽ പ്രധാന വില്ലനാകുന്നത് ചട്ടുകത്തലയൻ പാമ്പാണ്. ചട്ടുകത്തലയൻ എന്നപേര് വരാൻ കാരണം അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല ഉള്ളതിനാലാണ്. ഈ തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും. അൽപം ഇടുങ്ങിയ കഴുത്ത്. കറുപ്പോ കടുംതവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദരശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം. കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടുംനിറത്തിൽ വരകൾ. അടിഭാഗം ഇളംചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. ഇത് വീടുകളിലെ ചുമരുകളിലും ബാത്ത് റൂമുകളിലും, കിടക്കയിലും ഒട്ടിപ്പിടിച്ച് കിടക്കുന്നതാണ് പതിവ്.  ഇത്തിരി കുഞ്ഞനാണെങ്കിലും മാരകവിഷം പരത്തുന്ന പാമ്പിനമാണിത്.

 

മലമ്പാമ്പ്, അണലി, മൂർഖൻ ഇവർ അപകടകാരികൾ

പ്രധാനമായും മലവെള്ള പാച്ചിലിലിൽ ഒഴികിയെത്താൻ സാധ്യത മലമ്പാമ്പിനാണ്. പുഴയുടെ തീരത്തേയും കാടിനേയും ആവാസ കേന്ദ്രമാക്കിയാണ് മലമ്പാമ്പ് അതിവസിക്കുന്നത്. കുത്തൊഴുക്കിനെതിരെ പോലും നീന്താൻ കഴിയുന്ന മലമ്പാമ്പ് ഇനങ്ങൾ ഇരയെ ചുറ്റി പിണഞ്ഞാകും കൊല്ലുക. പെരുമ്പാമ്പ് ഇനവും ഇതേ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്.

മാരകവിഷമുള്ള പാമ്പിനങ്ങളിൽ പ്രധാനിയാണ് അണലി, മുർഖൻ എന്നിവ. കാൽചുവടുകളിലെ ചലനങ്ങൾ എന്നിവയാമ് ഇവയെ അക്രമിക്കാൻ പ്രേരിപ്പിക്കുന്നത്. വീട്ടിലോ പരിസരങ്ങളിലോ ഇവ ചുറ്റി പിണഞ്ഞ് ഇരുന്നാൽ പോലും അറിയാൻ സാധിക്കില്ല. മുർഖൻ ശരവേഗത്തിൽ പായുകയും വിഷം ചീറ്റുകയും ചെയ്യും. വീടിന്റെ കട്ടിലും പരിസരവും ഇടുങ്ങിയ സ്ഥലവും മൂർഖന് ആവാസ വ്യവസ്ഥയാക്കാൻ സാധ്യത ഏറെയാണ്.

അണലി ഉഗ്രവിഷമാണെങ്കിൽ കൂടിയും അത്രവേഗം ഇഴയില്ല. എത്ര അടിച്ചാലും ഈ പാമ്പിനം ചാകില്ല എന്നതാണ് അണലിയുടെ പ്രത്യേകത. മൂർഖന്റെ വിഷം പോലെ തന്നെ സെക്കന്റുകൾക്കുള്ളിൽ ശരീരം മുഴുവൻ പ്രവഹിക്കാനും തലച്ചോറിലെത്താനും അണലി വിഷത്തിന് കഴിയും വേഗത്തിലുള്ള വിഷചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

വീടിന്റെ പരിസരപ്രദേശത്ത് മണ്ണെണ്ണ തളിക്കുക

ഇവയെ ഒഴിവാക്കാനുള്ള എളുപ്പമാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് വീട്ടിലും പരിസര പ്രദേശത്തും മണ്ണെണ്ണ തളിക്കുക എന്നത്. മണ്ണെണ്ണയുടെ ഗന്ധം പാമ്പിന് അധികനേരം ശ്വസിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ പാമ്പ്,ചേര ഇനങ്ങൾ വേഗത്തിൽ തന്നെ ഇവിടുന്ന് പോകുകയും ചെയ്യും. തീർത്തും പ്രകൃതിദത്തമായ രീതി എന്നത് വെളുത്തുള്ളി ചതച്ചരച്ച് വെള്ളത്തിൽ ചാലിച്ച് പരിസരത്ത് തളിക്കുക എന്നതാണ് ഒരുപരിധി വരെ പാമ്പിനെ തടയാൻ സാധിക്കും.

പാമ്പിനങ്ങൾ ആക്രമിക്കപ്പെടുന്നത് അവയുടെ ഭയം മൂലമാണ്. രാത്രികാലങ്ങളിൽ കാലനക്കങ്ങൾ മൂലമുള്ള പ്രകമ്പനങ്ങൾ കൊണ്ടാണ് ഇവ ശത്രുവിനെ തിരിച്ചറിയുന്നത്. കഴിവതും രാത്രികാലങ്ങളിൽ വീടിന്റെ പരിസര പ്രദേശത്ത് നടക്കുമ്പോൾ ടോർച്ച് കരുതുക. വഴി വിളക്ക് തെളിച്ച പ്രദേശങ്ങൾ ആണെങ്കിൽ പോലും പാമ്പിനെ കാണാൻ പ്രയാസമായിരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP