Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പട്ടിക്കൂട് വിവാദത്തിലെ സ്‌കൂൾ പൂട്ടണം; ഡിപിഐയെ തിരുത്തി സ്‌കൂൾ തുറപ്പിച്ച സെക്രട്ടറിയുടെ ഇടപെടൽ നിയമപരമല്ലെന്ന് ഹൈക്കോടതി; അടിസ്ഥാനസൗകര്യമില്ലാതെ സ്‌കൂൾ പ്രവർത്തിക്കേണ്ടെന്നും ഉത്തരവ്; അപ്പീൽ നൽകുമെന്ന് പ്രിൻസിപ്പൾ

പട്ടിക്കൂട് വിവാദത്തിലെ സ്‌കൂൾ പൂട്ടണം; ഡിപിഐയെ തിരുത്തി സ്‌കൂൾ തുറപ്പിച്ച സെക്രട്ടറിയുടെ ഇടപെടൽ നിയമപരമല്ലെന്ന് ഹൈക്കോടതി; അടിസ്ഥാനസൗകര്യമില്ലാതെ സ്‌കൂൾ പ്രവർത്തിക്കേണ്ടെന്നും ഉത്തരവ്; അപ്പീൽ നൽകുമെന്ന് പ്രിൻസിപ്പൾ

കൊച്ചി: പട്ടിക്കൂടിനുള്ളിൽ കുട്ടിയെ അടച്ചെന്ന വിവാദത്തിൽപ്പെട്ട തിരുവനന്തപുരത്തെ സ്‌കൂൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. കുടപ്പനക്കുന്ന് പാതിരിപ്പള്ളി ജവഹർ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളാണ് പൂട്ടാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. സ്‌കൂൾ തുറക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്‌കൂൾ പ്രിൻസിപ്പൾ ശശികലയും വ്യക്തമാക്കി.

അടിസ്ഥാന സൗകര്യമൊരുക്കാതെ സ്‌കൂൾ തുറക്കേണ്ടെന്നാണ് ഹൈക്കോടതി ഉത്തരവ്. സ്‌കൂൾ തുറക്കരുതെന്ന ഡിപിഐയുടെ ഉത്തരവിൽ തിരുത്തൽ വരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് കോടതി നിലപാട്. ഈ സാഹചര്യത്തിലാണ് സ്‌കൂൾ പൂട്ടാനുള്ള കോടതി തീരുമാനം. ഡിപിഐയുടെ ഉത്തരവിൽ ഇടപെട്ട സർക്കാർ നടപടി നിയമപരമല്ലെന്നും വ്യക്തമാക്കി. അടിസ്ഥാന സൗകര്യമൊരുക്കാതെ സ്‌കൂൾ തുറക്കാൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വീടിനോട് ചേർന്ന ഷെഡിലാണ് സ്്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്്കൂളിനെ സംബന്ധിച്ച രേഖകൾ ഒന്നും പക്കലില്ലെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ സ്‌കൂൾ പൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ സ്‌കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളുടേയും മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടു. തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്‌കൂൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. പൊലീസ് സംരക്ഷണത്തോടെ സ്‌കൂളിന്റെ പ്രവർത്തനവും തുടങ്ങി.

സ്‌കൂൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ഡി.പി.ഐയോട് ജില്ലാഭരണകൂടവും ശുപാർശ ചെയ്തിരുന്നു. കുട്ടികളുടെ അധ്യയനം മുടങ്ങാതിരിക്കാൻ ഈ വർഷത്തേക്കാണ് സ്‌കൂൾ തുറക്കാൻ അനുമതി നൽകുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് വിശദീകരിച്ചത്. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ സാവകാശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ജവഹർ സ്‌കൂളിലെ കുട്ടികൾ മറ്റൊരിടത്തും പഠിക്കാൻ സമ്മതിക്കാതിരുന്നതിനാലാണ് സർക്കാരിന് വഴങ്ങേണ്ടി വന്നത്. ഇതിനെതിരെ പട്ടിക്കൂട്ടിലടച്ചെന്ന് പറയുന്ന കുട്ടിയുടെ അമ്മ ഹൈക്കോടതി സമീപിക്കുകയായിരുന്നു. അതിനിടെ കുട്ടിയെ പട്ടിക്കൂട്ടിലടച്ച കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുട്ടിയെ പട്ടിക്കൂട്ടിൽ അടച്ചുവെന്നത് സാങ്കേതികമായി തെളിയിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. ഈ സ്‌കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളുടെ രക്ഷിതാക്കളും പട്ടിക്കൂട്ടിൽ കുട്ടിയെ അടച്ചുവെന്നത് വിശ്വസിക്കുന്നില്ല.

കുറഞ്ഞ ചെലവിൽ സിബിഎസ്ഇ അധ്യയനം സാധ്യമാകുന്നതാണ് കുടപ്പനക്കുന്ന് ജവഹർ ഇംഗീഷ് മീഡിയം സ്‌കൂളിന്റെ പ്രത്യേകത. സാധാരണക്കാരായ തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ള ഫീസാണ് സ്‌കൂളിലുള്ളത്. ഈ സ്‌കൂളിനെതിരെ ഉയരുന്ന ആരോപണങ്ങൾ മാനസികമായി ഉൾക്കൊള്ളാൻ കഴിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു. അതിനാൽ സ്‌കൂൾ തുറക്കണമെന്ന നിലപാടിൽ അവർ ഉറച്ചു നിന്നു. ഇതിന് സർക്കാർ വഴങ്ങുകയായിരുന്നു. ഹൈക്കോടതി വിധിയോടെ ഇതിന് അവസാനമായി.

ഇതോടെ സ്‌കൂളിലെ കുട്ടികളുടെ ഭാവിയും അനിശ്ചതത്വത്തിലാകും. ഉത്തരവിന് കോടതി സ്‌റ്റേ അനുവദിച്ചില്ലെങ്കിൽ ഈ അധ്യായന വർഷം മറ്റൊരു സ്‌കൂൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP