Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൂട്ടുന്ന ബാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കാമെന്ന് മന്ത്രി കെ ബാബു; ചരിത്രപരമായ വിധി മദ്യവിമുക്ത കേരളത്തിന് സഹായകരമെന്ന് വി എം സുധീരൻ: വിവാദങ്ങൾക്കൊടുവിൽ മദ്യനയത്തിലെ വിധി യുഡിഎഫ് സർക്കാരിന് ആശ്വാസം പകർന്നതിങ്ങനെ

പൂട്ടുന്ന ബാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കാമെന്ന് മന്ത്രി കെ ബാബു; ചരിത്രപരമായ വിധി മദ്യവിമുക്ത കേരളത്തിന് സഹായകരമെന്ന് വി എം സുധീരൻ: വിവാദങ്ങൾക്കൊടുവിൽ മദ്യനയത്തിലെ വിധി യുഡിഎഫ് സർക്കാരിന് ആശ്വാസം പകർന്നതിങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി അംഗീകാരം ലഭിച്ചതോടെ അടുത്ത നടപടികൾ എന്തെന്നു കാതോർത്തിരിക്കുകയാണ് കേരളം. പൂട്ടുന്ന ബാറുകൾക്കെല്ലാം ബിയർ-വൈൻ പാർലറുകളായി പ്രവർത്തിക്കാൻ അവസരമൊരുക്കുമെന്ന് ഇതിനകം എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു കഴിഞ്ഞു. മദ്യവിമുക്തമായ കേരളം എന്ന ആശയത്തെ സഹായിക്കുന്ന ചരിത്രപരമായ വിധിയാണ് ഇന്നുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. പലവിധ വിവാദങ്ങൾക്കിടയിൽ സർക്കാരിന് ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ ഹൈക്കോടതി വിധി.

സർക്കാർ പ്രഖ്യാപിച്ച മദ്യനയം ശരിയാണെന്നു വ്യക്തമാക്കുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയെന്നാണ് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞത്. കോടതിയുടെ വിധിയിൽ അഭിമാനമുണ്ട്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും കെ ബാബു പറഞ്ഞു.

ഇന്നു രാത്രി 10.30നു തന്നെ ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടും. ഇതിനുള്ള നിർദ്ദേശം അധികൃതർക്ക് നൽകിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബാർ നടത്തിയിരുന്ന ഹോട്ടലുകൾക്ക് ബിയർ-വൈൻ പാർലറുകൾക്ക് അപേക്ഷിക്കാം. നിലവാരപരിശോധനക്ക് ശേഷം അർഹതയുള്ളവർക്ക് ലൈസൻസ് നൽകും.

ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളും ബാർ തൊഴിലാളികളുടെ പുനരധിവാസ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ബിയർ-വൈൻ പാർലറുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി മാദ്ധ്യമപ്രവർത്തരോടു പറഞ്ഞു.

ഹൈക്കോടതി വിധി ചരിത്രപരമാണെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. വ്യക്തിയെന്ന നിലയിൽ തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ദിവസമാണ് ഇന്നത്തേത്. മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് പറഞ്ഞ ഹൈക്കോടതിയുടെ വിധി ചരിത്രപരമാണ്. ടൂറിസത്തിന് കൊക്കെയ്ൻ വേണമെന്ന് ആവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ മദ്യം പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ട് പോവുമെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറെ നാൾ സർക്കാരിനെയും യുഡിഎഫിനെയും മന്ത്രിമാരെയുമൊക്കെ മുൾമുനയിൽ നിർത്തിയ വിഷയമാണ് മദ്യനയം. ബാറുകൾ പൂട്ടലും തുറക്കലും ത്രീ സ്റ്റാറും ഫോർ സ്റ്റാറും ഹെറിറ്റേജുമൊക്കെയായി സർക്കാരിനെ വെള്ളം കുടിപ്പിച്ചിരുന്നു ബാറും മദ്യനയവുമെല്ലാം. ഇത്തരത്തിൽ ബാർപ്രശ്‌നം യു.ഡി.എഫിനെ മുൾമുനയിൽ നിർത്തുന്ന സാഹചര്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. സാമ്പത്തിക വർഷാവസാനത്തിൽ പതിവ് രീതിയിൽ ലൈസൻസ് പുതുക്കി പോകേണ്ട കാര്യമാണ് വിവാദത്തിലേക്കു വഴിമാറിയത്.

കഴിഞ്ഞ മാർച്ചിലെ അവസാന മന്ത്രിസഭായോഗത്തിൽ ബാർ ലൈസൻസ് പ്രശ്‌നം വന്നപ്പോൾ കെ.എം. മാണി ലൈസൻസ് പുതുക്കുന്ന ഫയൽ താൻ കണ്ടിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതേത്തുടർന്ന് അന്ന് തീരുമാനമായില്ല. പിന്നീട് മാണി അനുമതി നൽകിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. ഇതോടെ പ്രശ്‌നം മന്ത്രിസഭയ്ക്ക് പുറത്തെത്തി.

വിഷയത്തിൽ കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ ഇടപെട്ടു. നിലവാരമില്ലാത്ത 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ കഴിയില്ലെന്ന കടുത്ത നിലപാടാണ് അദ്ദേഹം എടുത്തത്. മത, സാമുദായിക നേതാക്കളും രംഗത്തെത്തി. സർക്കാർ പ്രതിരോധത്തിലായി. അപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ലൈസൻസ് പുതുക്കുന്നതിൽ നിയമതടസ്സവുമുണ്ടായി.

ഇതോടെ, ഇക്കാര്യത്തിൽ തീരുമാനം പിന്നീട് മതിയെന്ന് മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിനിടെ 418 ബാറുകൾ പൂട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടു. കടുത്ത നിലപാടിൽനിന്ന് സുധീരൻ പിന്നോട്ടു പോയതുമില്ല. പൂട്ടിയ ബാറുകളിൽ നിലവാരമുള്ളവ തുറക്കാമെന്ന നിലപാട് ആദ്യമെടുത്ത കെ.എം. മാണി പിന്നീട് നിലപാട് തിരുത്തുകയും ചെയ്തു. ബാറുകൾ തുറക്കേണ്ടെന്ന അഭിപ്രായത്തിലേക്ക് വന്നു.

യു. ഡി.എഫിലെ മറ്റ് കക്ഷികളും ബാറുകൾ തുറക്കേണ്ടെന്ന നിലപാട് എടുത്തതോടെ, ബാറുകൾ തുറക്കുന്നതിന്റെ പാപഭാരം താൻ മാത്രം ചുമക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പൂട്ടിയ 418 ബാറുകൾക്കൊപ്പം പ്രവർത്തിച്ചിരുന്ന 312 ബാറുകൾ കൂടി പൂട്ടാൻ തീരുമാനിച്ചു. ഇതോടെ ബാർ ഉടമകൾ കൂട്ടമായി സർക്കാരുമായി തെറ്റി. തുടർന്നാണ് പ്രശ്‌നം കോടതിയിലെത്തിയത്.

വാദങ്ങളും എതിർവാദങ്ങളുമുയർന്നു. തൊഴിൽ പ്രശ്‌നം, ടൂറിസം മുതലായ വിഷയങ്ങളിൽ ഇരുപക്ഷവും വിവിധ വാദമുഖങ്ങൾ ഉയർത്തി. ഏറ്റവുമൊടുവിലിതാ സർക്കാരിന്റെ മദ്യനയങ്ങൾക്ക് അംഗീകാരം നൽകി കോടതി വിധിയും പുറപ്പെടുവിച്ചു. ഇതോടെ വിവിധ വിവാദങ്ങളിൽ പുകയുകയായിരുന്ന സർക്കാരിന് അൽപ്പം ആശ്വാസം ലഭിച്ചിരിക്കുകയാണ്. പൂട്ടുന്ന ബാറുകൾക്ക് ബിയർ വൈൻ പാർലർ ലൈസൻസുകൾ നൽകുമെന്ന മന്ത്രി കെ ബാബുവിന്റെ പ്രസ്താവന, വിധി വന്ന ദിവസം തന്നെ പുറത്തുവന്നത് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇതിനകം തിരികൊളുത്തിക്കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP