Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ധനവകുപ്പ് നിർദ്ദേശം നടപ്പാക്കിയാൽ 5000ഓളം അദ്ധ്യാപകർ അധികമാകും; ആഴ്ചയിൽ 32 പീരിയഡ് കണക്കാക്കി തസ്തിക സൃഷ്ടിക്കുമെന്ന തോമസ് ഐസക്കിന്റെ നിലപാടിൽ ഹയർ സെക്കന്ററി അദ്ധ്യാപകർ പ്രതിഷേധത്തിന്

ധനവകുപ്പ് നിർദ്ദേശം നടപ്പാക്കിയാൽ 5000ഓളം അദ്ധ്യാപകർ അധികമാകും; ആഴ്ചയിൽ 32 പീരിയഡ് കണക്കാക്കി തസ്തിക സൃഷ്ടിക്കുമെന്ന തോമസ് ഐസക്കിന്റെ നിലപാടിൽ ഹയർ സെക്കന്ററി അദ്ധ്യാപകർ പ്രതിഷേധത്തിന്

തിരുവനന്തപുരം: ആഴ്ചയിൽ 32 പീരിയഡ് കണക്കാക്കി അദ്ധ്യാപക തസ്തിക സൃഷ്ടിക്കുമെന്ന ധനവകുപ്പ് നിർദ്ദേശം നടപ്പാക്കിയാൽ ഹയർസെക്കൻഡറിയിൽ അദ്ധ്യാപകരുടെ എണ്ണം ഗണ്യമായി കുറയും. ഇതിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഹയർസെക്കൻഡറിയിലെ അദ്ധ്യാപക സംഘടനകൾ.

നിലവിൽ 25 പീരിയഡിനാണ് ഒരു സീനിയർ അദ്ധ്യാപകൻ. മൂന്ന് പീരിയഡ് കൂടിയുണ്ടെങ്കിൽ ഒരു ജൂനിയർ അദ്ധ്യാപക തസ്തികകൂടി അനുവദിക്കും. തസ്തിക നിർണയത്തിന് പൊതുമാനദണ്ഡം ബാധകമാകുന്നതിനാൽ നിലവിലുള്ള അദ്ധ്യാപകരെപ്പോലും ഇത് സാരമായി ബാധിക്കും. പീരിയഡ് കുറവുള്ള സ്‌കൂളുകളിലെ അദ്ധ്യാപകർ ഭാവിയിൽ സംരക്ഷിത പട്ടികയിലേക്ക് മാറ്റപ്പെടാം. നിലവിൽ 18,000 സീനിയർ, 7500 ജൂനിയർ അദ്ധ്യാപകരാണ് ഹയർസെക്കൻഡറിയിലുള്ളത്. ഇവരിൽ 5000-ത്തോളം പേർ പുതിയ മാനദണ്ഡം ബാധകമാക്കിയാൽ അധികമാകും.

പുതിയ നിർദേശമനുസരിച്ച് 32 പീരിയഡിനാണ് ഒരു തസ്തിക. രണ്ടാം തസ്തികയ്ക്ക് 39 പീരിയഡ് വേണം. ഇത് നടപ്പായാൽ പുതുതായി അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളിലും ബാച്ചിലും സീനിയർ അദ്ധ്യാപക തസ്തികയേയുണ്ടാകില്ല. ഉള്ളതെല്ലാം ജൂനിയർ അദ്ധ്യാപക തസ്തികയാകും. 2014-ൽ 249 ഹയർസെക്കൻഡറി സ്‌കൂളുകളാണ് അനുവദിച്ചത്. 190 അധിക ബാച്ചുകളും ഇതിനുപുറമെ വന്നു. 2014, 2015 വർഷങ്ങളിലായി ഇതിലൂടെ എയ്ഡഡ് സ്‌കൂളുകളിൽ 1739 ജൂനിയർ, 89 സീനിയർ, സർക്കാർ സ്‌കൂളുകളിൽ 564 ജൂനിയർ, 46 സീനിയർ അദ്ധ്യാപക തസ്തികകൾ വേണ്ടിവരുമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് കണക്കാക്കിയത്.

കൂടാതെ, 217 പേർ തസ്തികമാറ്റംവഴിയും വരും. എല്ലാംകൂടി 2725 തസ്തികയാണ് അംഗീകാരത്തിനായി വിദ്യാഭ്യാസവകുപ്പ് സമർപ്പിച്ചത്. ഇത് നിലവിലുള്ള 25 പീരിയഡ് എന്ന മാനദണ്ഡം അടിസ്ഥാനമാക്കി കണക്കാക്കിയതാണ്. എന്നാൽ, 32 പീരിയഡ് അടിസ്ഥാനമാക്കി ശുപാർശ പുതുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് ഫയൽ മടക്കി. സ്റ്റാഫ് ഫിക്സേഷൻ നടത്തുമ്പോൾ നിശ്ചിത വർഷത്തിനുശേഷവും മുമ്പും ഉള്ളവർക്ക് രണ്ട് മാനദണ്ഡം പ്രായോഗികമാകില്ല. ഭാവിയിൽ എല്ലാവർക്കും 32 പീരിയഡ് മാനദണ്ഡം ബാധകമാകും.

ഉള്ളവരെ പിരിച്ചുവിടില്ലെങ്കിലും അവർ വിരമിക്കുമ്പോൾ ഒഴിവുകളുടെ എണ്ണം വലിയതോതിൽ കുറയും. ഹയർസെക്കൻഡറി അദ്ധ്യാപകരുടെ പീരിയഡിന്റെ എണ്ണം കൂട്ടണമെന്ന നിർദ്ദേശം ധനവകുപ്പ് ഏറെക്കാലമായി മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികനിലകൂടി കണക്കിലെടുത്താണ് ധനവകുപ്പിന്റെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP