വസ്തുതകളായി ജേക്കബ് തോമസ് പ്രചരിപ്പിക്കുന്നത് വെറും ഊഹാപോഹം; പാറ്റൂർ കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം
January 19, 2018 | 12:34 PM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: പാറ്റൂർ ഭൂമി ഇടപാടിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശം. ഊഹാപോഹങ്ങളാണ് ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി പറഞ്ഞു. ജേക്കബ് തോമസിന്റെ റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും അഴിമതിക്കാരാണെന്ന് തോന്നുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. പാറ്റൂർ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശം ഉണ്ടായത്.
പാറ്റൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കത്തിനെയും കോടതി വിമർശിച്ചു. ത്വരിത പരിശോധന റിപ്പോർട്ടിന്റെ രേഖകൾ അടുത്ത ബുധനാഴ്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ ഈ കേസിൽ ഭൂപതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് പരിശോധിച്ച കോടതിക്ക് രേഖകളിൽ കൃത്രിമത്വം നടന്നതായി കണ്ടെത്താൻ സാധിച്ചില്ല. ഇതിന് പിന്നാലെ കോടതി ജേക്കബ് തോമസിനെ വിളിച്ചുവരുത്തിയിരുന്നു.
കോടതിയിൽ ഹാജരാക്കിയത് അസൽ രേഖയാണെന്നും ഇതോടൊപ്പമുള്ള മറ്റു രേഖകളിലാണ് കൃത്രിമത്വം നടന്നതെന്ന് സംശയിക്കുന്നതായും ജേക്കബ് തോമസ് ഹൈക്കോടതിയിൽ നേരിട്ടെത്തി അറിയിച്ചിരുന്നു. ഇതേതുടർന്നു വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ സത്യവാങ്മൂലം നൽകുന്നതിൽ വീഴ്ച വരുത്തിയതിനും കോടതി ജേക്കബ് തോമസിനെ വിമർശിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇന്ന് കേസ് പരിഗണിക്കവെ ജേക്കബ് തോമസിനെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശം ഉണ്ടായത്. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നത്, എന്തടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ല.റിപ്പോർട്ട് വായിച്ചാൽ മറ്റെല്ലാവരും കുറ്റക്കാരാണെന്ന് തോന്നുമെന്നും കോടതി പറഞ്ഞു.
മാത്രമല്ല ത്വരിതാന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ജേക്കബ് തോമസിന് കോടതിയുടെ ഭാഗത്തുനിന്ന് വിമർശമേൽക്കേണ്ടിവരുന്നത്.
